ഡബ്ലിന്‍: യഹൂദരുടെ ഏറ്റവും വലിയ കുടുംബാഘോഷമായിരുന്നു വിവാഹം. അതിനാല്‍ തന്നെ അവരുടെ ഏറ്റും വലിയ കുടുംബ വിരുന്നായിരുന്നു വിവാഹസദ്യ. ആ വിരുന്നിന്റെ കേന്ദ്രമായിരുന്ന വീഞ്ഞ്. കുടുംബാഘോഷത്തിന്റെ പ്രധാന വിഭവമായ വീഞ്ഞാണ് കാനായില്‍ തീര്‍ന്നു പോകുന്നത്. ഒരുവനും അവന്റെ കുടുംബത്തിനും സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തമായിരുന്നു അത്. ഒരുവനു ജീവിതത്തില്‍ സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തത്തിന്റെ പ്രതീകമാണ് വീഞ്ഞു തീര്‍ന്നു പോകുന്ന കല്ല്യാണം. ക്ഷണിക്കപ്പെടാതെ ഒരു വാവാഹ വിരുന്നിന് വരുന്ന വ്യക്തി ഏറെ ഹൃദയാടുപ്പമുള്ളയാളായിരിക്കും. ഏറ്റവും അടുത്ത പ്രിയപ്പെട്ടവരെ ക്ഷണിക്കേണ്ട കാര്യമില്ല. ക്ഷണിക്കാതെ തന്നെ അവര്‍ വരും. ക്ഷണിക്കാതെ തന്നെ കല്ല്യാണ വിരുന്നിനു സന്നിഹിതയാകുന്ന പരിശുദ്ധ അമ്മയാണ് പിന്നീട് അത്ഭുതത്തിന് കാരണക്കാരിയായി മാറിയത് എന്ന് നാം തിരിച്ചറിയുക.

നമ്മുടെ ജീവിതത്തില്‍ ആഘോഷങ്ങളിലേക്കെന്നപോലെ മറ്റുള്ളവരുടെ ദുരന്തങ്ങളിലേക്കും ക്ഷണിക്കപ്പെടാതെ കടന്നുചെല്ലുവാൻ നമുക്കാവണം. ഇത്തരം ഹൃദയ ബന്ധങ്ങളെ നാം വളര്‍ത്തിയെടുക്കണം. അത് നമ്മളുടെ മക്കൾക്കും മാതൃക ആയിത്തീരുന്നു. നമ്മളുടെ സ്‌നേഹ ബന്ധങ്ങളെ അത്തരം ഉയര്‍ന്ന തലത്തിലേക്ക് വളര്‍ത്തിയെടുക്കുന്നിടത്താണ് നമ്മുടെയും മറ്റുള്ളവരുടെയും ജീവിത ദുരന്തങ്ങള്‍ അത്ഭുതങ്ങളായി മാറാനുള്ള സാധ്യത തെളിയുന്നത്.

നമ്മുടേതെന്നപോലെ തന്നെ മറ്റുള്ളവരുടെയും ജീവിതത്തിലെ പ്രതിസന്ധികളെ പറയാതെ തന്നെ തിരിച്ചറിയാന്‍ പറ്റുന്ന പ്രിയപ്പെട്ടവന്‍, പ്രിയപ്പെട്ടവള്‍ നമുക്കുണ്ടാവണം. ക്ഷണിക്കപ്പെടാതെ നമ്മുടെ ആഘോഷങ്ങളിലേക്കൊക്കെ കടന്നു വരുകയും പറയാതെ തന്നെ നിന്റെ ഹൃദയ നൊമ്പരം തിരിച്ചറിയുകയും ചെയ്യുന്ന ഹൃദയ ബന്ധങ്ങളാണ് അത്ഭുതത്തിന് വഴിമരുന്നിടുന്നത്.

ജീവിതത്തില്‍ ദുരന്തങ്ങള്‍ കയറി വരുന്നത് മിക്കപ്പോഴും അപ്രതീക്ഷിതമായാണ്.അത് രോഗമായോ അപകടങ്ങളായോ, ഉറ്റവരുടെ മരണമായോ നമ്മുടെ സ്വപ്നങ്ങളെ തട്ടി മറിച്ചിടുമ്പോള്‍ മാത്രമേ വ്യക്തിപരമായി അതിന്റെ തീവ്രത നമുക്ക് അറിയാനാവുകയുള്ളു. ജീവിതത്തിലെ ആകസ്മികമായ വെല്ലുവിളികള്‍ നേരിടാന്‍ പക്ഷേ ചിലപ്പോഴെങ്കിലും സന്മസുള്ളവരുടെ സഹായം നമ്മുക്ക് തേടേണ്ടി വന്നേക്കാം.

