പ്രവാസജീവിതത്തിന്റെ ആദ്യകാലങ്ങളിൽ പരിമിതമായ സൗകര്യങ്ങളിലും പരസ്പരം താങ്ങും തണലുമായിരുന്ന ഹേവർഹിലിലെ മലയാളി സമൂഹം, ഇന്ന് ഒരു പുതിയ ചരിത്രത്തിന്റെ തിരക്കഥയെഴുതി. 2003-ൽ ഇരുപതോളം കുടുംബങ്ങളാൽ തുടങ്ങിയ യാത്ര, 2025-ൽ 200-ത്തിലധികം കുടുംബങ്ങളായി വളർന്ന് ഹേവർഹിൽ മലയാളി അസോസിയേഷൻ (HMA) എന്ന ഔദ്യോഗിക സംഘടന രൂപം കൊണ്ടു. ആഗസ്റ്റ് 29-ന് ഹാവെർഹിൽ സ്റ്റീപ്പിൾ ബംപ്സ്റ്റഡ് ഹാളിൽ വച്ച് നടന്ന ഓണാഘോഷ ചടങ്ങിൽ അസോസിയേഷന്റെ ഔപചാരിക ഉദ്ഘാടനം നടന്നു.

മലയാളികളുടെ പ്രിയപ്പെട്ട ഉത്സവമായ ഓണം 2025-നും ഒരുമിച്ച് അരങ്ങേറിയപ്പോൾ സന്തോഷം ഇരട്ടിയായി. അത്തപ്പൂക്കളം, ഓണസദ്യ, തിരുവാതിര, വടംവലി, വിവിധ കലാപ്രകടനങ്ങൾ തുടങ്ങി വർണശബളമായ പരിപാടികൾ മലയാളി ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും ശക്തി വിളിച്ചറിയിച്ചു. പ്രസിഡന്റ് ശ്രീ. സൈജു ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ. വിഷ്ണു മോഹൻ സ്വാഗതം പറഞ്ഞു. ട്രഷറർ ശ്രീ. സിജോ ജോർജ്ജ്, വൈസ് പ്രസിഡന്റ് ശ്രീ. പ്രവീൺ ജോസ്, ജോയിന്റ് സെക്രട്ടറി ശ്രീ. തോമസുകുട്ടി ചാക്കോ, ജോയിന്റ് ട്രഷറർ ശ്രീ. ബിനു നാരായണൻ, പബ്ലിക് റിലേഷൻസ് ഓഫീസർ ശ്രീമതി ജിലി ജിജോ. എന്നിവർക്കൊപ്പം, എക്സിക്യൂട്ടീവ് മെംബർമാരായ അനീഷ് ചാക്കോ, ദിൽന പ്രവീൺ, സൈനത്തു ദിവാകരൻ, വീണാ അനീഷ്, സജിത്ത് തോട്ടിയാൻ, നോബി ജേക്കബ്, നിവ്യ വിഷ്ണു, അനീവ് ആൻ്റണി, രജനി ബിനു, ബൈജു വല്ലൂരാൻ, ദിവ്യാ നോബി, സിജോ വർഗീസ്, ജിജോ കോട്ടക്കൽ, റിജു സാമുവേൽ, ബിജു ബേബി, ആണ്ടോ ജോസ്, ടോണി ടോം, സാൻ തോമസ് എന്നിവർ ചടങ്ങുകൾക്ക് സജീവ നേതൃത്വം നൽകി.

ചടങ്ങിന്റെ മുഖ്യാതിഥിയായി ഹേവർഹിൽ മേയർ ക്വിൻ കോക്സ് പങ്കെടുത്തു. മലയാളി സമൂഹത്തോടുള്ള മേയറുടെ തുടർച്ചയായ പിന്തുണ ചടങ്ങിൽ പ്രത്യേകം അടിവരയിട്ടു. യുകെയിലെ മലയാളികളുടെ ദേശീയ സംഘടനയായ യുക്മയെ പ്രതിനിധീകരിച്ച് എത്തിയ യുക്മ നാഷണൽ കമ്മിറ്റി അംഗം ശ്രീ. ജെയ്‌സൺ ചാക്കോച്ചൻ മുഖ്യപ്രഭാഷണം നടത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുക്മയിലൂടെ ലഭ്യമാകുന്ന സൗകര്യങ്ങൾ, കേരളീയരുടെ ഐക്യവും സാഹോദര്യവും, മലയാളികളുടെ സംഘടനാപരമായ വളർച്ച എന്നിവയെ അദ്ദേഹം വിശദീകരിച്ചു. യുക്മയുടെ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ പ്രസിഡന്റായി പലതവണ സേവനമനുഷ്ഠിക്കുകയും, ഇപ്പോൾ യുക്മയുടെ നാഷണൽ കമ്മിറ്റി മെമ്പറാവുകയും ചെയ്ത അദ്ദേഹത്തിന്റെ വാക്കുകൾ സദസ്സിന് പ്രചോദനമായി.

“ഹേവർഹിൽ മലയാളി അസോസിയേഷൻ മലയാളികൾക്ക് ഒത്തുചേരാനും, ഐക്യത്തോടെ പ്രവർത്തിക്കാനും, നമ്മുടെ സംസ്കാരം പുതിയ തലമുറയിലേക്ക് കൈമാറാനും ഒരു കേന്ദ്രമാകും” – സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു. ആഘോഷ പരിപാടികളിൽ പങ്കെടുത്തു വിജയിപ്പിച്ച എല്ലാ ഹാവെർഹിൽ മലയാളികൾക്കും സാമ്പത്തീക സഹായം നൽകി പ്രോത്സാഹിപ്പിച്ച സ്പോൺസേഴ്‌സിനും അസോസിയേഷന്റെ പേരിൽ എക്സിക്യൂട്ടീവ് മെമ്പർ ശ്രീമതി വീണാ അനീഷ് നന്ദി അറിയിച്ചു. അവസാനമായി, ഓണത്തിന്റെ സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശം ജീവിതത്തിൽ നടപ്പാക്കണമെന്ന് ആഹ്വാനം ചെയ്ത് എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേർന്നു.