ന്യൂസ് ഡെസ്ക് മലയാളം യുകെ

കെയർ വിസകളുടെ പേരിൽ തട്ടിപ്പുകൾ വ്യാപകമായതോടെ കടുത്ത നടപടികളുമായി യുകെ സർക്കാർ രംഗത്ത് വന്നു. കുടിയേറ്റം കുതിച്ചുയരുന്നതിനാൽ കുറെ നാളുകളായി കടുത്ത വിമർശനങ്ങളാണ് ഋഷി സുനക് സർക്കാർ ഏറ്റുവാങ്ങുന്നത്. യുകെയിലെത്തുന്ന മറ്റ് രാജ്യങ്ങളിലുള്ളവരിൽ ഭൂരിപക്ഷവും ആരോഗ്യമേഖലയിലും കെയർ മേഖലയിലും ജോലിക്കായി ആണ് എത്തിച്ചേരുന്നത്. അതുകൊണ്ടുതന്നെ കെയർ വിസയുടെ പേരിൽ സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

തങ്ങളുടെ സ്ഥാപനത്തിലേയ്ക്ക് പുതിയ ജീവനക്കാർക്ക് ഇനി പുതിയ വിസകൾ അനുവദിപ്പിക്കുന്നത് കെയർ ഹോം ഉടമകൾക്ക് അത്ര സുഗമമായിരിക്കില്ല. കർശന പരിശോധനകൾക്ക് ശേഷം പുതിയ ഒരു നിയമനം ആവശ്യമുണ്ടെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ. കെയർ ഹോമുകളുടെ പേരിൽ അനുവദിക്കുന്ന വിസകൾ ദുരുപയോഗം ചെയ്യുന്നതായുള്ള പരാതികൾ വ്യാപകമായി ഉയർന്നു വന്നിരുന്നു. പരാതികൾ ഉയർന്നുവന്ന പല കമ്പനികളുടെയും ലൈസൻസും ഇതിനോടകം റദ്ദാക്കി കഴിഞ്ഞു. ഈ ദിവസങ്ങളിൽ സംശയത്തിന്റെ മുൾമുനയിൽ നിൽക്കുന്ന പല കെയർ ഹോമുകളിലും കർശന പരിശോധനകൾ ആണ് നടന്നുവരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തൊഴിൽ തട്ടിപ്പിനായി വ്യാപകമായ രീതികൾ കെയർ ഹോമുകൾ ഉപയോഗിക്കുന്നതാണ് കടുത്ത നടപടികളിലേക്ക് കടക്കാൻ യുകെ സർക്കാരിനെ പ്രേരിപ്പിച്ചത്. ഏജൻസികൾ ലക്ഷങ്ങൾ ഈടാക്കി യുകെയിൽ എത്തിക്കുന്നവർ ജോലി ഇല്ലാതെ ദുരിതത്തിലായ വാർത്തകൾ ഒട്ടേറെയാണ് അടുത്തകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൊച്ചിയിൽ നിന്നുള്ള ഏജൻസി 400 മലയാളികളെ യുകെയിലെത്തിച്ച്‌ പണം തട്ടിയതായുള്ള പരാതി ആണ് അതിൽ പ്രധാനപ്പെട്ടത്