ന്യുഡല്‍ഹി: ലതാ മങ്കേഷ്‌കറുടെ വിയോഗത്തിന്റെ വേദന മാറും മുന്‍പ് ഇന്ത്യന്‍ സംഗീതത്തില്‍ മറ്റൊരു കനത്ത നഷ്ടം കൂടി. ഹിന്ദി ഗായകനും സംഗീത സംവിധായകനുമായ ബപ്പി ലാഹിരി (69) അന്തരിച്ചു. ഇന്ത്യന്‍ ഡിസ്‌കോ കിംഗ് എന്നറിയപ്പെട്ടിരുന്ന ബപ്പിയുടെ പാട്ടുകള്‍ 80കളിലും 90 കളിലും ബോളിവുഡ് സിനിമകളില്‍ തരംഗമായിരുന്നു.

നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന ബപ്പി ലാഹിരി കഴിഞ്ഞ ഒരു മാസമായി ആശുപത്രിയിലായിരുന്നു. തിങ്കളാഴ്ച വീട്ടില്‍ തിരിച്ചെത്തിയെങ്കിലും ആരോഗ്യം വീണ്ടും മോശമാകുകയായിരുന്നു. ഡോക്ടര്‍ വീട്ടില്‍ വന്ന് പരിശോധിച്ച് മുംബൈയിലെ ക്രിട്ടി കെയര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അര്‍ദ്ധരാത്രിയോടെ മരണമടയുകയായിരുന്നു.

മാതാപിതാക്കളുടെ കൈപിടിച്ച് മൂന്നാം വയസ്സില്‍ തബല വായിച്ച് സംഗീത ലോകാത്തേക്ക് കടന്നുവന്ന് ഇന്ത്യന്‍ സിനിമ ഗാന മേഖല കീഴടക്കിയ ബംഗാളി ഗായകനാണ് ബപ്പി. ഡിസ്‌കോ ഡാന്‍സര്‍, ഡാന്‍സ് ഡാന്‍സ്, ചല്‍ത്തെ ചല്‍ത്തെ , നമക് ഹലാല്‍ തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ സംഗീതം ബോളിവുഡിനെ പിടിച്ചുകുലുക്കി. ബംഗാള്‍ സിനിമകള്‍ക്ക് എണ്ണമറ്റ ഗാനങ്ങള്‍ സമ്മാനിച്ചു. സ്വന്തമായി കംപോസ് ചെയ്ത നിരവധി ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുമുണ്ട്. ഡിസ്‌കോ ഡാന്‍സറിലെ കോയി യഹ നാചെ നാചെ, സാഹബിലെ പ്യാര്‍ ബിന ചെയ്ന്‍ കഹ എന്നിവ ഉദാഹരണമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സണ്‍ഗ്ലാസും ആഭരണങ്ങളും ധരിച്ച് സംഗീത വേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ബപ്പി ലാഹിരിയുടെ പാട്ടും ഡാന്‍സും ആരാധകര്‍ക്ക് ആവേശമായിരുന്നു. അലോകേഷ് എന്നാണ് ബപ്പി ലഹിരിയുടെ യഥാര്‍ത്ഥ പേര്. 2020ല്‍ ബാഗി 3 എന്ന ചിത്രത്തിനു വേണ്ടി കംപോസ് ചെയ്ത ബങ്കാസ് എന്ന ഗാനമാണ് ബോളിവുഡിന് നല്‍കിയ അവസാന സമ്മാനം.

1952 നവംബര്‍ 27ന് ബംഗാളിലെ ജല്‍പൈഗുരിയിലായിരുന്നു ജനനം. എന്നാല്‍ ജൂലായ് 18നാണ് അദ്ദേഹം പതിവായി പിറന്നാള്‍ ആഘോഷിച്ചത്. അലോകേഷില്‍ നിന്നും ബപ്പിയിലേക്കുള്ള മാറ്റത്തിന്റെ ആഘോഷമായിരുന്നു അദ്ദേഹം നടത്തിയിരുന്നത്. 2014ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചുവെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടിരുന്നു.

ചിത്രാനി ലാഹിരിയാണ് ഭാര്യ. ബപ്പ, റെമ എന്നിവര്‍ മക്കളുമാണ്.