സ്വന്തം ലേഖകൻ

ലണ്ടൻ : പ്രവാസികളായ ആരോഗ്യ പ്രവർത്തകരും എൻഎച്ച്എസ് സർചാർജ് നൽകണമെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ. കൊറോണയുടെ പിടി അയഞ്ഞപ്പോൾ പറഞ്ഞ വാക്കിന് വില നൽകാത്ത ആഭ്യന്തര സെക്രട്ടറിയ്ക്കെതിരെ വിമർശനം ഉയർന്നുവരുന്നു. കൊറോണ വൈറസിനെ തുരത്തുന്നതിനും യൂകെയിലുള്ള മനുഷ്യജീവനുകളെ രക്ഷിക്കുന്നതിനും അക്ഷീണം പ്രയത്നിക്കുന്ന നഴ്സുമാർക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തത് മാർച്ച്‌ അവസാനത്തോടെയായിരുന്നു. വിദേശത്തുനിന്നുള്ള ആരോഗ്യപ്രവർത്തകർക്ക് ഒരു വർഷത്തെ ഫ്രീ വിസ നീട്ടി നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. വിദേശത്തുനിന്നുള്ള ആരോഗ്യപ്രവർത്തകരും എൻ എച്ച് എസിന് ധനസഹായം എന്നോണം നൽകുന്ന ഹെൽത്ത് സർചാർജിന്റെ കാര്യത്തിൽ പുനരവലോകനം നടത്തും എന്ന് ഫ്രീ വിസ പുതുക്കൽ സമയത്തു ഒരു ചോദ്യത്തിന് മറുപടിയായി പ്രീതി പട്ടേൽ പറഞ്ഞിരുന്നു. അതിനുശേഷം ആഴ്ചകൾ കടന്നുപോയിട്ടും ഈ വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ സർക്കാരിന് കഴിയാത്തത് മലയാളികളായ നഴ്സുമാർ ഉൾപ്പടെയുള്ള ആരോഗ്യപ്രവർത്തകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

ഹോം ഓഫീസിൽ നിന്നും പുറത്തുവരുന്ന വിവരം അനുസരിച്ചു ഒക്ടോബർ മുതൽ 400 പൗണ്ടിൽ നിന്ന് 624 പൗണ്ട് വരെ ഇമിഗ്രേഷൻ ഹെൽത്ത്‌ സർചാർജ് ഉയരും. ഒരു കുടുംബത്തിലെ എല്ലാവരും ഇത് അടയ്ക്കണമെന്നുള്ളപ്പോൾ നാല് അംഗങ്ങളുള്ള ഒരു കുടുംബത്തിന് വിസ ഫീസ് ഉൾപ്പെടെ ഏകദേശം 8000ത്തോളം പൗണ്ട് അഞ്ച് വർഷത്തെ വിസയ്ക്കായി അടയ്‌ക്കേണ്ടി വരും എന്നാണ് യുകെയിലെ മുൻനിര മാധ്യമായ ‘ദി ഇൻഡിപെൻഡന്റ്’ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. ഇപ്പോൾ വർക്ക് പെർമിറ്റിൽ ഉള്ളവരും പുതിയതായി യുകെയിൽ എത്തി പരീക്ഷ എഴുതുന്ന മലയാളി നഴ്സുമാർക്കും പുതിയ വിസ എടുക്കുമ്പോഴും അല്ലെങ്കിൽ പുതുക്കുമ്പോഴും ഇത് ഒരു അധിക ഭാരമാകുമെന്നതിൽ തർക്കമില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സർക്കാരിന്റെ ഈയൊരു നടപടി മനഃസാക്ഷി വിരുദ്ധമാണെന്ന് ലേബർ പാർട്ടി ആരോപിച്ചു. ആഭ്യന്തര സെക്രട്ടറിയുടെ പ്രഖ്യാപനത്തിന് ശേഷം നഴ്സിങ് റോയൽ കോളേജ് ഒരു കത്തയച്ചെങ്കിലും ഉചിതമായ മറുപടി ലഭിച്ചില്ല. ഈയൊരു ഫീസ്, ബ്രെക്സിറ്റിനു ശേഷം യുകെയിലുള്ള യൂറോപ്യൻ യൂണിയൻ പൗരന്മാർക്കും ബാധകമായിരിക്കും. നികുതിയും ദേശീയ ഇൻഷുറൻസും അടയ്ക്കുന്ന പ്രവാസികൾ സർചാർജും അടയ്‌ക്കേണ്ടിവരുന്നത് അന്യായമാണെന്ന് ആരോഗ്യ ഗ്രൂപ്പുകൾ വളരെക്കാലമായി പ്രതിഷേധിച്ചിരുന്നു. ഏപ്രിൽ 25ന് നടന്ന പത്രസമ്മേളനത്തിൽ വിദേശ എൻ എച്ച് എസ് ഉദ്യോഗസ്ഥർക്ക് ഫീസ് റദ്ദാക്കുമോ എന്ന ചോദ്യം ഉയർന്നപ്പോൾ അത് അവലോകനം ചെയ്യുമെന്നാണ് പ്രീതി പട്ടേൽ അറിയിച്ചത്. കുറഞ്ഞ ശമ്പളം ലഭിക്കുന്ന ഉദ്യോഗസ്ഥരും ഈ ചാർജ് അടയ്‌ക്കേണ്ടി വരുന്നു എന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു. എൻ എച്ച് എസിൽ ജോലി ചെയ്യുന്ന ഏഴു പേരിൽ ഒരാൾ വിദേശപൗരനാണെന്നിരിക്കെ സർക്കാരിന്റെ ഈയൊരു നടപടിയെ ആരോഗ്യപ്രവർത്തകർ വിമർശിച്ചു.

വിസ നീട്ടുന്ന നടപടി അല്ലാതെ അവലോകനങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ല. നഴ്സിംഗ് സ്റ്റാഫ് ഇതിനകം നികുതികളിലൂടെയും ദേശീയ ഇൻ‌ഷുറൻ‌സിലൂടെയും സംഭാവന ചെയ്യുന്നു. രണ്ടുതവണ പണം നൽകാൻ അവരോട് ആവശ്യപ്പെടുന്നത് തെറ്റാണ്. ” ആർസിഎൻ വക്താവ് അഭിപ്രായപ്പെട്ടു. സ്വന്തം ജീവന് വില നൽകാതെ മുൻനിരയിൽ നിന്ന് പോരാടുന്ന ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള സർക്കാരിന്റെ ഈ നടപടി തെറ്റാണെന്ന് ലേബർ പാർട്ടി അറിയിച്ചു. വിദേശ ജോലിക്കാരില്ലാതെ എൻ‌എച്ച്‌എസ് നിലംപൊത്തുമെന്നിരിക്കെ നിലവിലെ അസ്ഥയിൽ ഈ സർക്കാർ അവരുടെ മേൽ അധിക ചാർജ് ഈടാക്കുന്നത് നിരുപാധികമാണെന്ന് ലേബർ പാർട്ടി ഷാഡോ ഹെൽത്ത്‌ മിനിസ്റ്റർ ജസ്റ്റിൻ മാദേർസ് പറഞ്ഞു.