ആസാമിലെ നെൽകർഷകന്റെ മകൾ ഇന്ത്യയുടെ അഭിമാനപുത്രിയായി. ഫിൻലൻഡിലെ ടാംപെരയിൽ നടന്ന ഐഎഎഎഫ് ലോക അണ്ടർ 20 അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്ററിൽ സ്വർണം നേടിയ ഹിമ ദാസാണ് ഇന്ത്യയുടെ അഭിമാനമായത്. ആസാമിൽ ഓട്ടക്കാർ ജന്മമെടുക്കുന്നത് അത്യപൂർവം.
ആ അപൂർവതയായി ഹിമ. സ്വർണം നേടിയ താരത്തിന് രാജ്യത്തിന്റെ നാനഭാഗത്തുനിന്നും അഭിനന്ദനപ്രവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖർ താരത്തെ അഭിനന്ദിച്ചു. ലോക ചാന്പ്യൻഷിപ്പിന്റെ ട്രാക്ക് ഇനത്തിൽ ഇന്ത്യയുടെ ആദ്യത്തെ സ്വർണമെഡലാണ് യുവതാരം നേടിയത്. 51.32 സെക്കൻഡിൽ ഫിനിഷ് ചെയ്തായിരുന്നു സ്വർണമണിഞ്ഞത്. സെമിഫൈനലുകളിൽ ഏറ്റവും മികച്ച സമയവും ഹിമയുടേതായിരുന്നു.
ആസാമിലെ നാഗോണ്‍ ജില്ലയിലെ ഒരു കർഷക കുടുംബത്തിലാണ് ഹിമ ജനിച്ചത്. അച്ഛൻ നെൽകർഷകനായ റോണ്ജിത് ദാസ്. അമ്മ ജോമാലി. ഇവരുടെ ആറു മക്കളിൽ ഇളയവളാണ് ഹിമ. ഓട്ടത്തിലേക്കു തിരിയും മുന്‍പ് ഹിമ ഫുട്ബോൾ കളിച്ചാണ് തുടങ്ങിയത്. നെൽവയലുകളുടെ സമീപമുള്ള മണ്ണിൽ ആണ്‍കുട്ടികൾക്കൊപ്പം പന്തു തട്ടിക്കളിച്ചു വളർന്ന യുവതാരത്തെ ഒരു പ്രാദേശിക പരിശീലകനാണ് അത്ലറ്റിക്സിലേക്കു മാറ്റിയത്.
അന്തർ ജില്ലാ മീറ്റിൽ ഹിമയുടെ പ്രകടനം കണ്ട് സ്പോർട്സ് ആൻഡ് യൂത്ത് വെൽഫയർ ഡയക്ടറേറ്റിലെ പരിശീലകൻ നിപ്പോണ്‍ ശ്രദ്ധിച്ചു. ആ മീറ്റിൽ ഹിമയ്ക്കുണ്ടായിരുന്നത് വിലകുറഞ്ഞ സ്പൈക്സായിരുന്നുവെന്നും എന്നാൽ കാറ്റിന്റെ വേഗത്തിലോടി 100, 200 മീറ്ററുകളിൽ സ്വർണംനേടിയെന്നും നിപ്പോണ്‍ പറഞ്ഞു.
ഹിമയെ 140 കിലോമീറ്റർ അകലെയുള്ള ഗോഹട്ടിയിലേക്ക് അയയ്ക്കാൻ നിപ്പോണ്‍ അവളുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. തങ്ങളുടെ ഇളയമകളെ അത്രയും ദൂരേക്കു വിടാൻ ആദ്യം മാതാപിതാക്കൾ മടിച്ചെങ്കിലും ഹിമയുടെ കായിക ലോകത്തെ ഭാവിയെക്കരുതി അവർ അദ്ദേഹത്തിന്റെ വാക്കു കേട്ടു.
ഹിമയ്ക്ക് സാരുസജായ് സ്പോർട്സ് കോംപ്ലക്സിൽ വാടകയ്ക്കു താമസിക്കാനുള്ള സൗകര്യം അദ്ദേഹം ചെയ്തുകൊടുത്തു. സ്റ്റേറ്റ് അക്കാഡമിയിലേക്ക് പ്രവേശനം നല്‍കണമെന്ന് അദ്ദേഹം അധികൃതരോട് അഭ്യർഥിച്ചു. അക്കാഡമിയിൽ ബോക്സിംഗിനും ഫുട്ബോളിനും മാത്രമേ സ്പെഷലൈസേഷനുണ്ടായിരുന്നുള്ളൂ. എന്നാൽ, ഹിമയുടെ പ്രകടനം കണ്ട് അധികൃതർ അക്കാഡമിയിലേക്കു പ്രവേശനം നല്കി. വലിയ സ്വപ്നം കാണുകയെന്നു മാത്രമാണ് താൻ എപ്പോഴും ഹിമയോട് പറയാറുള്ളതെന്ന് നിപ്പോണ്‍ പറഞ്ഞു.
Leave a Reply