സ്വന്തം ലേഖകന്‍
ന്യുഡല്‍ഹി : ബി.ജെ.പി എം. പിയും ബോളിവുഡ് നടിയുമായ ഹേമമാലിനിക്കു വേണ്ടി മഹാരാഷ്ട്ര സര്‍ക്കാര്‍ വഴിവിട്ട് ഭൂമി ഇടപാട് നടത്തിയെന്ന് റിപ്പോര്‍ട്ട്. മുംബൈയിലെ അന്തേരിയില്‍ ഡാന്‍സ് സ്‌കൂള്‍ നടത്താന്‍ സര്‍ക്കാര്‍ 2,000 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം വെറും 70,000 രുപയ്ക്ക് നല്‍കിയെന്നാണ് വിവരാവകാശ രേഖപ്രകാരം പുറത്തുവന്നത്. കോടികളുടെ മൂല്യമുള്ള ഭൂമിയാണ് മഥുര എം.പിക്കു വേണ്ടി ബി.ജെ.പി സര്‍ക്കാര്‍ വിട്ടുനല്‍കിയത്.

1976ലെ മാര്‍ക്കറ്റ് വില അനുസരിച്ചാണ് 70,000 ഭൂമിക്ക് ഈടാക്കിയിരിക്കുന്നത്. എന്നാല്‍ ഇതിന് 50 കോടിക്കു മേല്‍ വില വരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കല, വിദ്യാഭ്യാസം, സംസ്‌കാരം തുടങ്ങിയ മേഖലയില്‍ മന്ദിരങ്ങള്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്ന സ്ഥലമാണിത്. പൊതുപ്രവര്‍ത്തകാനായ അനില്‍ ഗല്‍ഗാലിയാണ് വിവരാവകാശ നിയമപ്രകാരം ഈ രേഖ സ്വന്തമാക്കിയത്.

1997ല്‍ അന്നത്തെ ബി.ജെ.പി – ശിവസേന സര്‍ക്കാരാണ് ഹേമമാലിനിക്ക് മറ്റൊരു പ്ലോട്ട് വിട്ടുനല്‍കിയിരുന്നു. എന്നാല്‍ തീരദേശ നിയന്ത്രണ പരിധിയില്‍ വരുന്ന പ്രദേശമായതിനാല്‍ അവര്‍ ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയില്ല. പക്ഷേ പുതിയ പ്ലോട്ട് ലഭിച്ചപ്പോള്‍ പഴയ ഭൂമി തിരിച്ചുനല്‍കാന്‍ അവര്‍ തയ്യാറായിട്ടില്ലെന്നും ഗല്‍ഗാലി വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നല്‍കിയ ഭൂമിയില്‍ പരിസ്ഥിതി പ്രശ്‌നമുള്ളതിനാല്‍ പുതിയ ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ട് 2010ലെ കോണ്‍ഗ്രസ് സര്‍ക്കാരിന് അവര്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഭൂമി അനുവദിച്ചത്.

2013ല്‍ കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ലയുടെ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ കമ്പനിക്ക് അന്തേരിയില്‍ ഭൂമി അനുവദിച്ചത് വിവാദമായിരുന്നു. ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതു പിന്‍വലിക്കുകയായിരുന്നു.