ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ റാലി മുതല്‍ ജസ്റ്റിന്‍ ബീബറിന്റെ പരിപാടി വരെ രാജ്യത്തെ ഒറ്റ മെഗാ പരിപാടി വിടാതെ എല്ലാറ്റിലും പങ്കെടുക്കുകയും വന്‍ മോഷണം നടത്തുകയും ചെയ്ത ആറംഗ സംഘം ഒടുവില്‍ പോലീസ് പിടിയില്‍. മോഡിയുടെ വിവിധ ഇടങ്ങളിലെ റാലികള്‍, പുരി രഥയാത്ര, ജസ്റ്റീന്‍ ബീബറിന്റെ മുംബൈയിലെ സംഗീത പരിപാടി, ഗ്രേറ്റര്‍ നോയ്ഡയിലെ ഓട്ടോ എക്‌സ്‌പോ എന്നിവയിലെല്ലാം ജനക്കൂട്ടം ഹരമായി മാറിയ സംഘം പഴ്‌സുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവയെല്ലാം അടിച്ചു മാറ്റുകയായിരുന്നു പരിപാടി.

സംഘത്തിലെ ഓരോ കള്ളനും നേതാവ് മാസം നല്‍കിയിരുന്ന ശമ്പളം 40,000 രൂപയാണ്. വടക്കുകിഴക്ക് ഡല്‍ഹിയിലെ വമ്പന്‍ മോഷ്ടാവ് തലവനായ സംഘം സ്‌റ്റൈലിഷായി നടന്നായിരുന്നു മോഷണങ്ങള്‍ നടത്തിയിരുന്നത്. വിമാനയാത്ര, ട്രെയിനിലാണ് യാത്രയെങ്കില്‍ ഫസ്റ്റ്ക്‌ളാസ് കമ്പാര്‍ട്ട്‌മെന്റ് എന്നിങ്ങനെയായിരുന്നു യാത്രകള്‍. മോഷണമുതലുമായി തിരിച്ചു വരുന്നതും ഇതേ രീതിയില്‍. സംഘത്തലവന്‍ അസ്‌ളം ഖാന്‍ എന്ന 38 കാരനെ പോലീസ് പിടിച്ചതോടെയാണ് ഗ്യാംഗിന്റെ വിവരം പുറത്തു വന്നത്. ഇയാളെയും സഹായി 23 കാരന്‍ മുകേഷ്‌കുമാറിനെയും ജഗന്നാഥ് യാത്രയുടെ തിരിച്ചു വരവില്‍ പുരിയില്‍ വെച്ച് പിടിയിലാകുകയായിരുന്നു. മോഷ്ടിക്കപ്പെട്ട ഫോണുകളുമായി ഒരാള്‍ കിഴക്കന്‍ ഡല്‍ഹിയിലെ മൗജ്പൂരില്‍ നിന്നും വരുന്നതായി പോലീസിന് വിവരം കിട്ടുകയായിരുന്നു. തുടര്‍ന്ന് കെണിയൊരുക്കിയ പോലീസ് രണ്ടു പേരെയും പിടകൂടി. ഇവരില്‍ നിന്നും ഒരു പിസ്റ്റളും കാട്രിഡ്ജും 46 ഉന്നത നിലവാരമുള്ള സ്മാര്‍ട്ട്‌ഫോണുകളും കണ്ടെത്തുകയായിരുന്നു.

അസ്‌ളം ഇതുവരെ 5,000 ല്‍ പരം ഫോണുകള്‍ മോഷണം നടത്തിയതായി പോലീസ് പറഞ്ഞു. ടെലിവിഷനില്‍ പരിപാടികള്‍ കണ്ടതില്‍ നിന്നുമാണ് ആള്‍ക്കൂട്ടത്തില്‍ മോഷണം നടത്താമെന്ന ആശയം തനിക്ക് കിട്ടിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. 1995 മുതല്‍ ഡല്‍ഹിയിലെ തിരക്കേറിയ ചന്തകള്‍, ഡിറ്റിസി ബസുകള്‍ എന്നിവകളില്‍ ചെറിയ ചെറിയ മോഷണങ്ങള്‍ നടത്തിയതില്‍ നിന്നുമാണ് അസ്‌ളത്തിന് ജനക്കൂട്ട മോഷണം എന്ന ആശയം കിട്ടിയിട്ടുള്ളത്. ഡല്‍ഹി – എന്‍സിആറില്‍ നടക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ കുട്ടികളെ പരിശീലിപ്പിച്ച് ഇത്തരം മോഷണങ്ങള്‍ നടത്താന്‍ അസ്‌ളത്തിന് പദ്ധതി ഉണ്ടായിരുന്നു എങ്കിലും നിയമം കര്‍ശനമാക്കിതിനാല്‍ വിട്ടുകളയുകയായിരുന്നു. രാജ്യത്ത് നടക്കുന്ന വന്‍കിട പരിപാടികള്‍ ലക്ഷ്യമിട്ട് അഞ്ചംഗ നൊട്ടോറിയസ് ടീമിനെ അസ്‌ളം സജ്ജമാക്കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാജ്യത്തെ ഓരോ വന്‍കിട പരിപാടികളും പത്രത്തിലൂടെ മനസ്സിലാക്കി സംഘം ഷെഡ്യൂള്‍ ചെയ്തിരുന്നു. വന്‍കിട സംഗീത പരിപാടികള്‍ക്ക് ടിക്കറ്റ് വാങ്ങുകയും ഹോട്ടലുകള്‍ നേരത്തേ ബുക്ക് ചെയ്ത് വിമാനത്തില്‍ സഞ്ചരിക്കുകയും ചെയ്തിരുന്നു. സദസ്സിന് അനുകൂലമായ വസ്ത്രം ധരിക്കുകയും കൂടെ കൊണ്ടുപോകേണ്ട ഉപകരണങ്ങള്‍ ശ്രദ്ധയോടെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ പോപ്പ് സ്റ്റാറുകള്‍ ഉള്‍പ്പെടെയുള്ള പോപ്പ് താരങ്ങളുടെ സംഗീത പരിപാടികള്‍ക്ക് പുറമേ ഗുജറാത്തിലെ ഗര്‍ബാ ആഘോഷം, ടി 20 മത്സരങ്ങള്‍, വന്‍കിട രാഷ്ട്രീയ റാലികള്‍, ഉദ്ഘാടന ചടങ്ങുകള്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നത് പോലുള്ള ജനം കൂടുന്ന പരിപാടികള്‍ എന്നിവയിലെല്ലാം ഇവരുണ്ടായിരുന്നു.

മൊബൈല്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന ആള്‍ക്കാര്‍ക്കാണ് ഇവര്‍ മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഫോണുകള്‍ വിറ്റിരുന്നത്. പോലീസ് അന്വേഷണം ഇല്ലാതാക്കാന്‍ ഈ ഫോണുകള്‍ അവര്‍ അഴിച്ച് അതിന്റെ ഭാഗങ്ങള്‍ വില്‍പ്പന നടത്തുമായിരുന്നു. വിവാഹിതനും മക്കളുള്ള ആളുമാണെങ്കിലും അസ്‌ളം തന്റെ ജോലിയെക്കുറിച്ച് ഭാര്യയോടോ മക്കളോ ഒരക്ഷരം മിണ്ടിയിരുന്നില്ല.