ക്രിസ്ത്യന്‍ മാനേജുമെന്റിന്റെ കീഴിലുള്ള വിദ്യാലയങ്ങളില്‍ ഇനി മുതല്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ സംഘടിപ്പിക്കരുതെന്ന് ഹിന്ദുതീവ്രവാദ സംഘടനയായ ഹിന്ദു ജാഗരണ്‍ മാഞ്ച്. ഉത്തര്‍പ്രദേശിലെ അലിഗഢ് ജില്ലയിലെ ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റെ കീഴിലുള്ള വിദ്യാലയങ്ങളെയാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഇത്തരം വിദ്യാലയങ്ങളിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ മറ്റു മതസ്ഥരായ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വഴിയൊരുക്കുന്നുവെന്നാണ് ജാഗരണ്‍ മഞ്ചിന്റെ ആരോപണം.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വിദ്യാലയങ്ങളില്‍ ഹിന്ദു മത വിശ്വാസികളായ വിദ്യാര്‍ത്ഥികളും ക്രിസമസ് സുഹൃത്തിനെ തെരഞ്ഞെടുത്തു സമ്മാനങ്ങള്‍ നല്‍കിവരാറുണ്ട്. ഇത്തരം പ്രവണതകള്‍ കുട്ടികളില്‍ ക്രിസ്തുമതത്തോട് ആകര്‍ഷണം ഉണ്ടാകാന്‍ ഇടയുണ്ടെന്നും പലരും ഇത് അധികൃതരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ചെയ്യുന്നതെന്നും സംഘടന ആരോപിച്ചു. ആഘോഷങ്ങളില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്താന്‍ മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ അലിഗഡ് പ്രസിഡന്റായ സോനു സവിത പറഞ്ഞു.
വിദ്യാര്‍ത്ഥികളില്‍ സ്വഭാവരൂപീകരണ കാലഘട്ടത്തില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ഇത്തരം ആഘോഷങ്ങള്‍ അവരുടെ മാനസിക നിലയില്‍ തന്നെ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധ്യത ഉണ്ടെന്നും അതിലൂടെ മതപരിവര്‍ത്തനങ്ങള്‍ നടക്കുമെന്നും ജാഗരണ്‍ മഞ്ച് ആരോപിച്ചു. ക്രിസ്തുമസ് ആഘോഷങ്ങള്‍ സംഘടിപ്പിക്കരുത് എന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ വിദ്യാലയങ്ങള്‍ക്ക് സംഘടന കത്ത് നല്‍കുമെന്ന് സോനു സവിത അറിയിച്ചു. ഇത് അവഗണിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുന്നില്‍ വന്‍ തോതില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.











Leave a Reply