ലണ്ടന്‍: സമീപകാലത്ത് ലോകം മുഴുവന്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്ന രക്ഷാപ്രവര്‍ത്തനമായിരുന്നു തായ്‌ലന്റിലെ താം ലുവാങ് ഗുഹയില്‍ അകപ്പെട്ട 13 പേര്‍ക്ക് വേണ്ടി നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദഗ്ദ്ധരായ മുങ്ങല്‍ വിദഗ്ദ്ധരുള്‍പ്പെടെ നിരവധി പേര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി. ഏതാണ്ട് 17 ദിവസത്തോളം ഗുഹയ്ക്കകത്ത് 12 കുട്ടികളും ഫുട്‌ബോള്‍ കോച്ചും ഭക്ഷണം പോലുമില്ലാതെ കഴിച്ചുകൂട്ടി. കുട്ടികളെ കണ്ടെത്തുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉറപ്പുണ്ടായിരുന്നു. ദിവസങ്ങള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ബ്രിട്ടീഷ് കെയ്‌വ് റെസ്‌ക്യൂ കൗണ്‍സില്‍ ടീം കുട്ടികളെ കണ്ടെത്തുന്നത്. കാര്യമായി പരിക്കുകളോ ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ലാതെ കുട്ടികളെ പുറത്തെത്തിക്കുകയും ചെയ്തു.
ലോകം ഒറ്റുനോക്കിയ രക്ഷാപ്രവര്‍ത്തനം നയിച്ചത് 5 ബ്രിട്ടീഷ് ഡൈവേഴ്‌സായിരുന്നു. കുട്ടികളെ ആദ്യമായി കണ്ടെത്തിയതും ഈ ടീം അംഗങ്ങള്‍ തന്നെ. ജോണ്‍ വോളാന്‍ഥന്‍, ജെയ്‌സണ്‍ മലിസണ്‍, റിക് സ്റ്റാന്റണ്‍, ജോഷ് ബ്രാച്ച്‌ലി, കോണര്‍ റോ, ക്രിസ് ജ്യൂവല്‍ എന്നിവരായിരുന്നു രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ ആ രക്ഷാപ്രവര്‍ത്തകര്‍. ഇത്തവണത്തെ ഡെയ്‌ലി മിറര്‍ പ്രൈഡ് ബ്രിട്ടന്‍ അവാര്‍ഡും ഈ ധീരന്മാരായ ഡൈവേഴ്‌സിനായിരുന്നു. അവാര്‍ഡ് നല്‍കാനായി അവര്‍ രക്ഷപ്പെടുത്തിയ ഫുട്‌ബോള്‍ ടീം വൈല്‍ഡ് ബോര്‍സിനെയും ക്ഷണിച്ചു. തങ്ങളുടെ ജീവന്‍ രക്ഷിച്ചവര്‍ക്ക് നന്ദി പറയാനായി ഈ അവസരം വിനിയോഗിക്കുന്നതായി ടീമംഗങ്ങളായ കുട്ടികള്‍ പ്രതികരിച്ചു. രക്ഷാപ്രവര്‍ത്തനം നടന്നതിന് ശേഷം കുട്ടികള്‍ ഡൈവേഴ്‌സിനൊപ്പം കൂടിച്ചേരുന്നത് ഇത് ആദ്യമായിട്ടാണ്.
‘ഞങ്ങളുടെ ജീവന്‍ രക്ഷിച്ച ഇവരോട് എന്നും കടപ്പെട്ടിരിക്കുന്നു. ഈ അവസരത്തില്‍ ആത്മാര്‍ത്ഥമായി നന്ദി പറയുകയാണ്. ജീവിതകാലം മുഴുവനും നന്ദി പറഞ്ഞാലും മതിയാകില്ല. എന്നും മനസില്‍ ഒരായിരം തവണ ഒരോരുത്തരോടും നന്ദി പറയുന്നുണ്ട്’ വൈല്‍ഡ് ബോര്‍സിന്റെ കോച്ച് പുരസ്‌കാര ദാന ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു. ബ്രിട്ടനിലെത്തിയ സന്തോഷവും തായ് കുട്ടികള്‍ പങ്കുവെച്ചു. ബ്രിട്ടനിലെ നിരത്തുകള്‍ തങ്ങളുടേതിനേക്കാള്‍ കൂടുതല്‍ നല്ലതാണെന്നായിരുന്നു ഒരു കുട്ടിയുടെ കമന്റ്. ബൈക്കുകള്‍ കാണാനില്ലെന്ന് മറ്റൊരുവന്‍ പരാതിയും പറയുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ സാക്ഷാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വൈല്‍ഡ് ബോര്‍സിനെ ക്ഷണിച്ചിട്ടുണ്ട്. തങ്ങളുടെ യൂത്ത് ടീമിനൊപ്പം പരിശീലനം മത്സരത്തിനായി കുട്ടികളെ ക്ഷണിക്കുന്നതായി ടീം മാനേജര്‍ അറിയിച്ചു.
Leave a Reply