1993ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസിൽ നടൻ സഞ്ജയ് ദത്ത് നേരത്തെ ജയിൽമോചിതനായതിൽ നിയമലംഘനമില്ലെന്ന് ബോംബെ ഹൈക്കോടതി. ജയിലില്‍ ഉൾപ്പെടെ സഞ്ജ് ദത്തിന് പ്രത്യേക പരിഗണന ലഭിച്ചെന്ന് ആരോപിച്ചുള്ള പൊതുതാൽപര്യ ഹർജി കോടതിതള്ളി. കേസിൽ ശിക്ഷാകാലാവധി തീരുന്നതിന് എട്ടുമാസംമുൻപാണ് സഞ്ജയ് ദത്ത് ജയിൽമോചിതനായത്.
1993 സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് എകെ 56 റൈഫിൾ അനധികൃതമായി സൂക്ഷിച്ചകേസിൽ ഒരുവർഷവും നാലുമാസവും വിചാരണത്തടവ് അനുഭവിച്ചശേഷമാണ് ദത്ത് ശിക്ഷിക്കപ്പെട്ടത്. 2013 ജൂൺ മുതൽ 2016 ഫെബ്രുവരി 25വരെയാണ് പുണെയിലെ യേർവാഡ ജയിലിൽ ദത്ത് കഴിഞ്ഞത്. ശിക്ഷാ കാലയളവിൽ അഞ്ചുമാസം പരോളും ലഭിച്ചു. നല്ലനടപ്പിന്റെ പേരിൽ 2016 ഫെബ്രുവരിയിൽ ജയിൽമോചിതനാകുമ്പോൾ ദത്തിന് ലഭിച്ചത് എട്ടുമാസത്തേയും 16 ദിവസത്തേയും ഇളവ്.
നല്ലനടപ്പിന്റെ ഇളവ് അർഹിക്കുന്ന നിരവധിതടവുകാർ ഉണ്ടെന്നിരിക്കെ ദത്തിനുമാത്രമാണ് മുൻഗണന നൽകിയതെന്നാരോപിച്ചാണ് ബോംബെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജിഎത്തിയത്. എന്നാൽ, ഹർജി തള്ളിയ കോടതി, ദത്ത് ജയിൽവിമോചിതനായതിൽ നിയമലംഘനമൊന്നും കണ്ടെത്താനായില്ലെന്ന് വ്യക്തമാക്കി. ആഭ്യന്തരമന്ത്രാലയം സമർപ്പിച്ചരേഖകളിലും സംസ്ഥാനസർക്കാരിന്റെ വിശദീകരണത്തിലും വൈരുദ്ധ്യങ്ങളില്ല. അതേസമയം, തടവുകാർക്ക് പരോളും ഇളവും അനുവദിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കാൻ ഒരു പൊതുസംവിധാനം ഏർപ്പെടുത്തണമെന്നും, അവ സുതാര്യമാക്കണമെന്നും കോടതി മഹാരാഷ്ട്ര സർക്കാരിന് നിർദേശം നൽകി.
Leave a Reply