ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ബ്രിട്ടനിലെ ആരോഗ്യമേഖലയിൽ സ്റ്റാഫുകളുടെ അഭാവം പരിഹരിക്കുന്നതിനായി മറ്റു രാജ്യങ്ങളിൽ നിന്നും ഡോക്ടർമാരെയും, നേഴ്സുമാരെയും റിക്രൂട്ട് ചെയ്യാനുള്ള എൻ എച്ച് എസിന്റെ തീരുമാനത്തെ എതിർത്ത് ബ്രിട്ടൺ ആഭ്യന്തരവകുപ്പ്. നേരത്തെ ഹെൽത്ത് സെക്രട്ടറിയും മറ്റും അംഗീകരിച്ചിരുന്ന ഈ പദ്ധതിയുമായി മുന്നോട്ടുപോകാൻ ആവുകയില്ല എന്നാണ് ആഭ്യന്തരവകുപ്പിന്റെ പുതിയ തീരുമാനം. ആഭ്യന്തരവകുപ്പിന്റെ തീരുമാനത്തോട് എൻ എച്ച് എസ് അധികൃതർ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി ഏറ്റവും നല്ല മാർഗ്ഗമാണ് ഇതെന്നും, ഇത് തടയുന്നത് ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്നുമുള്ള തെറ്റായ നീക്കമാണെന്നും എൻഎച്ച്എസ് വക്താവ് പറഞ്ഞു. ഇംഗ്ലണ്ടിൽ തന്നെ ഏകദേശം പതിനായിരത്തോളം വേക്കൻസികൾ ആണ് ഉള്ളത്.


മെഡിക്കൽ ട്രെയിനിങ് ഇനിഷ്യേറ്റീവ് (എം റ്റി ഐ ) യുടെ ഭാഗമായി ഏകദേശം ആയിരത്തോളം ഡോക്ടർമാരാണ് മറ്റ് രാജ്യങ്ങളിൽ നിന്നും എല്ലാ വർഷവും ബ്രിട്ടണിൽ എത്തുന്നത്. ഈ പദ്ധതിയിലൂടെ കൂടുതൽ ഡോക്ടർമാർ ബ്രിട്ടണിൽ എത്തുന്നത് കാണുവാനാണ് ആരോഗ്യവകുപ്പും എൻ എച്ച് എസ്സും ആഗ്രഹിക്കുന്നതെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് രേഖപ്പെടുത്തി. ഈ പദ്ധതിയിലൂടെ വികസിത-വികസ്വര രാജ്യങ്ങളിലെ അനേകം ഡോക്ടർമാർക്ക് ബ്രിട്ടണിൽ ജോലിചെയ്യാനും, പഠിക്കാനുമുള്ള അവസരങ്ങളാണ് ലഭിക്കുന്നതെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു.

റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസും ആഭ്യന്തരവകുപ്പിന്റെ ഈ തീരുമാനത്തോടുള്ള അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഗവൺമെന്റ് തന്ന ഉറപ്പുകൾ പലതും ലംഘിക്കപ്പെടുകയാണെന്ന് കോളേജ് പ്രസിഡന്റ് ആൻഡ്രൂ ഗൊഡ്ഡഡ് രേഖപ്പെടുത്തി. രോഗികൾക്ക് ലഭിക്കേണ്ട മെച്ചപ്പെട്ട ചികിത്സ ജീവനക്കാരുടെ അഭാവം മൂലം പലപ്പോഴും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ആഭ്യന്തരവകുപ്പിന്റെ തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പുകൾ പലഭാഗത്തുനിന്നും വന്നിട്ടുണ്ട്. ആവശ്യമായ തീരുമാനമെടുക്കുമെന്നാണ് ആഭ്യന്തരവകുപ്പിൻെറ ഭാഗത്തു നിന്നുള്ള പ്രതികരണം.