അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കോവിഡ്-19 ലോകത്ത് വിനാശകരമായി തേരോട്ടം തുടങ്ങിയിട്ട് ഒരുവർഷമായി.  2019 നവംബർ 17 നാണ് ചൈനയിലെ ഹ്യൂബെ പ്രവശ്യയിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അന്നു തൊട്ട് ഇങ്ങോട്ട് കോവിഡ് -19 നെതിരെയുള്ള ഫലപ്രദമായ വാക്സിനുകൾക്ക് വേണ്ടിയുള്ള നെട്ടോട്ടത്തിലായിരുന്നു ശാസ്ത്രലോകം. ഏകദേശം പതിനൊന്നോളം വാക്സിനുകൾ പല രാജ്യങ്ങളിലായി പരീക്ഷണത്തിൻെറ വിവിധ ഘട്ടങ്ങളിലാണ്. ഫൈസറിൻെറയും മോഡേണയുടെയും വാക്സിനുകൾ വിജയം വരിച്ചു എന്ന വാർത്ത അതിരറ്റ സന്തോഷത്തോടെയാണ് ലോകം ഏറ്റെടുത്തത്.

അതേസമയം വിദ്യാസമ്പന്നരും പരിഷ്കൃതസമൂഹവുമായ യുകെയിൽ വാക്സിനുകൾക്ക് എതിരെ ഉയർന്നുവന്ന എതിർശബ്ദങ്ങളാണ് മാധ്യമങ്ങളിൽ വാർത്തയായത്. ആരോഗ്യ പ്രവർത്തകരായ എൻഎച്ച്എസ് ജീവനക്കാരാണ് ഇതിന് പിന്നിൽ എന്നത് തികച്ചും അനുചിതമായ നടപടി എന്നാണ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് അഭിപ്രായപ്പെട്ടത്. പ്രതിരോധ കുത്തിവെയ്പ്പുകൾ എടുക്കുന്നതും മാസ്ക് ധരിക്കുന്നതും കോവിഡ് -19 ടെസ്റ്റുകൾ നടത്തുന്നതുൾപ്പെടെ രോഗം പടരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾക്കെതിരെ ആരോഗ്യ പ്രവർത്തകർ തന്നെ പ്രവർത്തിക്കുന്നതിനെ അദ്ദേഹം നിശിതമായി വിമർശിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

നേഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടെ 455 ഓളം എൻഎച്ച്എസ് ജീവനക്കാരാണ് ആന്റി വാക്സിൻ ഫേസ്ബുക്ക് കൂട്ടായ്മയ്ക്ക് പിന്നിൽ. വാക്സിൻ വിഷമാണെന്നും കൊറോണ വൈറസ് വാക്‌സിൻ ഒരു പുതിയ വൈറസ് ആണെന്നും മറ്റുമുള്ള സന്ദേശങ്ങളാണ് ആന്റി വാക്സിൻ ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ പ്രചരിക്കപ്പെടുന്നത്. “ശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് വൈദ്യശാസ്ത്രം മുന്നേറുന്നത്. വാക്സിനുകൾ വൈദ്യശാസ്ത്ര ചരിത്രത്തിന് ശാസ്ത്രത്തിൻറെ ഏറ്റവും മികച്ച സംഭാവനയാണ്. ശാസ്ത്രം നമ്മെ നയിക്കുമെന്ന് ഞാൻ കരുതുന്നു.” ദുഷ്പ്രചരണങ്ങളോടുള്ള തൻെറ എതിർപ്പ് വ്യക്തമാക്കി മാറ്റ് ഹാൻകോക്ക് പറഞ്ഞു.

ഇത്തരം പ്രവർത്തികളെ തടയുന്ന നടപടികൾ ഗവൺമെന്റിൻെറ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ലേബർ പാർട്ടി നിലപാട് അറിയിച്ചതിനെ തുടർന്നാണ് ഹാൻകോക്കിൻെറ പ്രതികരണം. ഇത്തരം തെറ്റിദ്ധാരണകൾ സൃഷ്ടിക്കുന്നവർക്കെതിരെ പിഴയും മറ്റ് ശിക്ഷാ നടപടികളുമായി മുന്നോട്ട് പോകണമെന്ന് ഷാഡോ ഹെൽത്ത് സെക്രട്ടറി ജോനാഥൻ അഷ്‌വർത്ത് ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.