ഈ മാസം അവസാനത്തോടെ സംഭവിക്കുന്നത് നോ ഡീല്‍ ബ്രെക്‌സിറ്റാണെങ്കില്‍ 3.5 മില്യന്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് യൂറോപ്പ് യാത്ര വിലക്കപ്പെടും. അത്തരമൊരു സാഹചര്യം ഒഴിവാക്കുന്നതിനായി പാസ്‌പോര്‍ട്ടുകള്‍ പുതുക്കാനുള്ള അവസരം ഇന്നു കൂടി മാത്രമേ ലഭിക്കൂ എന്ന് റിപ്പോര്‍ട്ട്. ഉപാധികളില്ലാതെ മാര്‍ച്ച് 29ന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ വിട്ടു പോയാല്‍ യൂറോപ്പിലെത്തുന്ന ബ്രിട്ടീഷ് യാത്രികര്‍ക്ക് അവരുടെ പാസ്‌പോര്‍ട്ട് കുറഞ്ഞത് ആറു മാസമെങ്കിലും കാലാവധിയുള്ളതാകണം. അല്ലാത്തവരുടെ യാത്ര നിഷേധിക്കപ്പെടുകയോ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ നിന്ന് തിരികെ അയക്കപ്പെടുകയോ ചെയ്യാം. ഫ്രാന്‍സ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഗ്രീസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും ഇത് സംഭവിക്കാം.

ഷെങ്കന്‍ നിയമങ്ങള്‍ അനുസരിച്ച് യാത്ര തുടങ്ങുന്ന ദിവസം മുതല്‍ കുറഞ്ഞത് ആറു മാസമെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ട് കൈവശമുണ്ടായിരിക്കണം. ഈ പ്രശ്‌നം 2 മില്യന്‍ ബ്രിട്ടീഷുകാരെ നേരിട്ട് ബാധിക്കുമെന്ന് കണ്‍സ്യൂമര്‍ ഗ്രൂപ്പായ വിച്ച്? പറയുന്നു. എന്നാല്‍ 15 മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട് കൈവശമുള്ള 1.5 മില്യന്‍ ആളുകളെക്കൂടി ഈ പ്രശ്‌നം ബാധിച്ചേക്കാമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇതോടെയാണ് 3.5 ദശലക്ഷം ആളുകള്‍ക്ക് മാര്‍ച്ച് 29നുള്ളില്‍ പാസ്‌പോര്‍ട്ട് പുതുക്കി ലഭിക്കേണ്ടി വരുമെന്ന് കണക്കാക്കിയത്. ഇതനുസരിച്ച് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം ഇന്നാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യാത്ര മുടങ്ങുമോ എന്ന ആശങ്കയില്‍ ആപ്ലിക്കേഷനുകളുമായി ആളുകള്‍ തള്ളിക്കയറാനിടയുണ്ടെന്ന പ്രതീക്ഷയിലാണ് പാസ്‌പോര്‍ട്ട് ഓഫീസ്. അടുത്തിടെ വരെ പാസ്‌പോര്‍ട്ട് കാലാവധി അവസാനിക്കുന്നതിന് മുമ്പായി അവ പുതുക്കിയ ആളുകള്‍ക്ക് ശേഷിച്ചിരുന്ന കാലാവധിയിലെ 9 മാസം കൂടി പുതുക്കിയ പാസ്‌പോര്‍ട്ടിന്റെ കാലാവധിയില്‍ നീട്ടി നല്‍കിയിരുന്നു. എന്നാല്‍ നോ ഡീല്‍ ബ്രെക്‌സിറ്റാണ് നടപ്പാകുന്നതെങ്കില്‍ പാസ്‌പോര്‍ട്ടില്‍ ബാക്കിയുള്ള കാലാവധി ചേര്‍ക്കപ്പെടാന്‍ സാധ്യതയില്ലെന്നാണ് നിഗമനം.