ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് വാക്സിൻ ക്ഷാമത്തിന് ഇന്ത്യയെ പഴിച്ച് ബ്രിട്ടൻ. ഇന്ത്യയിൽ നിന്ന് വാക്സിൻ സമയത്ത് ലഭിക്കാത്തതാണ് ബ്രിട്ടനിലെ പ്രതിരോധ കുത്തിവെയ്പ്പുകളുടെ താളം തെറ്റാൻ കാരണമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് സ്ഥിതീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിൻ നിർമ്മാതാക്കളായ സിറം ഇൻസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് ഓക്സ്ഫോർഡ് വാക്‌സിൻെറ ലഭ്യമാകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. കൊറോണവൈറസിൻെറ രണ്ടാം തരംഗത്തെ നേരിടുന്നതിനായി ഇന്ത്യയിലെ വാക്സിൻ വിതരണത്തിന് യുകെയിലേയ്ക്കുള്ള കയറ്റുമതി നരേന്ദ്ര മോദി ഗവൺമെൻറ് തടഞ്ഞതായി സിറം ഇൻസ്റ്റിട്യൂട്ട് സിഇഒ അദാർ പൂനവല്ല പറഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.
ഇന്ത്യയിൽ കോവിഡ് -19 വ്യാപനം കുതിച്ചുയരുന്നതാണ് വാക്സിൻ കയറ്റുമതി നിയന്ത്രിക്കാൻ ഗവൺമെന്റിനെ പ്രേരിപ്പിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. കോവിഡ് പടർന്നുപിടിക്കുന്ന ഇന്ത്യയിലെയും മറ്റു വികസ്വര രാജ്യങ്ങളിലെയും പ്രതിരോധ കുത്തിവെയ്പ്പിൻെറ വർദ്ധിച്ച ആവശ്യകതയെ കുറിച്ചും മറ്റുള്ള രാജ്യങ്ങളോട് ക്ഷമയോടെ ഇരിക്കാനും കഴിഞ്ഞമാസം അദാർ പൂനവല്ല ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇന്ത്യൻ ഗവൺമെൻറിൻറെ ഇടപെടൽ മൂലമാണ് യുകെയിലെ വാക്സിൻ വിതരണം തടയപ്പെട്ടത് എന്നത് ബ്രിട്ടനിൽ വൻ രാഷ്ട്രീയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. കർഷക സമരത്തിന് ബ്രിട്ടൻ നൽകിയ പിന്തുണയ്ക്കുള്ള പ്രതികാര നടപടിയാണ് ബ്രിട്ടനിലേയ്ക്കുള്ള വാക്സിൻ വിതരണം മോദി സർക്കാർ തടഞ്ഞത് എന്ന വിമർശനമാണ് പ്രധാനമായും ഉയർന്നുവന്നിരിക്കുന്നത്. ലോകത്തിൽ തന്നെ ഏറ്റവും ആദ്യം പൊതുജനങ്ങൾക്ക് വാക്സിൻ വിതരണം തുടങ്ങിയ രാജ്യമാണ് ബ്രിട്ടൻ. ഇതുവരെ 25 മില്യണിലധികം ജനങ്ങൾക്ക് രാജ്യത്ത് പ്രതിരോധ കുത്തിവെയ്പ്പ് ലഭിച്ചുകഴിഞ്ഞു. പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നതിൻെറ താളം തെറ്റുന്നത് രാജ്യത്ത് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന് തടസ്സം സൃഷ്ടിക്കുമോ എന്ന ആശങ്കയാണ് പൊതുവേ ഉയർന്നുവന്നിരിക്കുന്നത്.
Leave a Reply