ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയ ശേഷം യാത്രക്കാരെ അഭിസംബോധന ചെയ്യാന്‍ കോക്പിറ്റില്‍ നിന്ന് പുറത്തിറങ്ങി ബ്രിട്ടീഷ് എയര്‍വേയ്‌സ് പൈലറ്റ്. ഹൈഡ്രോളിക് ഫ്‌ളൂയിഡ് ചോര്‍ച്ചയെത്തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്. ലാന്‍ഡിംഗിനു ശേഷം ക്യാബിനിലെത്തി ക്യാപ്റ്റന്‍ യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുകയായിരുന്നു. തങ്ങള്‍ക്ക് ഒരു പോറല്‍ പോലുമേല്‍ക്കാതെ സുരക്ഷിതമായി വിമാനം ലാന്‍ഡ് ചെയ്യിച്ച പൈലറ്റിനെ യാത്രക്കാര്‍ കയ്യടിച്ച് അനുമോദിക്കുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന ഇസ്രയേലി മോഡലായ ഹോഫിറ്റ് ഗോലാന്‍ വിമാനത്തിലെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

യാത്രക്കാര്‍ പരിഭ്രാന്തരായിരിക്കുന്നതും പലരും നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ വിമാനം നിയന്ത്രണത്തിലാക്കിയതിനു ശേഷം കോക്പിറ്റില്‍ നിന്ന് ക്യാപ്റ്റന്‍ പുറത്തു വരുന്നതും സംസാരിക്കുന്നതും യാത്രക്കാര്‍ അദ്ദേഹത്തെ അനുമോദിക്കുന്നതും വീഡിയോയിലുണ്ട്. നേപ്പിള്‍സില്‍ നിന്നെത്തിയ വിമാനം പുലര്‍ച്ചെ 12.30നാണ് ഗാറ്റ്വിക്കില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്. സ്‌കൂള്‍ കുട്ടികളുടെ സംഘങ്ങളും വിമാനത്തിലുണ്ടായിരുന്നു. റണ്‍വേയില്‍ നിന്ന് വിമാനം പിന്നീട് കെട്ടിവലിച്ച് മാറ്റുകയായിരുന്നു. ഹൈഡ്രോളിക് ഫ്‌ളൂയിഡ് റണ്‍വേയില്‍ പരക്കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇസ്രയേലിന്റെ പാരിസ് ഹില്‍ട്ടണ്‍ എന്നറിയപ്പെടുന്ന മോഡലാണ് ഹോഫിറ്റ് ഗോലാന്‍. ഞങ്ങളുടെ പൈലറ്റ് ഒരു ഹീറോയാണ് എന്ന അടിക്കുറിപ്പോടെയാണ് ഹോഫിറ്റ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. പൈലറ്റിന്റെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എമര്‍ജന്‍സി ലാന്‍ഡിംഗില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.