ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ഇന്ന് മുതൽ സെപ്റ്റംബർ 11 വരെ ഹീത്രൂ എയർപോർട്ടിൽ നിന്ന് ദിവസേന പുറപ്പെടുന്നവരുടെ എണ്ണം 100,000 ആയി പരിമിതപ്പെടുമെന്ന് അറിയിപ്പ്. യാത്രക്കാരുടെ എണ്ണം കുതിച്ചുയരുകയാണ്. എന്നാൽ പ്രതിസന്ധി നേരിടാൻ കഴിയാതെ വന്നതോടെ വേനൽക്കാല ടിക്കറ്റുകൾ വിൽക്കുന്നത് നിർത്താൻ ഹീത്രൂ എയർപോർട്ട് എയർലൈനുകളോട് ആവശ്യപ്പെട്ടു. ജീവനക്കാരുടെ കുറവ് കാരണം യുകെയിലുടനീളമുള്ള വിമാനത്താവളങ്ങളിൽ വിമാനം റദ്ദാക്കുന്നത് തുടർക്കഥയാവുകയാണ്. പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാനായി വേനൽക്കാല ടിക്കറ്റുകൾ വിൽക്കുന്നത് നിർത്താൻ വിമാനക്കമ്പനികളോട് ഉത്തരവിട്ടതായി ഹീത്രൂ പറഞ്ഞു.
കോവിഡ് ലോക്ക്ഡൗൺ സമയത്ത് ജോലി വെട്ടിക്കുറച്ച എയർപോർട്ടുകളും എയർലൈനുകളും അവധിക്കാലം എത്തിയതോടെ ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ പാടുപെടുകയാണ്. ഉപഭോക്തൃ ഗ്രൂപ്പായ വിച്ച്? ഏറ്റവും പുതിയ പ്രഖ്യാപനത്തിന്റെ ഫലമായി ഏതൊക്കെ വിമാനങ്ങളാണ് റദ്ദാക്കുന്നതെന്ന് വ്യക്തമാക്കാൻ ഹീത്രൂവിനോട് ആവശ്യപ്പെട്ടു.
വിമാനത്താവളത്തിൽ പ്രതിദിനം 110,000 മുതൽ 125,000 വരെ യാത്രക്കാർ എത്തുന്നുണ്ട്. ഇന്നലെ അവസാന നിമിഷം 61 വിമാനങ്ങൾ ഹീത്രൂ റദ്ദാക്കിയതിനെതുടർന്ന് 10,000ലധികം യാത്രക്കാർ പ്രതിസന്ധിയിലായി. അതേസമയം, ഗാറ്റ്‌വിക്ക് എയർപോർട്ട് റൺവേയിൽ നാല് മണിക്കൂർ കാത്തിരിക്കേണ്ടി വന്നതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധം നടത്തി. വേനൽക്കാലത്ത് യാത്രക്കാരുടെ എണ്ണം ഉയരുന്നതോടെ പ്രതിസന്ധി എങ്ങനെ നേരിടുമെന്നറിയാതെ നട്ടംതിരിയുകയാണ് വിമാനത്താവളങ്ങൾ.
Leave a Reply