ഫാ. ബിജു കുന്നയ്ക്കാട്ട്

സ്കോട്ലാൻഡ്: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ മൂന്നാമത്തെ ക്നാനായ മിഷൻ ‘ഹോളി ഫാമിലി’ എഡിബോറോയിൽ പിറന്നു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ മാർ മാത്യു മൂലക്കാട്ടും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും എഡിൻബൊറോ ആർച്ച്ബിഷപ് ലിയോ കുഷ്‌ലിയും ഒരുമിച്ചു തിരിതെളിച്ചു പുതിയ മിഷന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വികാരി ജനറാൾ റെവ. ഫാ. സജിമോൻ മലയിൽപുത്തെൻപുരയിൽ, മിഷൻ ഡയറക്ടർ റെവ. ഫാ. ജിൻസ് കണ്ടനാട്ട്, മറ്റു വൈദികർ, നിരവധി വിശ്വാസികൾ തുടങ്ങിയവർ ചരിത്രനിമിഷങ്ങൾക്കു സാക്ഷികളായി.

എഡിൻബോറോയിലുള്ള ലിവിങ്സ്റ്റൺ സെൻറ് ആൻഡ്രൂസ് ദൈവാലയത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മുപ്പതിന് നടന്ന തിരുക്കർമ്മങ്ങൾക്ക് മുന്നോടിയായി വിശിഷ്ടാതിഥികളെ സ്വീകരിച്ചാനയിച്ചു. മിഷൻ ഡയറക്ടർ റെവ. ഫാ. ജിൻസ് കണ്ടനാട്ട് എല്ലാവര്ക്കും സ്വാഗതമാശംസിച്ചതിനെത്തുടർന്ന്, മിഷൻ സ്ഥാപിച്ചുകൊണ്ടുള്ള ഗ്രേറ്റ് ബ്രിട്ടൺ രൂപതാ മെത്രാന്റെ ഡിക്രി റെവ. ഫാ. സജിമോൻ മലയിൽപുത്തെൻപുരയിൽ വായിച്ചു. തുടർന്ന് മാർ ജോസഫ് സ്രാമ്പിക്കൽ നടത്തിയ ആശംസാപ്രസംഗത്തിനൊടുവിൽ ഡിക്രി റെവ. ഫാ. ജിൻസ് കണ്ടനാട്ടിനു കൈമാറി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൂന്നു മെത്രാന്മാർ ഒരുമിച്ചു തിരി തെളിച്ചു മിഷന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചശേഷം നടന്ന ആഘോഷമായ പൊന്തിഫിക്കൽ കുർബാനയിൽ മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമ്മികനായി. സ്കോട്ലൻഡ് ആർച്ച്ബിഷപ് ലിയോ കുഷ്‌ലി വചനസന്ദേശം നൽകി. നാമെല്ലാം ഒരേ ദൈവത്തിൻറെ മക്കളെന്ന നിലയിലും വി. തോമസും വി. ആൻഡ്രൂവും അടങ്ങിയ ഒരേ അപ്പസ്തോലിക കുടുംബമെന്ന നിലയിലും ഇടവകയാകുന്ന പ്രാദേശിക കുടുംബത്തിൽ ഒരുമിച്ചുവന്നു പ്രാർത്ഥിക്കുന്ന കുടുംബാങ്ങങ്ങളെന്ന നിലയിലും ‘ഹോളി ഫാമിലി’ എന്ന നാമം ഈ മിഷന് ഏറ്റവും അന്വർത്ഥമാണെന്ന് തിർവചനസന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

വി. കുർബാനയുടെ സമാപനത്തിൽ, മാർ മാത്യു മൂലക്കാട്ട് ആശംസകളർപ്പിച്ചു സംസാരിച്ചു. പുതിയ മിഷന്റെ ലോഗോ പ്രകാശനവും നടന്നു. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ മൂന്നു ക്നാനായ മിഷനുകൾ ഉൾപ്പെടെ ഇപ്പോൾ മുപ്പത്തിനാലു മിഷനുകളാണ് പ്രവർത്തിക്കുന്നത്. ഈ വർഷം തന്നെ എയിൽസ്‌ഫോർഡ്, ലെസ്റ്റർ, ഓക്സ്ഫോർഡ്, ലണ്ടൻ, ബെർമിംഗ്ഹാം(ക്നാനായ മിഷൻ) എന്നിവയ്ക്ക് പിന്നാലെ, ആറാമത്തെ മിഷനായാണ് ഇന്നലെ എഡിൻബറോ ക്നാനായ മിഷൻ പിറവിയെടുത്തത്. മിഷൻ ഉദ്ഘാടനത്തിന്റെ വിജയത്തിനായി ഡയറക്ടർ, റെവ. ഫാ. ജിൻസ് കണ്ടനാട്ടിന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരികയായിരുന്നു.