ന്യൂസ് ഡെസ്ക് മലയാളം യുകെ
രാജ്യത്തെ ചില അതിവേഗ ട്രെയിനുകളിൽ വിള്ളലുകൾ കണ്ടെത്തിയതിനെ തുടർന്ന് ഏറ്റവും തിരക്കേറിയ രണ്ട് റെയിൽ സർവീസുകൾക്ക് തടസ്സം നേരിടുന്നു. ലണ്ടൻ പാഡിംഗ്ടണിലേക്കും പുറത്തേക്കുമുള്ള ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഹിറ്റാച്ചി 800 സീരീസ് ട്രെയിനുകളിൽ ആണ് തകരാറുകൾ കണ്ടെത്തിയത്. ഇതേ തുടർന്ന് മുൻ കരുതൽ നടപടിയായി ഈ വിഭാഗത്തിൽപ്പെടുന്ന നിരവധി ട്രെയിനുകൾ പരിശോധയ്ക്കായി മാറ്റി.
തകരാറുകൾ സംഭവിച്ചതിനും ട്രെയിൻ ഗതാഗതം തടസപ്പെട്ടതിനും ഹിറ്റാച്ചി ക്ഷമ ചോദിച്ചു. ട്രെയിൻ ഗതാഗതം പൂർവ്വസ്ഥിതിയിലാകാൻ സമയം എടുത്തേക്കാമെന്ന് റെയിവേ മന്ത്രി മുന്നറിയിപ്പ് നൽകി. പ്രശ്‌നം പരിഹരിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. യാത്രയ്ക്ക് മുമ്പ് ട്രെയിൻ ഓപ്പറേറ്റർമാരുടെ വെബ്‌സൈറ്റുകൾ പരിശോധിക്കാൻ യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ നടത്തിയ പതിവ് പരിശോധനയിലാണ് ചില ട്രെയിനുകളിലെ ചേസിസിന്റെ ഭാഗത്ത് പ്രശ്നം കണ്ടെത്തിയതെന്ന് ഗതാഗത മന്ത്രി ക്രിസ് ഹീറ്റൻ ഹാരിസ് വെളിപ്പെടുത്തി. ലണ്ടൻ, ബ്രിസ്റ്റോൾ, കാർഡിഫ്, പെൻസാൻസ് എന്നിവയ്ക്കിടയിലുള്ള എല്ലാ അതിവേഗ ഗ്രേറ്റ് വെസ്റ്റേൺ റെയിൽവേ സർവീസുകളും റദ്ദാക്കിയതിനാൽ, യാത്രയ്ക്ക് ശ്രമിക്കരുതെന്ന് ജനങ്ങളോട് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ട്രെയിൻ ഗതാഗതത്തിൽ ഉണ്ടായ പ്രശ്‌നങ്ങൾ ഇന്ന് ഞായറാഴ്ചയും സേവനങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Leave a Reply