ന്യൂസ് ഡെസ്ക് മലയാളം യുകെ

ദിനംപ്രതി കുതിച്ചുയരുന്ന കോവിഡ് വ്യാപനത്തിൻെറ ഭീതിയിലാണ് ബ്രിട്ടൻ . കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്ത് കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് അറിയിച്ചു. കർശനമായ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് തള്ളിക്കളയാനാകുകയില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. യുകെയിൽ 12133 ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും യഥാർത്ഥ രോഗികളുടെ എണ്ണം ഇതിലും വളരെ കൂടുതലാകാനുള്ള സാധ്യത ഉണ്ടെന്നാണ് ആരോഗ്യവിദഗ്ധർ വിരൽചൂണ്ടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ തൊഴിൽ സംബന്ധമല്ലാത്ത അനാവശ്യ കൂടിച്ചേരലുകൾക്ക് വിലക്ക് ഏർപ്പെടുത്താൻ നീക്കമുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇന്നലെ രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 87,886 ആണ്. ഇതിനിടെ രോഗപ്രതിരോധത്തിൻെറ ഭാഗമായുള്ള പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് യുദ്ധകാലടിസ്ഥാനത്തിൽ പുരോഗമിക്കുന്നുണ്ട്. ഇംഗ്ലണ്ടിൽ ഇന്നലെ റിക്കോർഡ് വാക്സിൻ ഡോസുകൾ ആണ് വിതരണം ചെയ്യപ്പെട്ടത് . ഇന്നലെ മാത്രം 906,656 ഡോസ് പ്രതിരോധകുത്തിവയ്പ്പുകൾ നൽകിയതതിൽ 830,000 ഡോസ് ബൂസ്റ്റർ വാക്സിനാണ്. നിലവിൽ യുകെയിലെ 27 ദശലക്ഷത്തിലധികം ആളുകൾക്ക് ബൂസ്റ്റർ ഡോസ് നൽകാൻ സാധിച്ചിട്ടുണ്ട്. ബൂസ്റ്റർ ഡോസ് നൽകുന്നത് ഒമിക്രോൺ പ്രതിരോധത്തിന് നിർണായകമായ ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്. ആദ്യ രണ്ട് ഡോസ് വാക്സിൻ ഒമിക്രോണിനെ പ്രതിരോധിക്കുകയില്ലെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.