ന്യൂസ് ഡെസ്ക് മലയാളം യുകെ

കടുത്ത പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ പിടിച്ചുനിൽക്കാനാവാതെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് രാജിവെച്ചു. സാമൂഹ്യ അകലം പാലിക്കുന്നത് കർശനമായി നിഷ്കർഷിച്ചിരുന്ന സമയത്ത് തൻെറ സഹപ്രവർത്തക ജീന കൊളാഞ്ചലോയെ മന്ത്രി ചുംബിക്കുന്നതിൻെറ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങൾ മാധ്യമങ്ങൾ പുറത്തു കൊണ്ടുവന്നിരുന്നു. ജീന കൊളാഞ്ചലോയുമായുള്ള ബന്ധം പുറത്തുവന്നതിനു പിന്നാലെ മാറ്റ് ഹാൻകോക്ക് തൻറെ ഭാര്യയുമായി വിവാഹ ബന്ധം വേർപിരിയുന്നതിനെക്കുറിച്ച് സംസാരിച്ചതായിട്ടുള്ള വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ ദിവസങ്ങളിലാണ് ബ്രിട്ടനെ ഞെട്ടിച്ച മാറ്റ് ഹാൻകോക്കിൻെറയും സെക്രട്ടറിയുടെയും ചുംബനദൃശ്യങ്ങൾ മാധ്യമങ്ങളിൽ വാർത്തയായത്. കൊളഡാഞ്ചലോയുമായുള്ള ഹാൻ‌കോക്കിന്റെ ചുംബനം സെൻട്രൽ ലണ്ടനിലെ ആരോഗ്യവകുപ്പിന്റെ ആസ്ഥാനത്തെ ഓഫീസിനു പുറത്തുള്ള ഇടനാഴിയിൽ നടന്നതായുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ വർഷം മാർച്ചിലാണ് ഹെൽത്ത്‌ ഡിപ്പാർട്മെന്റിൽ ഉപദേശകയായി കൊളഡാഞ്ചലോയെ നിയമിക്കുന്നത്. ഇരുവരും വിവാഹിതരും, മൂന്ന് മക്കളുടെ രക്ഷിതാക്കളുമാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പഠനകാലം മുതൽ സുഹൃത്തായ എം‌എസ് കൊളഡാഞ്ചലോയെ കഴിഞ്ഞ സെപ്റ്റംബറിലാണ് ആരോഗ്യവകുപ്പിന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറാക്കി ഹാൻ‌കോക്ക് നിയമിച്ചത് .

മാറ്റ് ഹാൻകോക്കിന് പകരമായി മുൻ ചാൻസലറും ആഭ്യന്തര സെക്രട്ടറിയുമായ സാജിദ് ജാവിദിനെ നിയമിച്ചതായി ഡൗണിങ് സ്ട്രീറ്റിൽ നിന്നുള്ള പ്രസ്താവനയിൽ അറിയിച്ചു.