നോ ഹോംവര്‍ക്ക് പോളിസി നടപ്പാക്കാനൊരുങ്ങിയ സ്‌കൂളിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഹെഡ്ടീച്ചറിനെ സസ്‌പെന്‍ഡ് ചെയ്തു. ഫിലിപ്പ് മൊറാന്റ് സ്‌കൂള്‍ ആന്‍ഡ് കോളേജ് ആണ് ഹോംവര്‍ക്ക് വേണ്ടെന്ന നിലപാടെടുത്ത് വിവാദത്തിലായത്. അന്വേഷണത്തിന്റെ ഭാഗമായാണ് ഹെഡ്ടീച്ചറായ കാതറീന്‍ ഹട്‌ലിയെ സസ്‌പെന്‍ഡ് ചെയ്തത്. ഫിലിപ്പ് മൊറാന്റ് സ്‌കൂള്‍, ക്ലോണ്‍ കമ്യൂണിറ്റി സ്‌കൂള്‍ ആന്‍ഡ് കോളേജ് എന്നിവയുടെ നടത്തിപ്പ് ചുമതലയുള്ള ത്രൈവ് പാര്‍ട്ണര്‍ഷിപ്പ് അക്കാഡമി ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ നര്‍ദീപ് ശര്‍മയെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ട്രസ്റ്റിന്റെയും അതിന് കീഴിലുള്ള സ്‌കൂളുകളുടെയും പുതിയ ഗവേണന്‍സ് പരിഷ്‌കാരങ്ങളെക്കുറിച്ച് അടിയന്തര വിലയിരുത്തല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കോള്‍ചെസ്റ്റര്‍ എംപി വില്‍ ക്വിന്‍സും ഹാര്‍വിച്ച് ആന്റ് നോര്‍ത്ത് എസെക്‌സ് എംപി ബെര്‍നാര്‍ഡ് ജെന്‍കിനും വിദ്യാഭ്യാസ സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. ഫിലിപ്പ് മൊറാന്റ് സ്‌കൂളില്‍ പഠിക്കുന്ന ഞങ്ങളുടെ കുട്ടികളെ അധികൃതര്‍ ഭീഷണിപ്പെടുത്തുന്നതായും സ്‌കൂള്‍ നടപ്പിലാക്കിയ നോ ഹോംവര്‍ക്ക് പോളിസിയെപ്പറ്റിയും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മാതാപിതാക്കളില്‍ നിന്ന് കഴിഞ്ഞ മാസങ്ങളില്‍ നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നതെന്ന് എംപിമാര്‍ കത്തില്‍ പറയുന്നു. പരാതികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്‌കൂളിന്റെയും ട്രസ്റ്റിന്റെയും ശ്രദ്ധയില്‍ പെടുത്തിയെങ്കിലും മറുപടി പറയുന്നതില്‍ നിന്നും ഒഴിഞ്ഞു മാറുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്. പരാതികളോട് മുഖം തിരിച്ചു നില്‍ക്കുകയാണ് സ്‌കൂള്‍ അധികൃതര്‍ ചെയ്യുന്നതെന്നും കത്തില്‍ പറയുന്നു.
സ്‌കൂള്‍ അധികാരികളിലുള്ള മാതാപിതാക്കളുടെ വിശ്വാസം നഷ്ടടപ്പെട്ടു കഴിഞ്ഞുവെന്നും പരാതികളുമായി ചിലര്‍ പ്രാദേശിക വിദ്യാഭ്യാസ അതോറിറ്റികളെയും റീജിയണല്‍ സ്‌കൂള്‍ കമ്മീഷണറെയും സമീപിച്ചിരുന്നു. പരീക്ഷാ കാലഘട്ടം അടുത്തുകൊണ്ടിരിക്കുന്ന സമയമാണിത്. അതുകൊണ്ടു തന്നെ വിദ്യാര്‍ത്ഥികളെ സഹായിക്കാനും കാര്യങ്ങളെ കൃത്യമായി നിയന്ത്രിക്കാനും കഴിവുള്ള നേതൃത്വമാണ് സ്‌കൂളിന് ഉള്ളതെന്ന് ഉറപ്പു വരുത്തണമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എജ്യൂക്കേഷനോട് എംപിമാര്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് ഹോം വര്‍ക്കുകള്‍ നല്‍കുന്നത് നിര്‍ത്തലാക്കിയ നടപടി ഫിലിപ്പ് മൊറാന്റ് സ്‌കൂള്‍ അധികൃതര്‍ നടപ്പിലാക്കുന്നത് 2016 സെപ്റ്റബറിലാണ്. ഈ തീരുമാനം വിവാദമാകുമെന്ന് അറിയാമായിരുന്നുവെന്നും പദ്ധതി വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമാകുമെന്നതിനാലാണ് നടപ്പാക്കിയതെന്നും കാതറിന്‍ ഹട്‌ലി പ്രതികരിച്ചു. ഈ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കം മുതല്‍തന്നെ രക്ഷിതാക്കള്‍ സ്‌കൂളിന്റെ പോളിസിക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
[…] March 29 05:15 2018 by News Desk 5 Print This Article […]