തമിഴ്നാട്ടിലേക്ക് കടല്‍മാര്‍ഗം ഭീകരര്‍ എത്തിയെന്ന വാര്‍ത്തയെ തുടര്‍ന്ന് കേരളത്തിലും അതീവ ജാഗ്രതാനിര്‍ദേശം. ബസ് സ്റ്റാന്‍ഡ്, റയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം തുടങ്ങി ജനങ്ങള്‍ കൂടുന്ന എല്ലായിടങ്ങളിലും ജാഗ്രത പുലര്‍ത്താന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി. ആരാധനാലയങ്ങള്‍ക്ക് ചുറ്റും നിരീക്ഷണവും സുരക്ഷയും ശക്തമാക്കും.
തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ പരിശോധന കര്‍ശനമാക്കും. എന്തെങ്കിലും സംശയകരമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയില്‍ പെട്ടാല്‍ ജനങ്ങള്‍ 112 എന്നനമ്പരിലേക്ക് വിവരമറിയിക്കണം. സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലേക്ക് 0471–2722500 എന്ന നമ്പരിലും വിളിക്കാം.
ശ്രീലങ്കയില്‍ നിന്നുള്ള ആറംഗ സംഘത്തിനു സൗകര്യമൊരുക്കിയ തൃശ്ശൂര് സ്വദേശിക്കായും തിരച്ചില്‍ തുടങ്ങി. ഹിന്ദുവേഷങ്ങളിലെത്തി ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തമിഴ്നാട്ടിലെങ്ങും വന്‍തോതില്‍ പരിശോധനകള്‍ നടക്കുകയാണ്.
ചെന്നൈ അടക്കമുള്ള ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു. പടിഞ്ഞാറന്‍ തമിഴ്നാട്ടിലെ എട്ടുജില്ലകളിലായി ഏഴായിരം പൊലിസുകാരെ സുരക്ഷ പരിശോധനയ്ക്കായി നിയോഗിച്ചു. മൂന്നുജില്ലകള് ഉള്‍പെടുന്ന ചെന്നൈ നഗരത്തില്‍ മാത്രം ആയിരത്തിയഞ്ഞൂറ് പൊലീസുകാര്‍ നിരത്തിലുണ്ട്. റയില്‍വേ സ്റ്റേഷന്‍ വിമാനത്താവളം, ബസ് സ്റ്റാന്‍ഡുകള്‍ ,ആരാധാനാലയങ്ങള്‍ തുടങ്ങിയയിടങ്ങളില്‍ കര്‍ശന പരിശോധനായാണ് നടക്കുന്നത്.
സംശയം തോന്നുവരെയും വാഹനങ്ങളെയും കസ്റ്റഡിയിലെടുക്കുന്നുണ്ട്. കോസ്റ്റല്‍ പൊലീസിന്റെയും സുരക്ഷ ഏജന്‍സികളുടെയും കണ്ണുവെട്ടിച്ച് അനധികൃത ബോട്ടില്‍ ആറുപേര്‍ തമിഴ്നാട് തീരത്തിറങ്ങിയെന്നാണ് വിവരം. ഇവര്‍ പിന്നീട് കോയമ്പത്തൂരിന്റെ വിവിധ കേന്ദ്രങ്ങളിലേക്കു പോയന്നും കേന്ദ്ര ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ ഇല്യാസെന്ന പേരുള്ള പാക്ക് പൗരനാണ്. ഈ സംഘത്തിനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയത് തൃശ്ശൂര്‍ സ്വദേശിയാണെന്ന് സ്ഥിരീകരിച്ചു. അബ്ദുള്‍ കരീം എന്നയാളുടെ പാസ്പോര്ട്ട് വിവരങ്ങള്‍ ഏജന്‍സികള്‍ പരസ്യപെടുത്തുകയും ചെയ്തു.
കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന് തമിഴ്നാടുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു. കോയമ്പത്തൂര്‍ നാഗപട്ടണം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായി പത്തിലധികം പേരെ എന്‍.ഐ.എ പിടികൂടുകയും ചെയ്തിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കോയമ്പത്തൂര്‍ അടക്കമുള്ള പടിഞ്ഞാറന്‍ തമിഴ്നാട്ടില്‍ അതീവ മുന്‍കരുതലെടുത്തിരിക്കുന്നത്.
Leave a Reply