ഇന്ത്യന്‍ കറന്‍സിയില്‍ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് പകരം ആര്‍എസ്എസ് സൈദ്ധാന്തികന്‍ വിനായക് സവര്‍ക്കറുടെ ചിത്രം വയ്ക്കണം എന്ന ആവശ്യവുമായി ഹിന്ദു മഹാസഭ. കൂടാതെ സവര്‍ക്കര്‍ക്ക് ഭാരത് രത്‌ന പുരസ്‌കാരം നല്‍കണമെന്ന ആവശ്യവും സംഘടന ഉന്നയിച്ചിട്ടുണ്ട്.

ഹിന്ദു മഹാസഭയുടെ ഉപാദ്ധ്യക്ഷന്‍ പണ്ഡിറ്റ് അശോക് ശര്‍മ്മ, സംസ്ഥാന വക്താവ് അഭിഷേക് അഗര്‍വാള്‍ എന്നിവരാണ് സവര്‍ക്കരുടെ ജന്മവാര്‍ഷിക ദിനത്തില്‍ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
‘ഭാരത് രത്‌ന പുരസ്‌കാരം സവര്‍ക്കര്‍ക്ക് നല്‍കുന്നത് അദ്ദേഹത്തിനുള്ള ആദരവായിരിക്കും,’ ഇവര്‍ പറഞ്ഞു. രാജ്യത്തിനായി സവര്‍ക്കര്‍ നടത്തിയ ത്യാഗങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ലെന്നും ഇവര്‍ പറഞ്ഞു.

Read More: ഗാന്ധിവധം പുനഃസൃഷ്ടിച്ച സംഭവം: ഹിന്ദു മഹാസഭ നേതാവ് പൂജ പാണ്ഡെ അറസ്റ്റില്‍

സവര്‍ക്കറുടെ ജന്മവാര്‍ഷിക ദിനമായ മെയ് 28ന് അദ്ദേഹത്തെ ആദരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നു. സവര്‍ക്കര്‍ രാജ്യത്തിന്റെ അഭിവൃദ്ധിയ്ക്കു വേണ്ടി ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പ്രചോദനത്തില്‍ നിരവധി ആളുകള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ധിയ്ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വീര്‍ സവര്‍ക്കര്‍ ശക്തമായ ഇന്ത്യയുടെ അടയാളമാണെന്നുമായിരുന്നു മോദിയുടെ ട്വീറ്റ്.

സവര്‍ക്കറുടെ ജന്മവാര്‍ഷികത്തില്‍ ഹിന്ദു മഹാസഭ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കത്തികള്‍ വിതരണം ചെയ്തിരുന്നു. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കാണ് ഹിന്ദു മഹാസഭാ നേതാക്കള്‍ കത്തികള്‍ വിതരണം ചെയ്തത്.

രാഷ്ട്രീയത്തിലെ ഹിന്ദുത്വവത്കരണവും ഹിന്ദുക്കളുടെ ശാക്തീകരണവുമായിരുന്നു സവര്‍ക്കറുടെ സ്വപ്‌നമെന്നും അതില്‍ ആദ്യത്തേത് മികച്ച വിജയത്തോടെ മോദി സാക്ഷാത്കരിച്ചെന്നും രണ്ടാമത്തെ ആഗ്രഹം നിറവേറ്റാനാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്തതെന്നുമായിരുന്നു ഇതേസംബന്ധിച്ച് സംഘടനയുടെ പ്രതികരണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘സ്വയരക്ഷയ്ക്കും രാജ്യരക്ഷയ്ക്കും ഹിന്ദുക്കളെ പ്രാപ്തരാക്കാനാണ് അവര്‍ക്ക് ആയുധങ്ങള്‍ സമ്മാനിച്ചത്. ഹിന്ദുക്കളായ യുവതലമുറയുംട ശാക്തീകരണമാണ് ഇതിന് പിന്നിലെ ലക്ഷ്യം. ഇത് അവരുടെ സ്വയരക്ഷയ്ക്ക് ഉപകരിക്കും,’ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെ പറഞ്ഞു.

പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക്കത്തിയോടൊപ്പം ഭഗവദ്ഗീതയും ഇവര്‍ വിതരണം ചെയ്തിരുന്നു. ഏത് സന്ദര്‍ഭത്തിലാണ് ആയുധം ഉപയോഗിക്കേണ്ടതെന്ന് വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ കത്തിയോടൊപ്പം ഭഗവദ്ഗീതയും നല്‍കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്കായി ആയുധ പരിശീലനം നടത്തേണ്ടത് അനിവാര്യമാണെന്നും പൂജ പാണ്ഡെ പറഞ്ഞു.

നേരത്തേ മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ ഗാന്ധി വധം പുനഃസൃഷ്ടിച്ചതിന് ഹിന്ദുമഹാസഭ നേതാവ് പൂജ ശകുന്‍ പാണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗാന്ധിയുടെ കോലമുണ്ടാക്കി പ്രതീകാത്മകമായി വെടിയുതിര്‍ത്ത് ആഘോഷിച്ച കേസിലാണ് ഒളിവില്‍ പോയ പൂജ പാണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഗാന്ധിവധം ആഘോഷിക്കാനായി ഇവര്‍ നാഥൂറാം ഗോഡ്‌സെയുടെ പ്രതിമയില്‍ മാല ചാര്‍ത്തുകയും ചെയ്തിരുന്നു. 1948ല്‍ ഗോഡ്‌സെയാണ് ഗാന്ധിയെ വെടിവച്ച് കൊന്നത്. രക്തസാക്ഷിദിനത്തില്‍ പാണ്ഡെ മധുരം വിതരണം ചെയ്യുകയും ചെയ്തു. ‘ശൗര്യ ദിവസ്’ എന്ന പേരിലാണ് രക്തസാക്ഷിദിനം ഹിന്ദു മഹാസഭ ആചരിക്കുന്നത്. നേരത്തെയും ഇവര്‍ മധുരം വിതരണം ചെയ്തും ഗോഡ്‌സെയുടെ പ്രതിമയില്‍ മാല ചാര്‍ത്തിയും വിദ്വേഷം പരത്തിയിട്ടുണ്ട്.

പാണ്ഡെ വെടിവയ്ക്കുമ്പോള്‍ ചുവന്ന നിറത്തിലുള്ള ദ്രാവകം ഗാന്ധിജിയുടെ കോലത്തില്‍ നിന്നും ഒഴുകുന്നതായി ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ഇതിന്റെ വീഡിയോ ഹിന്ദു മഹാസഭ തന്നെയാണ് പുറത്തുവിട്ടത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ വ്യക്തിയായി രാജ്യം ഗാന്ധിജിയെ കാണുമ്പോള്‍ ഇന്ത്യാ വിഭജനത്തിന്റെ കാരണക്കാരനായാണ് ഗാന്ധിജിയെ ഹിന്ദു മഹാസഭ കണക്കാക്കുന്നത്.