ഗവണ്‍മെന്റിന്റെ ഹെല്‍പ്പ് ടു ബൈ ഹൗസിംഗ് സ്‌കീം റദ്ദാക്കിയേക്കുമെന്ന് സൂചന. വീടുകളുടെ വില വര്‍ദ്ധിക്കാന്‍ കാരണമാകുന്നതായും വന്‍കിടക്കാര്‍ക്ക് മാത്രം ഗുണകരമാകുന്നതായും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ പദ്ധതി എടുത്തുകളയാന്‍ ആലോചിക്കുന്നതെന്നാണ് വിവരം. കൂടുതല്‍ സഹായം ആവശ്യമായവരെ ലക്ഷ്യമിട്ടുകൊണ്ട് പുതിയ പദ്ധതി അവതരിപ്പിക്കാനാണ് മന്ത്രിമാര്‍ ആലോചിക്കുന്നതെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലുള്ള പദ്ധതിയില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടായിരിക്കും പുതിയ പദ്ധതി തയ്യാറാക്കുക. ഹെല്‍പ്പ് ടു ബൈ സ്‌കീമില്‍ ഉള്‍പ്പെടുത്തിയ വീടുകളില്‍ അഞ്ചിലൊന്ന് എണ്ണവും അവയുടെ മോടികൂട്ടാനായിരുന്നു ഉപയോഗിച്ചതെന്ന് കഴിഞ്ഞയാഴ്ച പുറത്തു വന്ന സര്‍വേ വ്യക്തമാക്കിയിരുന്നു.
2021ലായിരുന്നു ഹെല്‍പ്പ് ടു ബൈ പദ്ധതിയുടെ കാലാവധി അവസാനിക്കുന്നത്. എന്നാല്‍ അതിനു ശേഷവും ഇതിന്‍മേലുള്ള ഫണ്ടിംഗ് തുടരണമെന്ന് ഡെവലപ്പര്‍മാരും മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍മാരും സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി വരുന്നതിനിടെയാണ് ഈ വെളിപ്പെടുത്തല്‍ പുറത്തു വന്നത്. എന്തായാലും പദ്ധതി താല്‍ക്കാലികാടിസ്ഥാനത്തില്‍ നീട്ടിയേക്കുമെന്ന സൂചനയുണ്ട്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടായാരിക്കും ഇത് നടപ്പിലാക്കുകയെന്നാണ് വിവരം. പദ്ധതിയുടെ കാലാവധി താല്‍ക്കാലികമായി ദീര്‍ഘിപ്പിച്ചാലും അത് 2022 തെരഞ്ഞെടുപ്പിനു ശേഷവും നിലനില്‍ക്കും.
ഹെല്‍പ്പ് ടു ബൈ പദ്ധതിയിലുള്ള പര്‍ച്ചേസുകളില്‍ ഭൂരിപക്ഷവും നടന്നിരിക്കുന്നത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കീഴിലുള്ള പാര്‍ലമെന്റ് മണ്ഡലങ്ങളിലാണെന്നും ടെലിഗ്രാഫ് വെളിപ്പെടുത്തുന്നു. അതായത് ഈ പദ്ധതി എടുത്തു കളഞ്ഞാല്‍ അത് ടോറികള്‍ക്ക് നഷ്ടമായിരിക്കും സൃഷ്ടിക്കുക. 2013ല്‍ അവതരിപ്പിച്ചതിനു ശേഷം ഈ പദ്ധതി നേട്ടമുണ്ടാക്കിയോ എന്ന കാര്യത്തിലുള്ള അവലോകന റിപ്പോര്‍ട്ട് ഈ വര്‍ഷം അവസാനത്തോടെ വരാനിരിക്കുകയുമാണ്.
Leave a Reply