മാഞ്ചസ്റ്ററിന്‍റെ അങ്കത്തട്ടില്‍ തീപാറി, വടംവലിയിലെ തലതൊട്ടപ്പൻമാർ തങ്ങള്‍ തന്നെയെന്ന് ഹെരിഫോർഡ് അച്ചായൻസ്. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ കൊമ്പൻസ് കാൻ്റബെറിയെ മുട്ടുകുത്തിച്ചാണ് അച്ചായൻസ് തുടർച്ചയായ രണ്ടാം കിരീടം കൈപ്പിടിയിലൊതുക്കിയത്. പതിനാറ് ടീമുകള്‍ മാറ്റുരച്ച ടൂർണമെന്‍റില്‍ ടൺബ്രിഡ്ജ് വെൽസ് ടസ്കേഴ്സ് കിംഗ്സ് മൂന്നാംസ്ഥാനവും തൊമ്മനും മക്കളും ഈസ്റ്റ് ബോൺ നാലാം സ്ഥാനവും നേടി. ഫെയർ പ്ലേ അവാർഡ് സ്വന്തമാക്കിയത് ബ്രാഡ്ഫോഡില്‍ നിന്നുള്ള പുണ്യാളൻസ് ടീമാണ്.

മികച്ച കമ്പവലിക്കാരനായി ഹെരിഫോർഡ് അച്ചായൻസിലെ അനൂപ് മത്തായി തെരഞ്ഞെടുക്കപ്പെട്ടു. ഒന്നാം
സ്ഥാനക്കാർക്ക് 1501 പൗണ്ടും ട്രോഫിയും സമ്മാനിച്ചു. 751 പൗണ്ടാണ് രണ്ടാം സ്ഥാനക്കാർക്ക് നല്‍കിയത്. മൂന്നും നാലും സ്ഥാനക്കാർക്ക് 501 പൗണ്ടും 251 പൗണ്ടും കൈമാറി. അഞ്ച് മുതല്‍ എട്ട് സ്ഥാനം വരെയുള്ളവർക്ക് പ്രോത്സാഹന സമ്മാനമായി 101 പൗണ്ട് നല്‍കി. ഫെയർ പ്ലേ അവാർഡ് 101 പൗണ്ടും മികച്ച വടംവലിക്കാരന് 51 പൗണ്ടുമാണ് സമ്മാനിച്ചത്.

മാഞ്ചസ്റ്റർ സിറ്റി കൗൺസില്‍ സ്പോർട്സ് സ്ട്രാറ്റജി ഓഫീസർ ഹീത് കോള്‍ ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തു.
സമീക്ഷ നാഷണല്‍ സെക്രട്ടറി ദിനേഷ് വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടേറിയറ്റ് മെമ്പറും സ്പോർട്സ് കോഡിനേറ്ററുമായ ജിജു സൈമൺ സ്വാഗതം പറഞ്ഞു. നാഷണല്‍ വൈസ് പ്രസിഡന്‍റ് ഭാസ്കരൻ പുരയില്‍, മാഞ്ചസ്റ്റർ യൂണിറ്റ് സെക്രട്ടറി ഷിബിൻ കാച്ചപ്പള്ളി എന്നിവർ സംസാരിച്ചു. നാഷണൽ കമ്മിറ്റി അംഗവും വടംവലി കോർഡിനേറ്ററുമായ അരവിന്ദ് സതീഷ് നന്ദി പറഞ്ഞു.

വിശിഷ്ടാതിഥികളും ടീം ക്യാപ്റ്റൻമാരും ചേർന്ന് ദീപം തെളിയിച്ചു. ദിനേഷ് വെള്ളാപ്പള്ളി, ഭാസ്കരൻ പുരയില്‍, ജിജു സൈമൺ, അരവിന്ദ് സതീഷ്, അഡ്വ.ദിലീപ് കുമാർ, ഉണ്ണികൃഷ്ണൻ ബാലൻ,ശ്രീകാന്ത് കൃഷ്ണൻ , രാജി ഷാജി, ഗ്ലീറ്റർ, സുജീഷ് കെ അപ്പു, പ്രവീൻ രാമചന്ദ്രൻ, ബൈജു ലിസെസ്റ്റർ, വിനു ചന്ദ്രൻ എന്നിവർ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബിജോ പറശേരിലും സെബാസ്റ്റ്യൻ എബ്രഹാമുമാണ് മത്സരം നിയന്ത്രിച്ചത്.

 

ചടുലമായ അനൗൺസ്മെൻ്റിലൂടെ സാലിസ്ബറിയിൽ നിന്നുള്ള ജയേഷ് അഗസ്റ്റിൻ കാണികളെ ആവേശം കൊള്ളിച്ചു. വടംവലി മത്സരത്തില്‍ നിന്ന് ലഭിച്ച തുക ഉരുള്‍പൊട്ടലില്‍ തകർന്നടിഞ്ഞ വയനാട് മുണ്ടക്കൈ ഗ്രാമത്തിന്‍റെ പുനർനിർമാണത്തിനായി ചിലവഴിക്കും. ദുരന്തത്തില്‍ വീട് നഷ്ടമായ ഒരു കുടുംബത്തിന് സ്നേഹഭവനം നിർമ്മിച്ചുനല്‍കാനും സമീക്ഷ തീരുമാനിച്ചിട്ടുണ്ട്. മത്സരവേദിയോട് ചേർന്ന് ചായക്കട നടത്തിയും സമീക്ഷ പണം സ്വരൂപിച്ചിരുന്നു.

 

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് മത്സരം കാണാൻ വിതൻഷോവ് പാർക്ക് അത്ലറ്റിക് സെന്‍ററില്‍ എത്തിയത്. സമീക്ഷയുടെ ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള കുടുംബസംഗമം കൂടിയായി മത്സരവേദി. സംഘാടന മികവ് കൊണ്ടും ടൂർണമെന്‍റ് വേറിട്ടുനിന്നു. വടംവലി മത്സരം വൻവിജമാക്കിയതിന് പിന്നില്‍ നാല് മാസക്കാലത്തെ ചിട്ടയായ പ്രവർത്തനമാണ്. അടുത്ത വർഷം കൂടുതല്‍ ടീമുകളെ പങ്കെടുപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം.