ന്യൂസ് ഡെസ്ക് മലയാളം യുകെ

ഉയർന്ന താപനിലയെ തുടർന്ന് ഹീറ്റ് ഹെൽത്ത് അലർട്ട് നൽകി വിദഗ്ദ്ധർ. ഈ ആഴ്ച ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങളിലും താപനില 32C (89.6F) വരെ ഉയരുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഞായറാഴ്ച് രാത്രി 9:00 മണിവരെയാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി യുകെയുടെ ഏഴ് പ്രദേശങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്. പ്രായമായവരും ആരോഗ്യപ്രശ്നങ്ങളുള്ളവരും വരും ഈ ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധ ഉള്ളവരായിരിക്കണമെന്നും അവർ അറിയിച്ചു.

വെയിൽസിലെ താപനിലയും ഉയരും, അതേസമയം സ്‌കോ ട്ട്‌ലൻഡിന്റെയും വടക്കൻ അയർലൻഡിന്റെയും ചില ഭാഗങ്ങളിൽ താപനില അനിയന്ത്രിതമായി ഉയരും. ലണ്ടൻ, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, ഈസ്റ്റ്, നോർത്ത് വെസ്റ്റ്, യോർക്ക്ഷയർ, ഹംബർ എന്നീ മേഖലകളിലാണ് നിലവിൽ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. സൗത്തേൺ ഇംഗ്ലണ്ടിലും, സൗത്ത് ഈസ്റ്റ് വെയിൽസിലും തിങ്കളാഴ്ച താപനില 30 ഡിഗ്രി സെൽഷ്യസിലെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഈ വർഷം ജൂലൈയിൽ അന്തരീക്ഷത്തിൽ ശരാശരിയേക്കാൾ ഈർപ്പവും തണുപ്പും ഉണ്ടായിരുന്നു. എന്നാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് യുകെയിലെ ഏറ്റവും ചൂടേറിയ ജൂൺ മാസമായിരുന്നു ഈ വർഷം കടന്നുപോയത്. ഇന്ന് താപനില 31 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ആഴ്ച പകുതിയോടെ താപനില സാധാരണ നിലയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണമാണ് ഉഷ്ണതരംഗങ്ങൾ ഈ നിലയിൽ ഉണ്ടാകുന്നതെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. കഴിഞ്ഞ വർഷം യുകെയിൽ 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനില രേഖപ്പെടുത്തിയിരുന്നു.