ഹോം ഓഫീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടുന്ന നാലംഗ സംഘം 437 അനധികൃത കുടിയേറ്റക്കാര്‍ക്ക് രാജ്യത്ത് തുടരാന്‍ ആവശ്യമായ വ്യാജ രേഖകള്‍ ചമച്ചു നല്‍കി. ഏതാണ്ട് 6 മില്യണ്‍ പൗണ്ടിന്റെ അഴിമതിയാണ് 61കാരനായ ഹോം ഓഫീസ് ഉദ്യോഗസ്ഥന്‍ ഷംസു ഇക്ബാല്‍ ഉള്‍പ്പെടുന്ന സംഘം നടത്തിയത്. വിശ്വാസ്യത നിലനിര്‍ത്തേണ്ട ജോലിയില്‍ കൃത്രിമം കാണിക്കുകയും അനധികൃത കുടിയേറ്റക്കാരെ സഹായിക്കുകയും ചെയ്തുവെന്ന കുറ്റമാണ് ഇക്ബാലിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. ആരോപണം നേരിട്ട നാല് പേരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. അടുത്തയാഴ്ച്ച ശിക്ഷ വിധിക്കും. ഇവര്‍ക്ക് 14 വര്‍ഷം വരെ തടവ് ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.

വ്യാജ രേഖകള്‍ നിര്‍മ്മിച്ച് രാജ്യത്തിനകത്ത് താമസിച്ചൂവരുന്ന 437 അനധികൃത കുടിയേറ്റക്കാര്‍ കൈപ്പറ്റിയിരിക്കുന്ന ബെനിഫിറ്റുകള്‍ മൂലം നികുതിദായകര്‍ക്ക് നഷ്ടമായിരിക്കുന്നത് 56 മില്യണ്‍ പൗണ്ടാണ്. ഹോം ഓഫീസ് സ്റ്റാറ്റിറ്റിഷ്യന്‍മാരാണ് ഈ നഷ്ടം കണക്കാക്കിയിരിക്കുന്നത്. അനധികൃതമായി എത്ര കുടിയേറ്റക്കാര്‍ക്ക് വ്യാജ രേഖ ചമച്ചു എന്നുള്ളതിനെക്കുറിച്ചുള്ള കൃത്യമായ കണക്ക് ഇനിയും പുറത്ത് വന്നിട്ടില്ല. വ്യാജരേഖ നിര്‍മ്മിച്ച് നല്‍കുന്നതിലൂടെ സംഘം ഏതാണ്ട് 6.18 മില്യണ്‍ പൗണ്ട് സമ്പാദിച്ചിട്ടുണ്ട്. അനധികൃതമായി സമ്പാദിച്ച പണം സംഘത്തിന് കൂടുതല്‍ സ്വാധീനമുള്ള രാജ്യങ്ങളായ പാകിസ്ഥാന്‍, ബംഗ്ലാദേശ്, യുഎഇ എന്നിവിടങ്ങളിലേക്ക് കടത്തിയതായിട്ടാണ് പോലീസിന്റെ നിഗമനം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഘത്തലവന്‍ ഇക്ബാലിന്റെ ബാങ്ക് അക്കൗണ്ടില്‍ അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത് ഒരു മില്യണ്‍ പൗണ്ടിലധികം ഉണ്ടായിരുന്നു. ഹോം ഓഫീസിലെ ജോലിയില്‍ നിന്ന് വര്‍ഷത്തില്‍ 23,000 പൗണ്ട് മാത്രമാണ് ഇക്ബാലിന് ലഭിച്ചിരുന്നത്. അനധികൃതമായി സമ്പാദിച്ച പണമാണ് ഇക്ബാലിന്റെ അക്കൗണ്ടിലുണ്ടായിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളും മറ്റു മൂന്ന് സഹായികളും ചേര്‍ന്ന് വ്യാജ രേഖ ചമയ്ക്കുന്നതിനായി ഒരോ കുടിയേറ്റക്കാരില്‍ നിന്നും ഏതാണ്ട് 14,000 പൗണ്ടാണ് ഈടാക്കിയിരിക്കുന്നത്. ഹോം ഓഫീസ് രേഖകള്‍ തിരുത്താന്‍ ഇക്ബാലിന് കഴിഞ്ഞിരുന്നതായി പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു. ഇക്ബാലും കൂട്ടരും ഏതാണ്ട് 437 ഓളം വ്യാജ രേഖകളാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് കണ്ടെത്താന്‍ ഹോം ഓഫീസേഴ്‌സ് ആന്റി-കറപ്ഷന്‍ യൂണിറ്റിന് കഴിഞ്ഞത് മൂന്ന് വര്‍ഷത്തെ പരിശ്രമത്തിന് ശേഷമാണ്.