ലൂക്കനിലെ ഹെലന്‍ സാജു ഉഴുന്നാലില്‍ എന്ന നാല്പത്തി മൂന്ന് വയസുകാരിയെ ‘സ്വര്‍ഗം’ മടക്കി വിളിച്ചത് പെട്ടന്നായിരുന്നു. അപ്രതീക്ഷിതമായ ആ വേര്‍പ്പാടുണ്ടാക്കിയ മുറിവില്‍ നിന്നും കരകയറാനുള്ള കഷ്ടപ്പാടിലാണ് സാജുവും മക്കളും ഇപ്പോള്‍. 2017 മെയ് മാസത്തിലാണ് ഹെലന് ലിവറിലെ അര്‍ബുദരോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആരംഭിച്ച ചികിത്സയിലെ പുരോഗതിയുടെ അടിസ്ഥാനത്തിലും, ഡോക്ടര്‍മാര്‍ നല്‍കിയ ധൈര്യത്തിലും ഇടയ്ക്ക് ഡോണിബ്രൂക്കിലെ റോയല്‍ ഹോസ്പിറ്റലില്‍ ഡ്യൂട്ടിയ്ക്ക് തിരികെയുമെത്തി. സിക്ക് ലീവും ആനുവല്‍ ലീവുകളും കടന്ന് ‘പൂജ്യം’ ശമ്പളം രേഖപ്പെടുത്തിയെത്തിയിരുന്ന സാലറി സ്ലിപ്പുകള്‍ കുടുംബക്രമത്തിന്റെ താളം തെറ്റിച്ചു. മോര്‍ട്ട് ഗേജ് ,മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍…. എന്നിവയ്‌ക്കെല്ലാം കൂടി ഒരാള്‍ക്ക് മാത്രമുള്ള വരുമാനം തികയാതെ വന്നതോടെ കടക്കെണിയും കൂടെപ്പിറപ്പായി ഈ കുടുംബത്തിലേക്ക് കടന്നു വന്നിരിക്കുകയാണ്.

രോഗാവസ്ഥയില്‍ നിന്നും ഒരു വേള തിരിച്ചു വന്നേക്കാമെന്ന ശുഭപ്രതീക്ഷയിലായിരുന്നു ഹെലന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും. സെന്റ് ജെയിംസസിലെ ഡോക്റ്റര്‍മാര്‍ ഒരിക്കല്‍ പോലും അപകടകരമായ ഒരു കടന്നുപോകലിനെ കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നില്ല. മക്കളെ ജീവന് തുല്യം സ്‌നേഹിച്ചിരുന്ന ആ അമ്മയ്ക്ക് പക്ഷെ ഒരാഗ്രഹം സാധിക്കാനായില്ല. മൂത്ത മകന്‍ സച്ചിന്റെ എംബിബിഎസ് ഗ്രാജ്വേഷന്‍ ഏതൊരു അമ്മയെയും പോലെ ഹെലനും ഒരു സ്വപ്നമായിരുന്നു. അത് പൂര്‍ത്തിയാക്കാതെയാണ് ഹെലന്‍ യാത്രയാവുന്നത്. ബള്‍ഗേറിയയിലെ കോളജില്‍ നിന്നും സച്ചിന്‍ ക്രിസ്മസ് അവധിയ്ക്ക് വന്ന് മടങ്ങും മുമ്പേ അവന്റെ പ്രിയപ്പെട്ട ‘അമ്മ സ്വര്‍ഗ്ഗത്തിലെ വീട്ടിലേയ്ക്ക് മടങ്ങിപ്പോയി. ആറ് വർഷമുള്ള കോഴ്‌സിന്റെ മൂന്നാമത് സെമസ്റ്റർ മാത്രമേ ആയിട്ടുള്ളു സച്ചിൻ. അമ്മയുടെ ആഗ്രഹം പോലെ സച്ചിന്റെ പഠനം പൂര്‍ത്തിയാക്കാനും ഇനി വഴി കണ്ടെത്തണം, കടങ്ങള്‍ വീട്ടണം. ബില്ലുകളുടെ എണ്ണം കൂടുന്നതല്ലാതെ വരുമാനം വർദ്ധിക്കുന്നില്ല എന്നത് കരിനിഴലായി വീഴുന്നു ഈ കുടുംബത്തിൽ. നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയെ സ്‌കൂളിൽ വിടുവാനും എടുക്കുവാനും ചുറ്റുമുള്ള സഹാനുഭൂതിയുള്ള മലയാളികൾ സാജുവിനെ സഹായിക്കുമ്പോൾ ചുരുങ്ങിയ വരുമാനമുള്ള കെയറർ ജോലി തുടരുകയാണ്..

