ലക്ഷദ്വീപിലെ വിവാദ ഉത്തരവുകൾക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ഡയറി ഫാം അടച്ചു പൂട്ടിയതും ഉച്ചഭക്ഷണത്തിൽ നിന്ന് ബീഫ് ഒഴിവാക്കിയതുമാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.
ലക്ഷദ്വീപ് സ്വദേശി അജ്മൽ അഹമദ് സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ ഇടപെടൽ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവുകൾ സ്റ്റേ ചെയ്തത്.
ഡയറി ഫാമുകൾ അടച്ചുപൂട്ടാനുള്ള തീരുമാനം ഏകപക്ഷീയമാണെന്നും ആവശ്യമായ കൂടിയാലോചനകൾ ഇല്ലാതെയാണ് തീരുമാനം സ്വീകരിച്ചതെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
തീരുമാനങ്ങൾക്ക് പിന്നിൽ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് ദുരുദേശങ്ങളുണ്ടായിരുന്നെന്നും ഹർജിയിൽ പറഞ്ഞിരുന്നു. സ്‌കൂൾ ഭക്ഷണ മെനുവിൽ നിന്ന് ബീഫ് നീക്കം ചെയ്തതിന് പിന്നിലും രാഷ്ട്രീയ നീക്കമുണ്ടെന്നും ഹർജിയിൽ പറയുന്നു.
എതിർ സത്യവാങ്മൂലം സമർപ്പിക്കുന്നതു വരെ തുടർനടപടികൾ ഉണ്ടാകരുതെന്നാണ് നിർദേശം. ഇപ്പോൾ സ്റ്റേ ചെയ്ത രണ്ട് വിവാദ ഉത്തരവുകളെയും കുറിച്ചുള്ള പൊതുതാത്‌പര്യ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലായിരുന്നു.
Leave a Reply