മഹാരാഷ്ട്രയിൽ ഈ വർഷം പെയ്ത കനത്തമഴ ഉള്ളികൃഷിയെ വൻതോതിൽ ബാധിച്ചു. സംസ്ഥാനത്ത് 80 ശതമാനത്തിലധികം ഉള്ളികൃഷി നശിച്ചതോടെ അടുത്ത മാസങ്ങളിൽ ഉള്ളിക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയുണ്ട്. കനത്ത മഴയും വെള്ളക്കെട്ടും കൃഷിയിടങ്ങൾ തകർത്തതോടെ വിപണിയിൽ ഉള്ളിവില ഉയരാനാണ് സാധ്യത. കർഷകരോട് ഉടൻ കൃഷിയിറക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, നഷ്ടത്തിൽ പെട്ട കർഷകർ അതിന് തയ്യാറല്ല.
കഴിഞ്ഞ വർഷം ഇതേ സമയത്ത് ക്വിന്റലിന് 4,000 മുതൽ 5,000 രൂപവരെ വില ലഭിച്ചിരുന്നെങ്കിൽ, ഇപ്പോൾ മികച്ച ഗുണമേന്മയുള്ള ഉള്ളിക്ക് പോലും 900 രൂപ മാത്രമാണ് ലഭിക്കുന്നത്. കിലോയ്ക്ക് എട്ട് രൂപ പോലും ലഭിക്കാത്ത സാഹചര്യം കർഷകരെ വല്ലാതെ നിരാശരാക്കുന്നു. കൃഷിയിറക്കാനുള്ള ചെലവ് കൂടുതലായതിനാൽ പുതിയ കൃഷിയിറക്കാൻ ധൈര്യമില്ലെന്നും, തുടര്‍ച്ചയായി പെയ്ത മഴയാണ് കർഷകരുടെ എല്ലാ പരിശ്രമങ്ങളും നശിപ്പിച്ചതെന്നും അവർ പറയുന്നു.
കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളിലേക്കുള്ള അധികവും ഉള്ളിയെത്തുന്നത് മഹാരാഷ്ട്രയിലെ നാസിക് മേഖലയിലാണ് നിന്നാണ് . ഇവിടെ മാത്രം അഞ്ചുലക്ഷത്തിലധികം ഏക്കർ ഉള്ളികൃഷി നശിച്ചുവെന്നാണ് സർക്കാർ കണക്ക്. ഇതോടെ രണ്ട് ലക്ഷത്തിലധികം കർഷകർ പ്രതിസന്ധിയിലായി. കൃഷിനാശം മൂലം മഹാരാഷ്ട്രയ്ക്കൊപ്പം കേരളത്തെയും മറ്റുപല സംസ്ഥാനങ്ങളെയും ഉള്ളിക്ഷാമം ബാധിക്കാനാണ് സാധ്യത. ഉടൻ കൃഷിയിറക്കണമെന്ന സർക്കാരിന്റെ നിർദ്ദേശത്തോട് കർഷകർ കണക്കുകൾ ചൂണ്ടിക്കാട്ടി പ്രതിരോധിക്കുകയാണ്.
Leave a Reply