ഹെലന്റെ മരണത്തോടെ താളം തെറ്റിയ കുടുംബം… ആദ്യം മുതല്‍ ജീവിതം കരുപ്പിടിപ്പിക്കണം…. സാജു ഇത് പറയുമ്പോൾ നമ്മൾ ആ വേദന തിരിച്ചറിയണം സുഹൃത്തുക്കളെ.. നമ്മുടെ ഓരോരുത്തരുടെയും കരങ്ങൾ നീട്ടണം പ്രിയ പ്രവാസികളെ. നിങ്ങൾ നൽകുന്ന ചെറിയ ഒരു തുക പോലും ഈ കുടുംബത്തിന്റെ കണ്ണീരൊപ്പുവാൻ പ്രാപ്തമാണ്. ഒരാൾക്ക് വലിയ തുക നൽകി സഹായിക്കാൻ സാധിക്കില്ല എങ്കിലും പലരുടെ സഹായമാകുമ്പോൾ ഓർക്കുക പലതുള്ളി പെരുവെള്ളമാകുമെന്ന്.. അതെ ഈ കുടുംബത്തിലേക്ക് ഒരു തിരിയുടെ വെളിച്ചവുമായി കടന്നു ചെല്ലുവാൻ നമുക്ക് ഒന്ന് ശ്രമിക്കാം.. ഇരുളടയുന്ന ഈ കുടുംബത്തിന് വെളിച്ചമായി പ്രവാസികളായ നമ്മൾ മാറേണ്ടതുണ്ട്… കണ്ടില്ല എന്ന് വച്ച് നടന്നകാലത്തിരിക്കുക.. ഹെലൻ ഇവർക്കൊപ്പം ഉണ്ടായിരുന്നു എങ്കിൽ സഹായം ചോദിച്ചു അവർ വരുകയില്ലായിരുന്നു എന്ന് ഓർക്കുക…

ഹെലന്റെ വേര്‍പാടിന്റെ ദിവസങ്ങളില്‍ ഒട്ടേറെ പേര്‍ സഹായ വാഗ്ദാനവുമായി എത്തിയിരുന്നു. അയർലണ്ട് കൂടാതെ മറ്റ് വിവിധ സ്ഥലങ്ങളില്‍ നിന്നും അക്കൗണ്ട് നമ്പര്‍ ആവശ്യപ്പെട്ട് വിളിച്ചവര്‍ക്കൊന്നും മരണത്തിന്റെ ആഘാതത്തിൽ അന്ന് അത് നല്‍കാന്‍ സാധിച്ചില്ല. പക്ഷെ ഇപ്പോള്‍ സാജുവും കുടുംബവും അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലാണ്. ഒരാൾളുടെ ജീവിത പ്രതിസന്ധികളിലേക്ക് ആണ് നാം കടന്നുചെല്ലേണ്ടത്…

ഈ കുടുംബത്തിന്റെ പ്രതിസന്ധികളെ അത്ഭുതങ്ങളായി രൂപാന്തരപ്പെടുത്തണമെങ്കില്‍ ഇപ്പോൾ ഇവർക്കാവശ്യം ഇവരുടെ ഏത് ആഘോഷത്തിലേക്കും എന്നപോലെ ക്ഷണിപെടാതെ തന്നെ കടന്നു ചെല്ലുവാൻ മാത്രം ഹൃദയമടുപ്പമുള്ള പ്രിയപ്പെട്ടവന്‍ അല്ലെങ്കിൽ പ്രിയപ്പെട്ടവൾ ആയി നമുക്ക് മാറാൻ സാധിക്കട്ടെ…  പറയാതെ തന്നെ ഇവരുടെ സങ്കടങ്ങള്‍ വായിച്ചെടുക്കാന്‍ കഴിവുള്ള ഒരു ഹൃദയം നിങ്ങൾക്ക് ഉണ്ടെങ്കിൽ കാനായിലെ വീഞ്ഞു തീരുന്ന കല്ല്യാണം മുന്തിയതരം വീഞ്ഞിന്റെ സുഭിക്ഷ സദ്യയായി മാറിയപ്പോലെ സാജുവും രണ്ട് കുട്ടികളും അടങ്ങുന്ന ഈ കുടുംബത്തിലേക്ക് വെളിച്ചം കടന്നുവരും…

സാജുവിന്റെ കുടുംബത്തെ സഹായിക്കാൻ താഴെ ചേര്‍ത്തിരിക്കുന്ന അക്കൗണ്ട് നമ്പറില്‍ സംഭാവനകള്‍ അയയ്ക്കാവുന്നതാണ്. അതോടൊപ്പം ഒരുപാട് കാര്യങ്ങൾ ഷെയർ ചെയ്യുന്ന നമ്മൾ ഈ സഹായ അപേക്ഷ ഒന്ന് ഷെയർ ചെയ്‌ത്‌ കൂടുതൽ പേരിലേക്ക് എത്തിക്കാൻ നിങ്ങൾ സഹായിക്കില്ലേ…

NAME: SAJU SCARIA
IBAN: IE94AIBK93317101743090

BANK: AIB
BRANCH :Maynooth
ACCOUNT NO : 01743090
NSC: 933171

BIC :AIBKIE2D

ADDRESS
23, EARSFORT WAY, LUCAN
CO.DUBLIN, IRLAND

സാജുവിനെ ബന്ധപ്പെടാന്‍ PHONE: 00353899627576