ഷെറിൻ പി യോഹന്നാൻ

വായ തുറന്നാൽ നന്മ മാത്രം സംസാരിക്കുന്ന കഥാപാത്രങ്ങളും മെലോഡ്രാമയാൽ സമ്പുഷ്ടമായ കഥാഗതിയും തിരുകി കയറ്റിയ തമാശകളും ഒക്കെയായാണ് മലയാളത്തിൽ ഭൂരിഭാഗം ഫീൽ ഗുഡ് ഡ്രാമകളും പുറത്തിറങ്ങാറ്. റോജിൻ തോമസിന്റെ രണ്ടാമത്തെ ചിത്രം ഈ പതിവ് രീതിയിൽ നിന്ന് മാറിനടക്കുന്നത് വളരെ സുന്ദരമായാണ്. വലിയ പബ്ലിസിറ്റിക്ക് മുതിരാതെ ട്രെയ്ലർ മാത്രം ഇറക്കി ഈ ഓണത്തിന് കുടുംബ പ്രേക്ഷകർക്ക് സമ്മാനം ഒരുക്കിയിരിക്കുകയാണ് ആമസോൺ… വളരെ സന്തോഷം.

ഒരു വീടിന്റെയും വീട്ടിലെ ഓരോ അംഗങ്ങളുടെയും കഥയാണ് #ഹോം. ഒളിവർ ട്വിസ്റ്റും (ഇന്ദ്രൻസ്), കുട്ടിയമ്മയും (മഞ്ജു പിള്ള), ആന്റണിയും (ശ്രീനാഥ്‌ ഭാസി), ചാൾസും (നസ്ലിൻ) അവരുടെ അപ്പച്ചനും ഒരുമിക്കുന്ന വീട്. സിനിമയിലെ ഓരോ കഥാപാത്രവും അവരുടെ സംഭാഷണങ്ങളിലൂടെയും മാനറിസത്തിലൂടെയും വളരെ വേഗം പ്രേക്ഷക മനസ്സിൽ സ്ഥാനമുറപ്പിക്കുന്നുണ്ട്. ടെക്നോളജി ഔട്ട്‌ഡേറ്റഡ് ആയ അപ്പൻ സ്മാർട്ട്‌ഫോൺ ഉപയോഗിക്കാൻ തുടങ്ങുന്നതും പിന്നീട് ഉടലെടുക്കുന്ന പ്രശ്നങ്ങളും ആന്റണിയുടെ തിരക്കഥാ രചനയും ചാൾസിന്റെ യുട്യൂബ് ചാനലും ഒക്കെയായി കഥ പല ലെയറുകളിലൂടെ സഞ്ചരിക്കുന്നുണ്ട്.

ചിത്രം കണ്ടുകഴിഞ്ഞാലും ക്ലൈമാക്സിലെ ഒളിവർ ട്വിസ്റ്റിന്റെ ചിരി ആയിരിക്കും മനസ്സിൽ. അതിഗംഭീരമാണ് ഇന്ദ്രൻസിന്റെ പ്രകടനം. ഇമോഷണൽ രംഗങ്ങളെല്ലാം ഇന്ദ്രൻസിന്റെ കയ്യിൽ ഭദ്രമാണ്. കൈനകരി തങ്കരാജും മഞ്ജു പിള്ളയും സംഭാഷണങ്ങളെക്കാൾ ഉപരിയായി പ്രവർത്തികളിലൂടെയാണ് സിനിമയിൽ അവരുടെ സ്ഥാനമുറപ്പിക്കുന്നത്. ശ്രീനാഥ് ഭാസി, ജോണി ആന്റണി, നസ്ലിൻ എന്നിവരും പ്രകടനങ്ങളിൽ മുന്നിട്ടു നിൽക്കുന്നു. ക്ലൈമാക്സിലെ അപ്പച്ചന്റെ ആ ഡയലോഗിനും പശ്ചാത്തലമായി മുഴങ്ങുന്ന സംഗീതത്തിനും ഒരു പ്രത്യേക ഭംഗിയുണ്ട്.

പ്രേക്ഷകൻ ഊഹിക്കുന്ന രംഗങ്ങൾ ആണെങ്കിൽ പോലും കൈവിട്ടുപോകാതെ അച്ചടക്കത്തോടെ സിനിമ അവസാനിപ്പിച്ചിട്ടുണ്ട്. ക്ലൈമാക്സിലെ പശ്ചാത്തലസംഗീതം വളരെ മനോഹരമാണ്. രണ്ടെമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിൽ ഇടയ്ക്ക് പോലും മടുപ്പുളവാക്കുന്ന രംഗമില്ല. കാരണം, ഓരോ വീട്ടിലും നടക്കുന്ന നിത്യസംഭവങ്ങളിലൂടെ കഥ നീങ്ങുന്നത് കൊണ്ടാവും. സിനിമയുടെ പേര് പോലെ തന്നെ ആ വീടും ഒരു കഥാപാത്രമാണ്. പച്ചക്കറി തോട്ടവും പൂന്തോട്ടവും വീടും അതിമനോഹരമായി ക്യാമറയിൽ പകർത്താൻ കഴിഞ്ഞിട്ടുണ്ട്. അത്തരം ദൃശ്യങ്ങൾക്ക് തന്നെ ഒരു പ്രത്യേക ഭംഗിയുണ്ട്.

എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥ, കഥാപാത്രങ്ങളുടെ മികച്ച പ്രകടനങ്ങൾ, മനോഹരമായ പശ്ചാത്തലസംഗീതം, ഛായാഗ്രഹണം എന്നിവയോടൊപ്പം റോജിൻ തോമസിന്റെ സംവിധാന മികവും ഒത്തുചേരുമ്പോൾ കണ്ണും മനസ്സും നിറയ്ക്കുന്ന സിനിമയായി മാറുന്നുണ്ട് ഹോം. മനസ്സിനോടിണങ്ങി നിൽക്കുന്ന ചിത്രങ്ങളുടെ വീട്ടിലേക്ക് ഒന്നുകൂടി… #ഹോം