ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തെത്തുടർന്ന് ലെസ്റ്ററിൽ അടുത്തിടെ നടന്ന കലാപങ്ങൾ യുകെയിലേക്കുള്ള അനിയന്ത്രിതമായ കുടിയേറ്റവും പുതുമുഖങ്ങളുടെ സംയോജനത്തിലെ പരാജയവും മൂലമാണെന്ന് ബ്രിട്ടനിലെ ഇന്ത്യൻ വംശജയായ ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രെവർമാൻ കുറ്റപ്പെടുത്തി. ഒക്‌ടോബർ 4-ന് വൈകുന്നേരം ബർമിംഗ്ഹാമിൽ നടന്ന കൺസർവേറ്റീവ് പാർട്ടി വാർഷിക സമ്മേളനത്തിൽ ആഭ്യന്തര മന്ത്രിയായി നിയമിതയായ ശേഷമുള്ള തന്റെ ആദ്യ പ്രസംഗത്തിലാണ് ബ്രേവർമാൻ ഈ പരാമർശം നടത്തിയത്. കഴിഞ്ഞ മാസം നിരവധി ഹിന്ദു-മുസ്ലിം ഗ്രൂപ്പുകൾ ഉൾപ്പെട്ട സംഘട്ടനങ്ങൾക്ക് ശേഷം കിഴക്കൻ ഇംഗ്ലണ്ട് നഗരം താൻ സന്ദർശിച്ചതിനെ കുറിച്ച് ബ്രെവർമാൻ തന്റെ പ്രസ്താവനയിൽ പരാമർശിച്ചു. ഇന്ത്യൻ വംശജരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനും  ഇതേ തുടർന്ന് പ്രസ്താവന ഇറക്കിയിരുന്നു. താൻ ലെയ്സെസ്റ്റർ അടുത്തിടെ സന്ദർശിച്ചതായും നിരവധി മതങ്ങളിലും സംസ്കാരങ്ങളിലുമുള്ള ആളുകൾ ഒരുമിച്ച് ചേർന്ന് താമസിക്കുന്ന ഒരു സ്ഥലമാണ് അതെന്നും, എന്നാൽ അവിടെയും വലിയൊരു വിഭാഗം പുതുമുഖങ്ങളെ സംയോജിപ്പിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നതിനാലാണ് കലാപങ്ങളും ആഭ്യന്തര പ്രശ്നങ്ങളും ഉണ്ടാകുന്നതെന്ന് ബ്രെവർമാൻ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുറഞ്ഞ വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ വെട്ടിക്കുറയ്ക്കുമെന്നുള്ള ആഭ്യന്തര സെക്രട്ടറിയുടെ പ്രസ്താവന ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരെ ബാധിക്കുമെന്നാണ് പ്രാഥമിക നിഗമനം. കുടിയേറ്റത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി,  ഇംഗ്ലീഷ് ചാനലിലൂടെ അനധികൃത കുടിയേറ്റക്കാരെ കൊണ്ടുവരുന്ന ചെറുബോട്ടുകളെ നിയന്ത്രിക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം നിയന്ത്രണങ്ങൾ ഇന്ത്യയിൽ നിന്നും ബ്രിട്ടനിലേക്ക് പോകുവാൻ ആഗ്രഹിക്കുന്നവർക്ക് തടസ്സമാകും എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.