കൊച്ചി: ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രിയായിരുന്ന കെ. ബാബുവിന്റെ രാജിക്കു വരെ കാരണമായ വിജിലന്‍സ് കോടതി ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. ഉത്തരവ് രണ്ടു മാസത്തേക്കാണ് കോടതി സ്‌റ്റേ ചെയ്തത്. ജസ്റ്റിസ് പി.ഉബൈദിന്റെ ബഞ്ചാണ് സ്റ്റേ പ്രഖ്യാപിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള ഉത്തരവിട്ടതില്‍ തൃശൂര്‍ വിജിലന്‍സ് കോടതി അനാവശ്യ ധൃതി കാണിച്ചതായി ഹൈക്കോടതി പറഞ്ഞു.
പത്തു ദിവസത്തികം ദ്രുതപരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കി. വിഷയത്തില്‍ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ വിജിലന്‍സ് കോടതി ഇത്തരത്തില്‍ ഇടപെട്ടത് അനൗചിത്യമാണെന്ന വിലയിരുത്തലാണ് ഹൈക്കോടതി നടത്തിയത്. ജുഡീഷ്യല്‍ മര്യാദകളുടേയും മുന്‍ ഉത്തരവുകളുപടേയും ലംഘനമാണ് വിജിലന്‍സ് കോടതി നടത്തിയതെന്നും ജസ്റ്റിസ് പി. ഉബൈദ് വിലയിരുത്തി.
ബാര്‍ തുറക്കുന്നതിനായി എക്‌സൈസ് മന്ത്രിയായിരുന്ന ബാബു ബാര്‍ ഉടമയില്‍ നിന്ന് 50 ലക്ഷം കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് കോടതി ബാൂബുവിനെതിരേ കേസെടുക്കാന്‍ ഉത്തരവിട്ടത്. ജോസ് വട്ടുകളം സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു നടപടി.