ഡാവിഞ്ചി എന്ന പേരില്‍ അറിയപ്പെടുന്ന പ്രോക്ടര്‍ റോബോട്ട് ഉപയോഗിച്ച് നടത്തിയ ഹൃദയ വാല്‍വ് ശസ്ത്രക്രിയക്ക് വിധേയനായ രോഗി മരിക്കാന്‍ കാരണം ഡോക്ടര്‍ക്ക് വേണ്ടത്ര പരിചയമില്ലാത്തതിനാലെന്ന് റിപ്പോര്‍ട്ട്. ഡാവിഞ്ചിയില്‍ പരിശീലനം നിരസിക്കപ്പെട്ട ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയത്. സങ്കീര്‍ണ്ണമായ ഈ ഉപകരണത്തില്‍ കൂടുതല്‍ പരിശീലനം താന്‍ നടത്തേണ്ടതായിരുന്നുവെന്ന് മുന്‍നിര കാര്‍ഡിയാക് സര്‍ജനായ സുകുമാരന്‍ നായര്‍ തന്റെ സഹപ്രവര്‍ത്തകനോട് പറഞ്ഞിരുന്നതായി കൊറോണര്‍ക്ക് മൊഴി ലഭിച്ചു. സ്റ്റീഫന്‍ പെറ്റിറ്റ് എന്ന 69 കാരനായ രോഗിയാണ് ശസ്ത്രക്രിയയെത്തുടര്‍ന്ന് മരിച്ചത്. 2015ല്‍ ന്യൂകാസിലിലെ ഫ്രീമാന്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു സംഭവം. ട്രസ്റ്റില്‍ ആദ്യമായി നടത്തിയ ഡാവിഞ്ചി റോബോട്ട് ഉപയോഗിച്ചുള്ള ഹൃദയ വാല്‍വ് ശസ്ത്രക്രിയയായിരുന്നു ഇത്.
സ്റ്റീഫന്‍ പെറ്റിറ്റിന്റെ ശസ്ത്രക്രിയ നടക്കുന്നതിനിടെ സര്‍ജിക്കല്‍ ടീമിനെ സഹായിച്ചുകൊണ്ടിരുന്ന റോബോട്ടിക് വിദഗ്ദ്ധര്‍ അറിയിപ്പ് നല്‍കാതെ സ്ഥലം വിട്ടുവെന്നും മൊഴി ലഭിച്ചിട്ടുണ്ട്. പെറ്റിറ്റിന്റെ മരണത്തെത്തുടര്‍ന്ന് ന്യൂകാസില്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിനെതിരെ അന്വേഷണം നടന്നിരുന്നു. പോലീസ് അന്വേഷണവും ഇതൊടൊപ്പം നടന്നു. രോഗികളുടെ റിക്കവറി സമയം പരമാവധി കുറയ്ക്കുന്നതിനായാണ് കീഹോള്‍ ശസ്ത്രക്രിയകള്‍ക്കായി ഡാവിഞ്ചി പോലെയുള്ള റോബോട്ടുകളെ ഉപയോഗിക്കുന്നത്. സ്റ്റീഫന്‍ പെറ്റിറ്റിന്റെ മൈട്രല്‍ വാല്‍വിനായിരുന്നു തകരാറ്. ഇത് പരിഹരിക്കാനായി ഡാവിഞ്ചി ഉപയോഗിച്ച് നടത്തിയ ശസ്ത്രക്രിയക്കിടെ ഹൃദയത്തിന്റെ മേലറകളെ വിഭജിക്കുന്ന ഭിത്തിക്ക് തകരാറുണ്ടായി.
ഹൃദയ ഭിത്തിക്കുണ്ടായ തകരാര്‍ പരിഹരിക്കാന്‍ പിന്നീട് ഓപ്പണ്‍ സര്‍ജറി നടത്തേണ്ടി വന്നു. ശസ്ത്രക്രിയ പൂര്‍ത്തിയായിട്ടും ഹൃദയത്തിന്റെ പ്രവര്‍ത്തനം വളരെ മോശമായിരുന്നു. മരുന്നുകളും ഉപകരണങ്ങളുടെ സഹായവും നല്‍കിയിട്ടും രോഗിയുടെ അവയവങ്ങള്‍ ഓരോന്നായി പ്രവര്‍ത്തന രഹിതമാകുകയും മരണം സംഭവിക്കുകയുമായിരുന്നു. പദ്ധതിയിട്ടതനുസരിച്ച് ശസ്ത്രക്രിയ വിജയകരമായി നടത്താന്‍ കഴിഞ്ഞില്ലെന്ന് ഇതിനു ശേഷം ഡോ.സുകുമാരന്‍ നായര്‍ ഫ്രീമാന്‍ ഹോസ്പിറ്റലിലെ റോബോട്ടിക്‌സ് വിഭാഗം കോഓര്‍ഡിനേറ്റര്‍ പോള്‍ റെന്‍ഫോര്‍ത്തിനെ ഫോണില്‍ അറിയിച്ചിരുന്നു. റോബോട്ടില്‍ കൂടുതല്‍ പരീശീലനം ലഭിച്ചിരുന്നെങ്കില്‍ ഈ ദുരന്തം സംഭവിക്കില്ലായിരുന്നുവെന്നും റെന്‍ഫോര്‍ത്ത് പറഞ്ഞു. ഈ സംഭവത്തിന് ഒരു മാസം മുമ്പ് ഡാവിഞ്ചി ഉപയോഗിച്ച് വാല്‍വ് ശസ്ത്രക്രിയ നടത്താന്‍ ഡോ.സുകുമാരന്‍ നായര്‍ സമീപിച്ചിരുന്നുവെന്ന് ട്രസ്റ്റിന്റെ കാര്‍ഡിയോ തൊറാസിക് ക്ലിനിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ സൈമണ്‍ ഹെയിന്‍സും മൊഴി നല്‍കിയിട്ടുണ്ട്.
Leave a Reply