ഹീത്രൂ വിമാനത്താവള വികസന പദ്ധതിക്ക് എംപിമാരുടെ അംഗീകാരം. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിന് മൂന്നാമതൊരു റണ്‍വേ നിര്‍മിക്കാനുള്ള പദ്ധതിക്ക് ദശാബ്ദങ്ങള്‍ നീണ്ട കാലതാമസത്തിനും പദ്ധതി റദ്ദാക്കലുകള്‍ക്കും ശേഷമാണ് ഇപ്പോള്‍ അംഗീകാരമായിരിക്കുന്നത്. 119 വോട്ടുകള്‍ക്കെതിരെ 415 വോട്ടുകള്‍ക്കാണ് പദ്ധതിക്ക് അംഗീകാരമായത്. ബ്രിട്ടന്റെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ, പണം കണ്ടെത്തുന്നതെങ്ങനെയെന്ന ചോദ്യങ്ങള്‍, കോടതികളില്‍ നിലവിലുള്ള വ്യവഹാരങ്ങള്‍ തുടങ്ങിയവ ഇപ്പോഴും പദ്ധതിക്ക് വഴിമുടക്കികളായുണ്ട്. വിമാനത്താവളത്തിനായി സ്ഥലമെടുക്കുമ്പോള്‍ വീടു നഷ്ടമാകുന്നവരുടെ പ്രതിഷേധവും ശക്തമാണ്.
ലേബര്‍ പാര്‍ട്ടി പദ്ധതിക്ക് ഔദ്യോഗികമായി എതിരായിരുന്നുവെങ്കിലും യുണൈറ്റ് പോലുള്ള യൂണിയനുകളുടെ അനുകീല മനോഭാവം പരിഗണിച്ച് ഫ്രീവോട്ടിന് അനുമതി നല്കി. കണ്‍സര്‍വേറ്റീവ് എംപിമാര്‍ക്ക് പദ്ധതിയെ അനുകൂലിച്ച് വോട്ടു ചെയ്യാന്‍ വിപ്പ് ഉണ്ടായിരുന്നു. ബ്രെക്സിറ്റ് അനന്തര കാലത്ത് ഒരു ലോകരാഷ്ട്രമെന്ന നിലയിലേക്കുള്ള പ്രയാണത്തിന് ഈ വികസനം അനിവാര്യമാണെന്ന് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ക്രിസ് ഗെയ്ലിംഗ് പറഞ്ഞു. പദ്ധതിക്ക് അനുമതി നല്‍കിയത് രാജ്യത്തിന്റെയും സഭയുടെയും ചരിത്രത്തിലെ സുപ്രധാന നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാന് സന്ദര്ശനത്തിലായിരുന്നതിനാല് ബോറിസ് ജോണ്സണ് വോട്ടെടുപ്പില്‍ പങ്കെടുക്കാനായില്ല. പദ്ധതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നയാളാണ് ഇയാള്‍. സര്‍ക്കാര്‍ വിപ്പിനെതിരെ വോട്ട് ചെയ്തിരുന്നെങ്കില്‍ ജോണ്സണ് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വരുമായിരുന്നു. ബോറിസ് എവിടെയെന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തെ പ്രതിപക്ഷം പരിഹസിക്കുകയും ചെയ്തു.
Leave a Reply