ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കനത്ത മഴയും ശക്തമായ കാറ്റും ഈയാഴ്ചയിൽ ഉടനീളം ബ്രിട്ടനിൽ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇതോടൊപ്പം തന്നെ സ്കോട്ട് ലൻഡിൽ യെല്ലോ അലെർട്ടും മെറ്റ് ഓഫീസ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ശൈത്യകാലത്തിന് ശേഷം, ആദ്യമായി തണുപ്പ് കൂടുന്നത് കൊണ്ട് വാഹന മോട്ടോറുകളിൽ കൂടുതൽ പ്രശ്നമുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ കോൾഔട്ടുകളിൽ 20 ശതമാനം വർദ്ധനവിന് വാഹന കമ്പനിയായ റാക് തയ്യാറെടുക്കുന്നുവെന്ന വാർത്തയും പുറത്തു വരുന്നുണ്ട്.
ശക്തമായ മഴയും കാറ്റും ചൊവ്വാഴ്ച മുതൽ ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും തെക്കു പടിഞ്ഞാറൻ ഭാഗങ്ങളിലേക്ക് സഞ്ചരിക്കുമെന്നും, ബുധനാഴ്ച മുതൽ യുകെയിൽ ഉടനീളം വ്യാപിക്കും എന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം തന്നെ സ്കാൻഡിനേവിയയിൽ ഉയർന്ന മർദ്ദം രൂപപ്പെട്ടതിനാൽ സ്കോട്ട്‌ലൻഡിൽ ഉടനീളം കനത്ത മഴയുണ്ടാകും. ഈയാഴ്ചയുടെ മധ്യഭാഗം മുതൽ അടുത്ത ആഴ്ച വരെയും ബ്രിട്ടനിൽ ഉടനീളം തികച്ചും അസ്ഥിരമായ കാലാവസ്ഥ ആകും ഉണ്ടാവുകയെന്ന് ഡെപ്യൂട്ടി ചീഫ് മെറ്റീരിയോളജിസ്റ്റ് സ്റ്റീവൻ കീറ്റ്‌സ് പറഞ്ഞു.
ജനങ്ങൾ തങ്ങളുടെ പ്രദേശത്തേക്ക് നൽകുന്ന മുന്നറിയിപ്പുകളിൽ പ്രത്യേകം ശ്രദ്ധ വയ്ക്കണമെന്ന് മെറ്റ് ഓഫീസ് അറിയിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ കനത്ത ശൈത്യം ഉണ്ടാകുമെന്ന പ്രതീക്ഷയും ഓഫീസ് അധികൃതർ നൽകുന്നുണ്ട്. ജനങ്ങൾ പുറത്തിറങ്ങുമ്പോൾ തണുപ്പിന് പ്രതിരോധിക്കാൻ ആവശ്യമായ വസ്ത്രങ്ങളും മറ്റും ഉപയോഗിക്കണമെന്ന കർശന നിർദേശമുണ്ട്. വളരെ വേഗതയിലാണ് ഇത്തരത്തിൽ താപനില ക്രമാതീതമായി താഴ്ന്നത്. അതിനാൽ തന്നെ ഇനിയും താഴാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ലെന്നും അധികൃതർ വ്യക്തമാക്കി.
Leave a Reply