ഹഥ്‌റാസ് കേസിലെ പ്രതി പെൺകുട്ടിയുടെ കുടുംബത്തിന് നേരെ ആരോപണങ്ങളുമായി രംഗത്ത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി സംഭവത്തിൽ കുറ്റങ്ങൾ നിഷേധിച്ച മുഖ്യപ്രതി സന്ദീപ് ഠാക്കൂർ, കേസിൽ താനടക്കമുള്ള നാല് പേരും നിരപരാധികളാണെന്നും കുടുംബാംഗങ്ങൾ തന്നെയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നും വാദിച്ചു. ഇക്കാര്യങ്ങൾ വിശദമാക്കി മറ്റ് മൂന്ന് പ്രതികൾ കൂടി ഒപ്പുവെച്ച കത്ത് ഇയാൾ ഹഥ്‌റാസ് പോലീസിന് കൈമാറി. മാതാവും സഹോദരനും പെൺകുട്ടിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നെന്ന് സന്ദീപ് ഠാക്കൂർ പറയുന്നത്.

താനും പെൺകുട്ടിയും സുഹൃത്തുക്കളായിരുന്നു. പരസ്പരം കാണുന്നതിന് പുറമേ ഫോണിലൂടെയും സംസാരിക്കാറുണ്ടായിരുന്നു. എന്നാൽ താനുമായുള്ള സൗഹൃദം പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഇഷ്ടപ്പെട്ടിരുന്നില്ല. സംഭവദിവസം അവളെ കാണാനായി വയലിലേക്ക് പോയിരുന്നു. അവളുടെ മാതാവും സഹോദരനും അവിടെയുണ്ടായിരുന്നു. പെൺകുട്ടിയെ കണ്ട ശേഷം താൻ വീട്ടിലേക്ക് മടങ്ങി. പിന്നീടാണ് മാതാവും സഹോദരനും ചേർന്ന് അവളെ ക്രൂരമായി മർദിച്ചെന്ന വിവരമറിഞ്ഞത്. താൻ ഒരിക്കലും അവളെ മർദിച്ചിട്ടില്ല. തെറ്റായി ഒന്നും ചെയ്തിട്ടുമില്ല. അവളുടെ മാതാവും സഹോദരങ്ങളും താനടക്കമുള്ള നാല് പേരെയും കേസിൽ കുടുക്കിയതാണ്. തങ്ങളെല്ലാം നിരപരാധികളാണെന്നും കേസിൽ ശരിയായ അന്വേഷണം നടത്തി നീതി ലഭ്യമാക്കണമെന്നുമൊക്കെയാണ് സന്ദീപിന്റെ കത്തിൽ പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അലിഗഢിലെ ജയിലിൽ കഴിയുന്ന സന്ദീപ് ഠാക്കൂർ ഹഥ്‌റാസ് പോലീസിന് ഇങ്ങനെയൊരു കത്തയച്ചതായി ജയിൽ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കത്ത് അയച്ചതെന്നും കത്ത് ഹാഥ്‌റസ് പോലീസ് സൂപ്രണ്ടിന് കൈമാറിയെന്നും ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു.

എന്നാൽ, സന്ദീപ് ഠാക്കൂറിന്റെ ആരോപണങ്ങളെല്ലാം തെറ്റാണെന്നായിരുന്നു പെൺകുട്ടിയുടെ പിതാവിന്റെ പ്രതികരണം. ‘എനിക്ക് എന്റെ മകളെ നഷ്ടപ്പെട്ടു. ഇപ്പോൾ ഞങ്ങളെ അപകീർത്തിപ്പെടുത്താനാണ് അവരുടെ ശ്രമം. പക്ഷേ, ഞങ്ങൾക്ക് ഭയമില്ല. അവരുടെ ആരോപണങ്ങളെല്ലാം തീർത്തും തെറ്റാണ്. നഷ്ടപരിഹാരമോ പണമോ അല്ല, നീതിയാണ് ഞങ്ങൾക്ക് ആവശ്യം’-പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.