സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസിൽ നിന്നും എൻ എച്ച് എസ് പൂർണമായി കരകയറാൻ നാല് വർഷത്തോളം സമയമെടുക്കുമെന്ന് മേധാവികൾ. എൻഎച്ച്‌എസ് വീണ്ടും തുറന്നുകഴിഞ്ഞാൽ മുമ്പ് നൽകിയ പരിചരണത്തിന്റെ 40% മാത്രമേ ചില ആശുപത്രികൾക്ക് നൽകാൻ കഴിയൂ എന്ന് ഒരു ഉദ്യോഗസ്ഥൻ ദി ഒബ്സെർവറിനോട് പറഞ്ഞു. അണുവിമുക്തമായ കിടക്കകളും മറ്റു സജ്ജീകരണങ്ങളും ഒരുക്കിയെടുക്കുന്നതിന് കാലതാമസം നേരിടുന്നതിനാൽ രോഗികൾ ഓപ്പറേഷനുകൾക്കും പരിശോധനകൾക്കുമായി ദീർഘനേരം കാത്തിരിക്കേണ്ടിവരുമെന്നും പത്രം പറഞ്ഞു. കൂടുതൽ സംരക്ഷണ വസ്‌ത്രങ്ങൾ ധരിക്കേണ്ടതിന്റെ ആവശ്യകത ഏറിവരുന്നതിനാൽ ശസ്ത്രക്രിയ നടപടിക്രമങ്ങളിലും മാറ്റം വന്നേക്കാമെന്ന് ഡോക്ടർമാർ അറിയിച്ചു.
ക്യാൻസർ, അമിതവണ്ണം തുടങ്ങിയവയ്ക്കുള്ള ചികിത്സ പുനരാരംഭിക്കുവാൻ ആശുപത്രികൾ സമ്മർദ്ദം നേരിടുന്നതിനാലാണ് ഈ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചത്. ആശുപത്രികളിലെ കാത്തിരിപ്പ് സമയം കോവിഡിന് മുമ്പത്തെ നിലയിലേക്കെത്താൻ കുറഞ്ഞത് നാല് വർഷങ്ങൾ എടുക്കുമെന്ന് വാർവിക് ഹോസ്പിറ്റൽ ചീഫ് എക്‌സിക്യൂട്ടീവ് ഗ്ലെൻ ബർലി പറഞ്ഞു. സാധാരണ സേവനങ്ങൾ പുനഃസ്ഥാപിക്കുക എന്നതാണ് എൻഎച്ച്‌എസ് ഇനി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് നോർത്തേംബ്രിയ ഹെൽത്ത് കെയർ ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് സർ ജിം മാക്കി വെളിപ്പെടുത്തി.
സാമൂഹിക അകലവും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ ഉപയോഗവും ഏറിവരുന്നതിനാൽ പല സേവനങ്ങളിലും മുൻകാലങ്ങളിൽ സാധ്യമായത്ര പരിചരണം നൽകുന്നത് സാധ്യമല്ലെന്ന് ആരോഗ്യ സേവന ട്രസ്റ്റുകളെ പ്രതിനിധീകരിക്കുന്ന എൻഎച്ച്എസ് കോൺഫെഡറേഷന്റെ ചീഫ് എക്സിക്യൂട്ടീവ് നിയാൾ ഡിക്സൺ പറഞ്ഞു. ചില സേവനങ്ങൾ 40% ത്തിലധികം ഉൽപാദനക്ഷമത കൈവരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണ നിലയിലേയ്ക്ക് മടങ്ങാൻ എൻഎച്ച്എസ് നേരിടുന്ന വലിയ വെല്ലുവിളി പൊതുജനങ്ങൾക്ക് മനസിലാവില്ലെന്നും രാഷ്ട്രീയക്കാരെ താൻ ഭയപ്പെടുന്നെന്നും ഡിക്‌സൺ അറിയിച്ചു.
Leave a Reply