ലൈംഗിക പീഡനം നടത്തുന്നതു ഭർത്താവ് ആണെങ്കിലും അതു ബലാൽസംഗക്കുറ്റം തന്നെയെന്നു കർണാടക ഹൈക്കോടതി വ്യക്തമാക്കി. വിവാഹം കഴിഞ്ഞ നാൾ മുതൽ ഭർത്താവ് തന്നെ ലൈംഗിക അടിമ ആയാണു കാണുന്നതെന്നും മകളുടെ സാന്നിധ്യത്തിൽ പ്രകൃതിവിരുദ്ധ ബന്ധത്തിനു നിർബന്ധിക്കുന്നുവെന്നും ആരോപിച്ച് ഭാര്യ നൽകിയ കേസ് തള്ളാനാകില്ലെന്നു ജസ്റ്റിസ് എം.നാഗപ്രസന്ന അറിയിച്ചു.
വിവാഹം ക്രൂരത കാട്ടാനുള്ള ലൈസൻസ് അല്ല. ലൈംഗിക പീഡനത്തിന്റെ പേരിൽ പുരുഷനെ ശിക്ഷിക്കുന്നുണ്ടെങ്കിൽ അത് വിവാഹിതരായ പുരുഷനും ബാധകമാണ്. ഭാര്യയുടെ ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും ഉടമസ്ഥൻ ഭർത്താവാണെന്നത് അറുപഴഞ്ചൻ ചിന്താഗതിയാണ്– കോടതി വ്യക്തമാക്കി.
പ്രായപൂർത്തിയായ സ്ത്രീയുമായുള്ള വിവാഹ ജീവിതത്തിലെ ബലാൽസംഗം കുറ്റകരമാക്കാത്ത ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ 375–ാം വകുപ്പ് നിലനിർത്തിയാൽ ഭരണഘടനയിലെ ലിംഗസമത്വമെന്ന ആശയം തന്നെ തകരും. ഭാര്യയുടെ മാനസിക, ശാരീരിക അവസ്ഥകളെ ഭർത്താവിന്റെ പീഡനം ഗുരുതരമായി ബാധിക്കും. അവളുടെ ഹൃദയത്തിൽ മുറിവേൽക്കുന്നത് തിരിച്ചറിയണം. നിയമനിർമാണ സ്ഥാപനങ്ങൾ ഇനിയെങ്കിലും ഇത്തരം സ്ത്രീകളുടെ നിശ്ശബ്ദ വിലാപം കേൾക്കാൻ തയാറാകണം– കോടതി പറഞ്ഞു.
Leave a Reply