ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനം മൂലമുണ്ടായ മിന്നൽപ്രളയത്തിൽ കനത്ത നാശനഷ്ടം. ധരാലി ഗ്രാമത്തിൽ നാലു പേർ മരിച്ചു. 50 പേരെ കാണാനില്ല. മണ്ണിനും ചെളിക്കുമടിയിൽ കൂടുതൽപേർ പെട്ടിട്ടുണ്ടെന്ന് ആശങ്കയുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. സുക്കി മേഖലയിലും മേഘവിസ്ഫോടനമുണ്ടായി. ഉച്ചകഴിഞ്ഞ് 1.45 ന് മലയിൽനിന്നു കുത്തിയൊഴുകിവന്ന പ്രളയജലത്തിൽ ധരാലി ഗ്രാമത്തിന്റെ ഒരു ഭാഗം ഒലിച്ചുപോകുകയായിരുന്നു. വാഹനങ്ങളും ജനങ്ങളുമടക്കം ഒഴുക്കിൽപെട്ടു. വിനോദസഞ്ചാരികൾ ധാരാളമെത്തുന്നതിനാൽ ഹോംസ്റ്റേകളും മറ്റുമുള്ള സ്ഥലമാണിത്. നിരവധി വീടുകളും ഹോട്ടലുകളും ഒഴുകിപ്പോയിട്ടുണ്ട്. പ്രളയത്തിൽ പെട്ട കെട്ടിടങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുകയാണ്.

ഖീർഗംഗ നദിയുടെ വൃഷ്ടിപ്രദേശത്തുണ്ടായ മേഘവിസ്ഫോടനത്തെത്തുടർന്നായിരുന്നു പ്രളയം. കെട്ടിടങ്ങൾക്കു മുകളിലൂടെ വെള്ളം പാഞ്ഞൊഴുകുന്നതിന്റെയും രക്ഷപ്പെടുത്തണേയെന്ന് ആളുകൾ അലറിവിളിക്കുന്നതിന്റെ വിഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഇന്തോ–ടിബറ്റൻ ബോർഡർ ഫോഴ്സിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും സംഘങ്ങളും കരസേനയും പൊലീസും രക്ഷാപ്രവർത്തനം തുടരുകയാണ്. സൈന്യവും എത്തിയിട്ടുണ്ട്. മണ്ണിന‌ടിയിൽ പെട്ടെന്നു സംശയിക്കുന്നവർക്കായി തിരച്ചിൽ നടക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുമായി സ്ഥിതിഗതികൾ സംബന്ധിച്ച് ചർച്ച നടത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രളയത്തെ തുടർന്ന് ഖീർ ഗംഗ നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയർന്നതിനാൽ നദിതീരത്തെ താമസക്കാരും മറ്റും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. നിരവധി ഹോട്ടലുകൾ മിന്നൽപ്രളയത്തിൽ ഒലിച്ചുപോയതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാഹചര്യം മോശമാണെന്നും പ്രളയം ഉണ്ടായ സ്ഥലത്ത് 50 ഹോട്ടലുകൾ ഉണ്ടായിരുന്നുവെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഐടിബിപി സംഘം നിലവിൽ ഹർഷിൽ മേഖലയിൽ ആണ് രക്ഷാപ്രവർത്തനം നടത്തുന്നത്.