ലണ്ടന്‍: ശരീര സൗന്ദര്യത്തിനും ആകര്‍ഷകണീയത വര്‍ദ്ധിപ്പിക്കാനും സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്ന പ്രവണത കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിക്കുന്നു. അനബോളിക് സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ ചില്‍ഡ്രന്‍സ് കമ്മീഷണര്‍മാരാണ് വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയയുടെ സ്വാധീനമാണ് കുട്ടികളെ ഇത്തരം ദോഷകരമായ മരുന്നുകള്‍ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുന്നതെന്നാണ് ഇവര്‍ വിശദീകരിക്കുന്നത്. ഇമേജ് ആന്‍ഡ് പെര്‍ഫോമന്‍സ് എന്‍ഹാന്‍സിംഗ് ഡ്രഗ്‌സ് (IPED) മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ പറയുന്നത് 13 വയസ് വരെ പ്രായമുള്ള ആണ്‍കുട്ടികള്‍ സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ്.
സോഷ്യല്‍ മീഡിയയാണ് ശരീര സൗന്ദര്യത്തെക്കുറിച്ച് കുട്ടികളില്‍ അമിതമായ ചിന്തയുണര്‍ത്തുന്നത്. മറ്റുള്ളവര്‍ക്കൊപ്പവും സൂപ്പര്‍സ്റ്റാറുകളുടെ ശരീര സൗന്ദര്യത്തില്‍ ആകൃഷ്ടരായും സ്വന്തം ശരീരത്തിന് ആകര്‍ഷണീയത നേടാന്‍ ഇതോടെ കുറുക്കുവഴികള്‍ തേടാനുള്ള പ്രവണത വര്‍ദ്ധിക്കുകയും ചെയ്യും. മസിലുകള്‍ തെളിഞ്ഞ് ശരീര സൗന്ദര്യം നേടാന്‍ ഏറ്റവും എളുപ്പം സ്റ്റിറോയ്ഡുകളായതിനാല്‍ ആണ്‍കുട്ടികള്‍ ഇതിനു പിന്നാലെ പായുകയാണെന്ന് ചില്‍ഡ്രന്‍സ് കമ്മീഷണര്‍മാര്‍ വ്യക്തമാക്കുന്നു. ഇത് അവരുടെ ആരോഗ്യത്തെയാണ് ഇല്ലാതാക്കുന്നത്. സെലിബ്രിറ്റികളെപ്പോലെയാകാനുള്ള നെട്ടോട്ടത്തില്‍ സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്നതിനെ ആശങ്കയോടെയാണ് കാണുന്നതെന്ന് ഇംഗ്ലണ്ടിലെ ചില്‍ഡ്രന്‍സ് കമ്മീഷണര്‍ ആന്‍ ലോംഗ്ഫീല്‍ഡ് പറഞ്ഞു.
പിഎസ്എച്ച്ഇ (പേഴ്‌സണല്‍, സോഷ്യല്‍, ഹെല്‍ത്ത്, ഇക്കണോമിക്) ക്ലാസുകള്‍ കുട്ടികള്‍ക്ക് നല്‍കുന്നതാണ് ഇതിനുള്ള പ്രതിവിധി. സെലിബ്രിറ്റികളേപ്പോലെ ആകുന്നത് എന്തിനാണെന്നും തങ്ങളുടെ ചിത്രങ്ങളേക്കുറിച്ച് സുഹൃത്തുക്കള്‍ എന്ത് ചിന്തിക്കുമെന്നത് സംബന്ധിച്ചുള്ള തെറ്റിദ്ധാരണകളേക്കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ ഈ ക്ലാസുകള്‍ സഹായിക്കും. ആകര്‍ഷകമായ ലുക്ക് കിട്ടാന്‍ ആരോഗ്യം പണയപ്പെടുത്തുന്നത് എന്തിനാണെന്ന് കുട്ടികളെ ബോധവല്‍ക്കരിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
യുകെയില്‍ പത്ത് ലക്ഷത്തിലേറെ ആളുകള്‍ സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. കായികരംഗത്ത് ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഉപയോഗം ശരീരസൗന്ദര്യ രംഗത്താണെന്നും ചില സര്‍വേകള്‍ വ്യക്തമാക്കുന്നു. ശരീരവളര്‍ച്ചയുടെ ഘട്ടമായ കൗമാരപ്രായത്തില്‍ സ്റ്റിറോയ്ഡുകള്‍ അമിതമായി ഉപയോഗിക്കുന്നത് 10 മുതല്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
Leave a Reply