സ്വന്തം ലേഖകൻ
ലണ്ടൻ : കോവിഡ് രോഗികളെ രക്ഷിക്കാൻ ഡെക്സമെതസോൺ എന്ന മരുന്ന്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഡെക്സമെതസോൺ എന്ന മരുന്നിനു കഴിയുമെന്ന് കണ്ടെത്തൽ. വിലകുറഞ്ഞതും വ്യാപകമായി ലഭിക്കുന്നതുമായ മരുന്നാണ് ഡെക്സമെതസോൺ. വൈറസിനെതിരായ പോരാട്ടത്തിലെ പ്രധാന വഴിത്തിരിവാണ് കുറഞ്ഞ ഡോസ് സ്റ്റിറോയിഡ് ചികിത്സയെന്ന് വിദഗ്ധർ പറയുന്നു. ഈ മരുന്ന്, വെന്റിലേറ്റർ രോഗികളുടെ മരണസാധ്യത മൂന്നിലൊന്നായി കുറയ്ക്കുമെന്ന് ആരോഗ്യവിദഗ്ധർ പറഞ്ഞു. കൊറോണ വൈറസ് പകർച്ചവ്യാധിയുടെ തുടക്കം മുതൽ യുകെയിലെ രോഗികളെ ചികിത്സിക്കാൻ ഈ മരുന്ന് ഉപയോഗിച്ചിരുന്നെങ്കിൽ 5,000 ജീവൻ വരെ രക്ഷപ്പെടുമായിരുന്നു എന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. വില കുറവായതിനാൽ എല്ലാവർക്കും ഉപയോഗിക്കുവാനും സാധിക്കും.
കൊറോണ വൈറസ് ബാധിച്ച 20 രോഗികളിൽ 19 പേരും ആശുപത്രിയിൽ പ്രവേശിക്കാതെ തന്നെ സുഖം പ്രാപിക്കുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ഭൂരിഭാഗവും സുഖം പ്രാപിക്കുന്നുണ്ട്. എന്നാൽ ചിലർക്ക് ഓക്സിജനോ മെക്കാനിക്കൽ വെന്റിലേഷനോ ആവശ്യമായി വന്നേക്കാം. അവർക്കാണ് ജീവൻ രക്ഷിക്കാൻ ഡെക്സമെതസോൺ നൽകുന്നത്. ഇൻഫ്ളമേഷൻ കുറയ്ക്കുന്നതിന് ഈ മരുന്ന് നേരത്തെ തന്നെ ഉപയോഗിക്കുന്നുണ്ട്. കോറോണയ്ക്കെതിരെ പോരാടുമ്പോൾ ഉണ്ടാവുന്ന ശരീരത്തിന്റെ അമിത പ്രതികരണത്തെ സൈറ്റോകൈൻ സ്റ്റോം എന്ന് വിളിക്കുന്നു. ഇത് മരണത്തിനുവരെ കാരണമായേക്കാം. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള സംഘത്തിന്റെ നേതൃത്വത്തിൽ രണ്ടായിരത്തോളം ആശുപത്രി രോഗികൾക്ക് ഡെക്സമെതസോൺ നൽകിയിരുന്നു. ഈ മരുന്നിന്റെ ഉപയോഗം വെന്റിലേറ്റർ രോഗികളുടെ മരണ സാധ്യത 40% ൽ നിന്ന് 28% ആക്കി കുറയ്ക്കുന്നു. ഒപ്പം ഓക്സിജൻ ആവശ്യമുള്ള രോഗികളിൽ മരണസാധ്യത 25% ൽ നിന്ന് 20% ആയി കുറഞ്ഞു. മരണനിരക്ക് കുറയ്ക്കുന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടുള്ള ഒരേയൊരു മരുന്നാണ് ഡെക്സമെതസോൺ എന്ന് ചീഫ് ഇൻവെസ്റ്റിഗേറ്റർ പ്രൊഫ. പീറ്റർ ഹോർബി പറഞ്ഞു. കൊറോണ വൈറസിന്റെ നേരിയ ലക്ഷണങ്ങളുള്ള ആളുകൾക്ക് ഡെക്സമെതസോൺ നൽകുന്നില്ല.
ആഗോളതലത്തിൽ ലഭ്യമായ മരുന്നാണ് ഡെക്സമെതസോൺ. കോവിഡ് -19 ൽ നിന്നുള്ള മരണങ്ങൾ കുറയ്ക്കുന്നതായി തെളിയിക്കപ്പെട്ട ആദ്യത്തെ മരുന്ന് പുതിയതും ചെലവേറിയതുമായ ഒന്നല്ല. മറിച്ച് നേരത്തെ ഉണ്ടായിരുന്നതും വിലകുറഞ്ഞതുമാണ്. ലോകമെമ്പാടുമുള്ള രോഗികൾക്ക് പ്രയോജനം ലഭിക്കുന്ന വിവരങ്ങളാണ് ഓക്സ്‌ഫോർഡ് പുറത്തുവിട്ടിരിക്കുന്നത്. റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ആസ്ത്മ തുടങ്ങിയ രോഗാവസ്ഥകൾക്ക് ചികിത്സിക്കാൻ 1960 കളുടെ തുടക്കം മുതൽ ഡെക്സമെതസോൺ ഉപയോഗിക്കുന്നുണ്ട്. വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് രോഗികളിൽ പകുതിപേരും രക്ഷപെടുന്നില്ല. അതിനാൽ തന്നെ മരണസാധ്യത മൂന്നിലൊന്നായി കുറയ്ക്കുന്നത് ആഗോളതലത്തിൽ തന്നെ വലിയ സ്വാധീനം ചെലുത്തും.
Leave a Reply