ന്യൂസ് ഡെസ്ക്
ക്രിസ്തുവും മഗ്ദലനമറിയവും തമ്മിലുള്ള സൗഹൃദത്തിൻറെ കഥ പറയുന്ന ഹോളിവുഡ് സിനിമ മേരി മാഗ്ദലിൻ റിലീസിനായി ഒരുങ്ങുന്നു. ക്രിസ്തുവെന്ന് നേരിട്ട് പരാമർശിക്കാതെ ദൈവവുമായി വളരെ അടുപ്പമുള്ള പ്രവാചകനെയാണ് സിനിമ ലോകത്തിനു കാണിച്ചു തരുന്നത്. ക്രിസ്തുവും മഗ്ദലന മറിയവും തമ്മിലുള്ള സൗഹൃദത്തിന്റെ തലങ്ങൾ ചർച്ച ചെയ്യുന്ന മറ്റൊരു സിനിമയായി ഇത് മാറുമെന്ന് കരുതുന്നു. മേരി മഗ്ദലിൻറെ കാഴ്ചപ്പാടിൽ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ദൈവപുത്രനെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രവാചകനൊപ്പം സൗഹൃദം പങ്കിടുന്ന മേരി മഗ്ദലീന്റെ ജീവിതം വിശദമായി പ്രതിപാദിക്കുന്നതാണ് സിനിമ. ലോകമെമ്പാടുമുള്ള ക്രൈസ്തവരെ വൈകാരിക തലത്തിലേയ്ക്ക് നയിക്കുന്ന വസ്തുതകൾ പ്രതിപാദിക്കുന്ന സിനിമയാണ് മേരി മാഗ്ദലിൻ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ക്രിസ്തുവും മാഗ്ദലന മറിയവും തമ്മിലുള്ള പ്രണയത്തിൻറെ സൂചന നല്കിയ ഡാവിഞ്ചി കോഡ് എന്ന വിവാദ സിനിമ ലോകവ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.
ക്രിസ്തുവിന്റെ കുരിശുമരണത്തിനു ശേഷം ഏറ്റവും ലോക ശ്രദ്ധ നേടിയതും അതിലുപരി തെറ്റിദ്ധരിപ്പിക്കപ്പെട്ടതുമായ കഥാപാത്രമായാണ് മേരി മാഗ്ദലിൻ അഭ്രപാളികളിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നത്. യഥാസ്ഥിതിക കുടുംബത്തിൻറെ ബന്ധനത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ക്രിസ്തു നയിക്കുന്ന നവ സാമൂഹിക പ്രസ്ഥാനമായ കരിസ്മാറ്റിക് മൂവ്മെന്റിൽ പങ്കാളിയാവുകയാണ് മേരി മാഗ് ദലിൻ. ക്രിസ്തു മേരി മഗ്ദലിനു മാമ്മോദീസ നല്കുന്നതും അപ്പസ്തോലനായ പീറ്റർ ആ പ്രവൃത്തിയോട് പ്രതികരിക്കുന്ന രീതിയും സിനിമ ചർച്ച ചെയ്യുന്നുണ്ട്. ക്രിസ്തുവിൻറെ കാലടികളെ പിന്തുടരുന്ന മാഗ്ദലിനോട് നീ സ്നേഹിക്കുന്ന ക്രിസ്തുവിനെ നഷ്ടപ്പെടുന്ന നിമിഷങ്ങൾക്കായി കരുതിയിരിക്കാൻ ക്രിസ്തുവിന്റെ അമ്മയായ മേരി മുന്നറിയിപ്പ് നല്കുന്നുണ്ട്. ക്രിസ്തുവിൻറെ ദൗത്യവും തൻറെ ആത്മീയതയും മനസിൽ സൂക്ഷിച്ചു കൊണ്ട് ക്രിസ്തുവിൽ അഭയം തേടുന്ന മേരി മഗ്ദലീനെയും സിനിമയിൽ കാണാം.
ചിവേറ്റൽ എലിഫോർ ആണ് പീറ്ററിൻറെ വേഷം കൈകാര്യം ചെയ്യുന്നത്. ഗാരേത്ത് ഡേവിസ് ആണ് മേരി മഗ്ദലിൻ സംവിധാനം ചെയ്തിരിക്കുന്നത്. ഹെലൻ എഡ്മഡ് സണിൻറെയും ഫിലിപ്പാ ഗോസ് ലെറ്റിൻറെയും കഥയെ അടിസ്ഥാനമാക്കിയാണ് സിനിമ രൂപപ്പെട്ടിരിക്കുന്നത്. യൂദാസായി തഹർ രഹീമും ജോസഫായി റയൻ കൂറും അഭിനയിച്ചിരിക്കുന്നു. മേരി മാഗ് ദലിൻ മാർച്ച് 16ന് യുകെയിൽ റിലീസ് ചെയ്യും. അമേരിക്കയിൽ മാർച്ച് 30 ന് പ്രദർശനം തുടങ്ങും.
Leave a Reply