ഗര്‍ഭസ്ഥരായ രണ്ട് ശിശുക്കളുടെ നട്ടെല്ലിന് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ബ്രിട്ടീഷ് സര്‍ജന്‍മാര്‍. ലണ്ടന്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ 30 അംഗ സംഘമാണ് സ്‌പൈന ബിഫിഡ ഓപ്പറേഷന്‍ വിജയകരമായി നടത്തിയത്. ഗര്‍ഭസ്ഥ ശിശുക്കളില്‍ ഈ ശസ്ത്രക്രിയ ബ്രിട്ടനില്‍ ആദ്യമായാണ് നടത്തപ്പെടുന്നത്. ശിശുക്കളുടെ നട്ടെല്ലിനുണ്ടാകുന്ന തകരാറുകള്‍ സാധാരണ ഗതിയില്‍ ജനനത്തിനു ശേഷമാണ് പരിഹരിക്കാറുള്ളത്. സ്‌പൈന ബിഫിഡ എന്ന് അറിയപ്പെടുന്ന ഈ വൈകല്യത്തിന് ഗര്‍ഭാവസ്ഥയില്‍ തന്നെ ചികിത്സ നടത്തുന്നത് ഏറെ ഫലപ്രദമാണെന്ന് പഠനങ്ങളില്‍ വ്യക്തമായിരുന്നു. ഇതനുസരിച്ചാണ് രണ്ട് ഗര്‍ഭസ്ഥ ശിശുക്കളില്‍ ശസ്ത്രക്രിയക്ക് ബ്രിട്ടീഷ് ഡോക്ടര്‍മാര്‍ തയ്യാറായത്.

ഓരോ വര്‍ഷവും സ്‌പൈന ബിഫിഡയുമായി 200 കുട്ടികള്‍ യുകെയില്‍ ജനിക്കുന്നുണ്ടെന്ന് ഷൈന്‍ എന്ന ചാരിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. നട്ടെല്ലിലെ അസ്ഥികള്‍ ശരിയായി രൂപം പ്രാപിക്കാതെ വരുന്ന അവസ്ഥയാണ് ഇത്. ഇതു മൂലം നട്ടെല്ലിന്റെ കശേരുക്കള്‍ക്കിടയില്‍ വിടവുകള്‍ വരികയും ഇതിലൂടെ സ്‌പൈനല്‍ ഫ്‌ളൂയിഡ് നഷ്ടമാകുകയും ചെയ്യും. മസ്തിഷ്‌ക വളര്‍ച്ചയ്ത്ത് പ്രതിസന്ധിയുണ്ടാക്കുന്ന അവസ്ഥാവിശേഷമാണ് ഇതിലൂടെ ഉണ്ടാകുന്നത്. ഈ പ്രശ്‌നവുമായി ജനിക്കുന്ന കുട്ടികള്‍ക്ക് വൈകല്യങ്ങളും ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകും. കുട്ടിക്കാലത്തു തന്നെ ഇവ പരിഹരിക്കുന്നതിനായി ഒട്ടേറെ ശസ്ത്രക്രിയകള്‍ക്ക് വിധേയരാകേണ്ടി വരികയും ചെയ്‌തേക്കാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗര്‍ഭാവസ്ഥയില്‍ ശിശുക്കള്‍ക്ക് ഇതിനായുള്ള ശസ്ത്രക്രിയകള്‍ നടത്തിയാല്‍ സ്‌പൈനല്‍ ഫ്‌ളൂയിഡ് നഷ്ടമാകുന്നത് തടയാന്‍ കഴിയും. കുട്ടിയുടെ വളര്‍ച്ചയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ ഇതിലൂടെ ഇല്ലാതാക്കാം. ഗര്‍ഭസ്ഥ ശിശുക്കളില്‍ ഈ ശസ്ത്രക്രിയ നടത്താനുള്ള സംവിധാനം യുകെയില്‍ ഇതിനു മുമ്പ് ഇല്ലായിരുന്നു. അമേരിക്ക, ബെല്‍ജിയം, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവിടങ്ങളിലേക്ക് ഈ ശസ്ത്രക്രിയക്കായി ബ്രിട്ടീഷുകാര്‍ പോകുകയായിരുന്നു പതിവ്. ഇപ്പോള്‍ യുകെയിലും ഇതിനായുള്ള സൗകര്യങ്ങള്‍ ലഭ്യമായതായി ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ പ്രൊഫ.ആന്‍ ഡേവിഡ് പറഞ്ഞു.