ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- എൻഎച്ച്എസ് കോൺട്രാക്ട് തന്റെ സഹോദരിയുടെ കമ്പനിക്ക് നൽകിയതിലൂടെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് നിയമ ലംഘനം നടത്തിയതായി റിപ്പോർട്ട്. സഹോദരിയുടെ കമ്പനിയിൽ ആരോഗ്യ സെക്രട്ടറിയും ഷെയർ ഹോൾഡറാണ്. മന്ത്രിമാരുടെ സ്വതന്ത്ര ഉപദേശകനായ ലോർഡ് ഗെയ് ഡിറ്റ്‌ ആണ് ആരോഗ്യ സെക്രട്ടറി മിനിസ്റ്റീരിയൽ കോഡിന്റെ ലംഘനം നടത്തിയതായി കണ്ടെത്തിയത്. എന്നാൽ ഇത് ആരോഗ്യ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് മനഃപ്പൂർവമായി ഉണ്ടായതല്ലെന്നും, അദ്ദേഹത്തിന് കോൺട്രാക്റ്റിനെ പറ്റി വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ലെന്നും ഗെയ് ഡിറ്റ്‌ വ്യക്തമാക്കി.

ടോപ് വുഡ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് എൻ എച്ച് എസ്‌ കോൺട്രാക്ട് ലഭിച്ചത്. ഈ കമ്പനി ആരോഗ്യ സെക്രട്ടറിയുടെ സഹോദരിയും ഭർത്താവും ചേർന്ന് നടത്തുന്നതാണ്. ആരോഗ്യ സെക്രട്ടറിക്കും ഈ കമ്പനിയിൽ 20 ശതമാനത്തോളം ഷെയറുകൾ ഉണ്ട്. എന്നാൽ ഈ കാര്യം കോൺട്രാക്റ്റിന് മുൻപ് ആരോഗ്യ സെക്രട്ടറി വെളിപ്പെടുത്താതിരുന്നത് മനഃപ്പൂർവ്വമല്ല എന്നാണ് ഗെയ് ഡിറ്റ്‌ റിപ്പോർട്ടർ രേഖപ്പെടുത്തുന്നത്. അതിനാൽ തന്നെ ചെറിയതോതിലുള്ള നിയമ ലംഘനം മാത്രമാണ് നടന്നിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഈ ആരോപണം അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ ബാധിക്കരുതെന്നും റിപ്പോർട്ടിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യ സെക്രട്ടറിക്ക് നേരെ ഒരു തരത്തിലുള്ള നടപടിയും ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. എപ്പോഴും താൻ മിനിസ്റ്റീരിയൽ കോഡ് അനുസരിച്ച് പ്രവർത്തിക്കാനാണ് ശ്രമിച്ചിട്ടുള്ളത് എന്ന് പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. 2019 ഫെബ്രുവരിയിൽ കോൺട്രാക്ട് നൽകുന്ന സമയത്ത് കമ്പനിയുമായി തനിക്ക് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ആരോഗ്യ സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മനപ്പൂർവ്വമല്ല എന്ന നിഗമനത്തിലാണ് എല്ലാവരും.