ന്യൂസ് ഡെസ്ക്

ഇമിഗ്രേഷൻ വിഷയവുമായി ബന്ധപ്പെട്ട് ഹോം സെക്രട്ടറി രാജിവച്ച സാഹചര്യത്തിൽ ബ്രിട്ടീഷ് ഹോം ഓഫീസിന്റെ ക്രൂരമായ തമാശകളുടെ കൂടുതൽ കഥകൾ പുറത്തു വരുന്നു.  ഷ്രൂസ്ബറിയിൽ ജനിച്ച ഒരിക്കലും യുകെയ്ക്ക് പുറത്തേയ്ക്ക് യാത്ര ചെയ്യാത്ത ബ്രിട്ടീഷ് പൗരനായ 22 കാരനെ ഉഗാണ്ടയിലേയ്ക്ക് നാടുകടത്താനാണ് ഹോം ഓഫീസ് ഉത്തരവ് നല്കിയത്. ഹോം ഓഫീസിൽ നിന്ന് ലെറ്റർ കിട്ടിയപ്പോൾ കെഎഫ് സി ജോലിക്കാരനായ കൈൽ ഹെർബെർട്ട് ശരിക്കും ഞെട്ടി. യുകെയിൽ താമസിക്കുവാൻ നിയമപരമായ അവകാശമില്ലെന്നും ഉടൻ രാജ്യം വിട്ട് ഉഗാണ്ടയ്ക്ക് പോകണമെന്നുമായിരുന്നു നിർദ്ദേശം. ബ്രിട്ടീഷ് പൗരത്വമുള്ള കൈൽ താൻ ബ്രിട്ടീഷുകാരനാണെന്ന് തെളിയിക്കേണ്ട ഗതികേടിലായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലെറ്റർ അയച്ചതു കൂടാതെ ഇമിഗ്രേഷൻ ഓഫീസർമാർ കൈൽ ജോലി ചെയ്യുന്ന കെഎഫ്സി മാനേജരെ വിളിച്ച് കൈൽ ഇല്ലീഗൽ ഇമിഗ്രന്റ് ആണെന്നും അറിയിച്ചു. ഇതു മൂലം കെ എഫ് സിയിലെ ജോലിയിൽ നിന്നും പിരിച്ചുവിടപ്പെടുമെന്ന സ്ഥിതിയുണ്ടായി. കൈലിനെ ജോലിക്ക് വച്ചതിന് ഫൈനടിക്കുമെന്ന് ഇമിഗ്രേഷൻ ഓഫീസർ മാനേജരോട് പറഞ്ഞു. കെ എഫ്സി കൈലിനെ രണ്ടാഴ്ചത്തേക്ക് ശമ്പളമില്ലാതെ സസ്പെൻഡ് ചെയ്തു. ബ്രിട്ടൺ വിട്ട് ഉഗാണ്ടയ്ക്ക് പോയില്ലെങ്കിൽ 5,000 പൗണ്ട് ഫൈനടിച്ച് ജയിലിലടയ്ക്കുമെന്നും ബലമായി രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും പറഞ്ഞിരുന്നു. ഏതു നിമിഷവും തന്നെ അറസ്റ്റ് ചെയ്യാമെന്ന ഭയപ്പാടിലാണ് കൈൽ ദിവസങ്ങളോളം കഴിച്ചുകൂട്ടിയത്.

തങ്ങൾക്ക് പറ്റിയ അഡ്മിനിസ്രേറ്റീവ് പിഴവാണെന്ന് ഹോം ഓഫീസ് കൈലിനെ അറിയിച്ചു. എന്നാലും ഇക്കാര്യങ്ങൾ പരിഹരിക്കപ്പെട്ടതായി ഒരു ഉറപ്പും ഇതുവരെയും ഹോം ഓഫീസ് നല്കിയിട്ടില്ല. തന്നെ ഉഗാണ്ടയ്ക്ക് തന്നെ വിടണമെന്ന ഹോം ഓഫീസിന്റെ നിർദ്ദേശത്തിന്റെ പൊരുൾ എത്രയാലോചിച്ചിട്ടും കൈലിന് പിടികിട്ടുന്നില്ല. ബ്രിട്ടീഷ് പൗരന്മാരായ ഫില്ലിന്റെയും ട്രേസിയുടെയും മകനാണ് കൈൽ ഹെർബെർട്ട്. ഹോം ഓഫീസിൽ ഫോൺ ചെയ്ത കൈൽ തന്റെ ശബ്ദം കേട്ടിട്ട് ഉഗാണ്ടക്കാരനാണെന്ന് തോന്നുന്നുണ്ടോ എന്നാണ് ആദ്യം ചോദിച്ചത്. വിൻഡ് റഷ് വിഷയവുമായി ബന്ധപ്പെട്ട് ആംബർ റൂഡ് രാജിവച്ച സാഹചര്യത്തിലാണ് തന്റെ ദുരനുഭവം കൈൽ പുറത്തുവിട്ടത്.