ലണ്ടന്‍: അമിത മദ്യപാനം മൂലം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 63,000 പേര്‍ ഇംഗ്ലണ്ടില്‍ മരിക്കുമെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. വിലകുറഞ്ഞ മദ്യത്തിന്റെ ലഭ്യത കുറയ്ക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ബ്രിട്ടനെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. മദ്യത്തിന് മിനിമം യൂണിറ്റ് പ്രൈസിംഗ് ഏര്‍പ്പെടുത്തണമെന്നും മദ്യത്തെക്കുറിച്ചുള്ള പരസ്യങ്ങള്‍ ഇല്ലാതാതക്കണമെന്നും മുതിര്‍ന്ന ആരോഗ്യവിദഗ്ദ്ധരും ഹെല്‍ത്ത് ചാരിറ്റികളും ആവശ്യപ്പെടുന്നു.
മദ്യപാനം മൂലം കരളിനെ ബാധിക്കുന്ന രോഗങ്ങളാണ് മരണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ കാരണമാകുന്നത്. മദ്യത്തിന്റെ അമിത ഉപയോഗം മൂലം 2017നും 2022നുമിടയില്‍ ഇത്രയും മരണങ്ങള്‍ ഉണ്ടാകുമെന്ന് ആല്‍ക്കഹോള്‍ റിസര്‍ച്ച് ഗ്രൂപ്പ് നടത്തിയ പഠനത്തിലാണ് വ്യക്തമായത്. ഇത്രയു പേര്‍ക്ക് മദ്യോപയോഗം മൂലമുണ്ടാകുന്ന രോഗങ്ങള്‍ ചികിത്സിക്കാന്‍ എന്‍എച്ച്എസിന് 16.74 ബില്യന്‍ പൗണ്ട് ചെലവാകുമെന്നും പഠനം പറയുന്നു.
ലിവര്‍ ക്യാന്‍സര്‍ മൂലം 32,475 മരണങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രവചനം. അതായത് ഓരോ ദിവസവും 35 പേര്‍ വീതം അമിതമദ്യപാനം മൂലം മരണപ്പെടും. കരള്‍ രോഗങ്ങള്‍ മൂലം 22,519 പേര്‍ മരണത്തിന് കീഴടങ്ങുമെന്നും പഠനം പറയുന്നു. ഫൗണ്ടേഷന്‍ ഫോര്‍ ലിവര്‍ റിസര്‍ച്ചിനു വേണ്ടി നടത്തിയ പഠനത്തിലാണ് മദ്യത്തിന്റെ ദുരുപയോഗം മൂലമുണ്ടാകാനിടയുള്ള ദുരന്തത്തേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നത്.
Leave a Reply