ലണ്ടന്‍: യുകെയിലെ ആശുപത്രികളില്‍ സമ്മര്‍ പ്രതിസന്ധി രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി തുടരുന്ന കൂടിയ താപനില ആശുപത്രികളെ കൂടുതല്‍ എയര്‍ കൂളറുകള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സമീപ വര്‍ഷങ്ങളിലെ ഏറ്റവും ശക്തമായ ഹീറ്റ് വേവാണ് കഴിഞ്ഞ രണ്ട് ദിവസമായി യുകെയില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഹീത്രൂവില്‍ 35 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇംഗ്ലണ്ടിലെ ചില ഹോസ്പിറ്റലുകളിലെ എ ആന്‍ഡ് ഇകളില്‍ വ്യാഴാഴ്ച റെക്കോര്‍ഡ് തിരക്കാണ് അനുഭവപ്പെട്ടത്. താപനില ഉയരുന്നതിന് അനുസരിച്ച് കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
സമീപകാലത്തെ ഏറ്റവും ശക്തമായ വിന്ററിന് ശേഷം എത്തിയിരിക്കുന്ന സമ്മറും എന്‍എച്ച്എസിന് പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ന് താപനില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നത്. യുകെയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും കൂടിയ താപനിലയായ 38.5 ഡിഗ്രിയേക്കാള്‍ ചൂട് ഇന്നുണ്ടായേക്കും. അതിനു പിന്നാലെ ഒരു തണ്ടര്‍സ്റ്റോമിന് സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. അന്തരീക്ഷ താപനില ഈ വിധത്തില്‍ വര്‍ദ്ധിക്കുന്നത് ഹൃദ്രോഗികള്‍ക്കും വൃക്ക, ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍ എന്നിവ മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും പ്രശ്നങ്ങള്‍ സൃഷ്ടിക്കാനിടയുണ്ട്.
മൊബൈല്‍ എയര്‍ കണ്ടിഷനിംഗ് യൂണിറ്റുകളും കൂടുതലും ഫാനുകളും എത്തിക്കാനുള്ള ശ്രമത്തിലാണ് ആശുപത്രികള്‍. ചൂട് വര്‍ദ്ധിക്കുന്നത് രോഗികളെയും ജീവനക്കാരെയും ഒരുപോലെ ബാധിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കുന്നു. ഹീറ്റ് വേവിനെ മറികടക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. രോഗികള്‍ ധാരാളം വെള്ളം കലര്‍ന്ന ഭക്ഷണരീതിയിലേക്ക് മാറണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൂട് വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് ധാരാളം വെള്ളം കുടിക്കുന്നത് രോഗങ്ങളെ അകറ്റി നിര്‍ത്തുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. നേരത്തെ രോഗികളുടെ തിരക്ക് വര്‍ദ്ധിക്കുന്നതു മൂലം പ്ലാന്‍ഡ് ഓപ്പറേഷനുകള്‍ മാറ്റിവെക്കേണ്ടി വരുന്ന സാഹചര്യമുണ്ടെന്ന് എന്‍.എച്ച്.എസ് വ്യക്തമാക്കിയിരുന്നു.
Leave a Reply