യുകെയില്‍ പുതിയ അവയവദാന നിയമം അംഗീകാരത്തിനായി ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍. 2017ല്‍ അവയവദാനത്തിലൂടെ ജീവന്‍ തിരിച്ചു കിട്ടിയ മാക്‌സ് ജോണ്‍സണ്‍ എന്ന പത്തു വയസുകാരന്റെ പേരിലാണ് നിയമം തയ്യാറാക്കിയിരിക്കുന്നത്. നിലവിലുള്ള അവയവദാന നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള നിയമമാണ് നടപ്പിലാകാന്‍ പോകുന്നത്. ഇക്കാര്യത്തില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് മാക്‌സ് ജോണ്‍സണ്‍ പറഞ്ഞു. ഈ നിയമം വലിയ മാറ്റമുണ്ടാക്കുമെന്നത് തീര്‍ച്ചയാണ്. ഒരു അവയവ സുനാമി തന്നെ ഇതിനു ശേഷം ഉണ്ടാകും! അവയവ ദാതാക്കള്‍ ഒട്ടേറെ രംഗത്തു വരുമെന്നും മാക്‌സ് പറഞ്ഞു. കരട് നിയമം ലോര്‍ഡ്‌സില്‍ അന്തിമ അംഗീകാരം നല്‍കുന്നതിനു മുമ്പായി സൂക്ഷ്മമായി പരിശോധിക്കും.
ഇങ്ങനെയൊരു നിയമം നടപ്പിലാക്കുന്നതിനായുള്ള മിറര്‍ ക്യാംപെയിനില്‍ മാക്‌സ് ആയിരുന്നു മുന്‍നിരയിലുണ്ടായിരുന്നത്. നിയമം അംഗീകാരത്തിലേക്കുള്ള അന്തിമ ഘട്ടത്തിലാണ്. ഇതനുസരിച്ച് ആളുകള്‍ വിസമ്മതം അറിയിച്ചില്ലെങ്കില്‍ അവരെ അവയവ ദാതാക്കളായി പരിഗണിക്കും. ആശുപത്രികളില്‍ ചികിത്സക്കായി കാത്തിരിക്കുന്ന നിരവധി കുട്ടികള്‍ക്ക് ഈ നിയമം രക്ഷ നല്‍കുമെന്ന് മാക്‌സ് പറയുന്നു. ആശുപത്രിയില്‍ കഴിയുമ്പോള്‍ തനിക്കൊപ്പം മറ്റു കുട്ടികളും ഉണ്ടായിരുന്നു. അവര്‍ തന്റെ സുഹൃത്തുക്കളായിരുന്നു. എന്നാല്‍ അവയവ ദാതാക്കളെ കിട്ടാതെ അവരില്‍ ചിലര്‍ മരിച്ചു പോയി. അവരില്‍ നാലു പേരെയെങ്കിലും രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് മാക്‌സ് പറഞ്ഞു.
ചെഷയറിലെ വിന്‍സ്‌ഫോര്‍ഡ് സ്വദേശിയായ മാക്‌സ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനായത്. ന്യൂകാസിലിലെ ഫ്രീമാന്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ നടന്നത്. കാറപകടത്തില്‍ കൊല്ലപ്പെട്ട ഡെവണ്‍ സ്വദേശിനിയായ കെയ്‌റ ബോള്‍ എന്ന പെണ്‍കുട്ടിയുടെ ഹൃദയമാണ് മാക്‌സിന് ലഭിച്ചത്. എത്രമാത്രം ഭാഗ്യവാനാണ് താനെന്ന് അറിയാം. ബ്രെക്‌സിറ്റ് വിഷയത്തില് തെരേസ മേയ്ക്ക് വാദപ്രതിവാദങ്ങള്‍ നടത്താനുണ്ടായിരിക്കാം. എന്നാല്‍ വളരെ വേഗം തന്നെ ഈ നിയമം അവര്‍ നടപ്പാക്കുമെന്നാണ് കരുതുന്നതെന്നും മാക്‌സ് പറഞ്ഞു. കെയ്‌റ ബോളിന്റെ കുടുംബത്തിന് നന്ദി പറയാനും മാക്‌സ് മറന്നില്ല.
Leave a Reply