കല്യാണനിശ്ചയ തലേന്ന് ഒരു വീട്ടിൽ ഉണ്ടാവുന്ന ഒരുക്കങ്ങളും ആൾക്കൂട്ടങ്ങളും പല രീതിയിൽ ഉടലെടുക്കുന്ന പ്രതിസന്ധികളും എല്ലാം ചേർന്ന് വരുന്ന കാഴ്ച മനോഹരമാണ്. ചിത്രത്തിലെ കഥാപാത്ര നിർമിതിയാണ് ഏറ്റവും ശക്തം. വീട്ടിലെത്തുന്ന എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ സ്പേസ് നൽകിയിട്ടുണ്ട്. മനോജ് കെ യു (വിജയൻ) എന്ന നടന്റെ പ്രകടനം ഗംഭീരമാണ്. ക്ലൈമാക്സ് രംഗങ്ങളിൽ അടക്കം അസാധ്യ പ്രകടനം. വിജയന്റെ വീടും പരിസരവും ആണ് കാഴ്ചകളിൽ ഭൂരിഭാഗവും. ഇവിടെയാണ് ശ്രീരാജ് രവീന്ദ്രന്റെ ഛായാഗ്രഹണം മുന്നിട്ടു നിൽക്കുന്നത്. പശ്ചാത്തല സംഗീതവും ഗാനങ്ങളും ചിത്രത്തെ കൂടുതൽ രസകരമാക്കുന്നു.
സ്വഭാവിക തമാശകൾ ചിരിയുണർത്തുമ്പോൾ പ്രേക്ഷകനും ആ ആൾക്കൂട്ടത്തിനിടയിൽ ഒരാളായി മാറും. ചെറിയ സംഭാഷണങ്ങളും സന്ദർഭങ്ങളും ഭൂതകാലത്തിന്റെ കഥ കൂടി പറയുന്നുണ്ട്. വെറുതെ ചിരി നൽകി അവസാനിക്കുകയല്ല ചിത്രം. കുടുംബത്തിനുള്ളിലെ പലതരം മനുഷ്യരുടെ ഭാവങ്ങൾ, ഉള്ളിലിരിപ്പുകൾ, വീടിന്റെ അകമിടങ്ങളിൽ നിലകൊള്ളുന്ന അധികാര വ്യവസ്ഥ, അച്ഛൻ – മക്കൾ ബന്ധം എന്നിവയെ തുറന്നിടുന്നതോടൊപ്പം കുടുംബം എന്ന സ്ഥാപനത്തിനുള്ളിലെ ജനാധിപത്യവിരുദ്ധതയെ ചോദ്യം ചെയ്യുകയാണ് സംവിധായകൻ. ഇവിടെയാണ് പുരുഷാധിപത്യ വ്യവസ്ഥയിൽ ഊറ്റം കൊള്ളുന്ന കുവൈറ്റിലെ ‘രാജാവ്’ പരാജിതന്റെ വേദന അറിയുന്നത്.
ഗംഭീര പ്രകടനങ്ങൾ, ആക്ഷേപഹാസ്യ രീതിയിൽ മുന്നോട്ട് നീങ്ങുന്ന കഥ, രസകരമായ കഥാസന്ദർഭങ്ങൾ, അവതരണ രീതിയിലെ വ്യത്യസ്ത എന്നിവ ചിത്രത്തെ മികവുറ്റതാക്കുന്നു. കാഞ്ഞങ്ങാട് സ്റ്റൈലിൽ ഒരുക്കിയ ചിരിപ്പടത്തിലെ രാഷ്ട്രീയം നമ്മുടെ വീടിന്റെ ഉള്ളറകളിലേക്ക് കൂടി ഒരു ഒളിഞ്ഞുനോട്ടം നടത്തുന്നു. തീർച്ചയായും കാണുക
Leave a Reply